കേരളത്തില്‍ മത്തി കിട്ടാതെയാകും: സമുദ്രമത്സ്യ ഗവേഷണ സ്ഥാപന റിപ്പോര്‍ട്ട്

സമുദ്രജലത്തിന് ചൂടേറുന്ന  എല്‍നിനോ  പ്രതിഭാസം വീണ്ടും സജീവമാകുന്നതോടെ  മത്തി കുറയുമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) റിപ്പോര്‍ട്ടില്‍ പറയുന്നു
കേരളത്തില്‍ മത്തി കിട്ടാതെയാകും: സമുദ്രമത്സ്യ ഗവേഷണ സ്ഥാപന റിപ്പോര്‍ട്ട്

കൊച്ചി: വരുംവര്‍ഷങ്ങളില്‍ കേരളതീരത്ത് മത്തിയുടെ ലഭ്യത കുറയാന്‍ സാധ്യത. സമുദ്രജലത്തിന് ചൂടേറുന്ന  എല്‍നിനോ  പ്രതിഭാസം വീണ്ടും സജീവമാകുന്നതോടെ  മത്തി കുറയുമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) റിപ്പോര്‍ട്ടില്‍ പറയുന്നു . മുന്‍വര്‍ഷങ്ങളില്‍ വന്‍തോതില്‍ ലഭ്യത കുറഞ്ഞെങ്കിലും 2017ല്‍ നേരിയ വര്‍ധയുണ്ടായിരുന്നു. മത്തിസമ്പത്ത് പൂര്‍വസ്ഥിതിയിലെത്തുംമുമ്പേ അടുത്ത എല്‍നിനോ ശക്തി പ്രാപിച്ചുവരുന്നതാണ് വീണ്ടും കുറയാനിടയാക്കുന്നത്.

മത്തി ലഭ്യതയിലെ കഴിഞ്ഞ 60 വര്‍ഷത്തെ ഏറ്റക്കുറച്ചിലുകള്‍ പഠനവിധേയമാക്കിയപ്പോള്‍ എല്‍നിനോയാണ് ലഭ്യതയെ സ്വാധീനിക്കുന്നതെന്ന് സിഎംഎഫ്ആര്‍ഐയിലെ ഉപരിതല മത്സ്യഗവേഷണ വിഭാഗം കണ്ടെത്തിയിരുന്നു. 2012ല്‍ കേരളത്തില്‍ റെക്കോഡ് അളവില്‍ മത്തി ലഭിച്ചിരുന്നു. എല്‍നിനോയുടെ വരവോടെ അടുത്ത ഓരോവര്‍ഷവും ഗണ്യമായി കുറവുണ്ടായി. 2015ല്‍ എല്‍നിനോ തീവ്രതയിലെത്തിയതോടെ 2016ല്‍ വന്‍തോതില്‍ കുറഞ്ഞു.

കടലിന്റെ ആവാസവ്യവസ്ഥയിലെ ചെറിയ മാറ്റങ്ങള്‍വരെ തീവ്രമായി ബാധിക്കുന്ന മത്സ്യമാണ്  മത്തി. ഇന്ത്യയില്‍, എല്‍നിനോയുടെ പ്രതിഫലനം കൂടുതല്‍ അനുഭവപ്പെടുന്നത് കേരളതീരത്താണ്. എല്‍നിനോകാലത്ത് കേരളതീരങ്ങളില്‍നിന്ന് മത്തി ചെറിയതോതില്‍ മറ്റ് തീരങ്ങളിലേക്ക് പലായനം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് സിഎംഎഫ്ആര്‍ഐയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ഇ എം അബ്ദുസമദ് പറഞ്ഞു.

എല്‍നിനോയുടെ ശക്തി കുറഞ്ഞതോടെ 2017ല്‍ നേരിയ വര്‍ധനയുണ്ടായി. വരുംനാളുകളില്‍ എല്‍നിനോ കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് അമേരിക്കയിലെ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.2018ല്‍ എല്‍നിനോ തുടങ്ങിയെന്നും 2019ല്‍ താപനിലയില്‍ കൂടുതല്‍ വര്‍ധനയുണ്ടാകുമെന്നും ലോക കാലാവസ്ഥാ സംഘടനയും ദേശീയ കാലാവസ്ഥാവകുപ്പും അറിയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com