മുഖ്യമന്ത്രി പിണറായിയെ കുംഭമേളയ്ക്ക് നേരില്‍ ക്ഷണിച്ച് ഉത്തര്‍പ്രദേശ് മന്ത്രി

തിരുവനന്തപുരത്ത് എത്തിയാണ് ഉത്തര്‍പ്രദേശ് കായിക- യുവജനക്ഷേമമന്ത്രി ഡോ. നീല്‍കണ്ഠ് തിവാരി പിണറായി വിജയനെ കുംഭമേളയിലേക്ക് നേരില്‍ ക്ഷണിച്ചത്‌ 
മുഖ്യമന്ത്രി പിണറായിയെ കുംഭമേളയ്ക്ക് നേരില്‍ ക്ഷണിച്ച് ഉത്തര്‍പ്രദേശ് മന്ത്രി

തിരുവനന്തപുരം: ജനുവരി 15ന് ആരംഭിക്കുന്ന കുംഭമേളയിലെക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ച് ഉത്തര്‍പ്രദേശ് കായിക യുവജനക്ഷേമ മന്ത്രി ഡോ. നീല്‍കണ്ഠ് തിവാരി. തിരുവനന്തപുരത്ത് എത്തിയാണ് മുഖ്യമന്ത്രിയെ തിവാരി നേരിട്ട് ക്ഷണിച്ചത്. ഗവര്‍ണര്‍ പി സദാശിവത്തെയും കുംഭമേളയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കുംഭമേളക്കായി ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് നഗരിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

കുംഭമേളയില്‍ കേരളവുമായി സാംസ്‌കാരിക വിനിമയ പരിപാടികള്‍ക്ക് സൗകര്യം ഒരുക്കിയിട്ടുള്ളതായും ഇതിനായി കേരള ടൂറിസം വകുപ്പിന്റെ പങ്കാളിത്തം സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും തീര്‍ത്ഥാടകരും വിശ്വാസികളും വിനോദസഞ്ചാരികളും എത്തുന്ന കുംഭമേളക്ക് ജനുവരി 15ന് പ്രയാഗ്‌രാജിലെ ത്രിവേണി സ്‌നാനഘട്ടങ്ങളിലാണ് തുടക്കമാകുന്നത്. ജനുവരി 16ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുംഭമേളക്ക് ഔപചാരികമായി തുടക്കം കുറിക്കും. 192 രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരും സന്ദര്‍ശകരും ഇക്കുറി കുംഭമേളയില്‍ പങ്കെടുക്കും.

കുംഭമേളക്കായി പ്രയാഗ് രാജില്‍ 250 കിലോ മീറ്റര്‍ റോഡുകളും 22 പാലങ്ങളും നിര്‍മിച്ച് വലിയൊരു നഗരം തന്നെ സജ്ജമാക്കിക്കഴിഞ്ഞതായും വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തീര്‍ഥാടകരെ ഇവിടേക്ക് എത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായും തിവാരി പറഞ്ഞു. തീര്‍ഥാടനത്തിനൊപ്പം സന്ദര്‍ശകര്‍ക്കായി സാംസ്‌കാരിക വിനോദ പരിപാടികളും ഭക്ഷ്യോല്‍സവങ്ങളും ടൂറിസം വാക്കും ഒരുക്കുന്നുണ്ട്. സന്ദര്‍ശകര്‍ക്ക് താമസത്തിനും ഭക്ഷണത്തിനും വിവിധ നിലവാരങ്ങളിലുള്ള വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 1,22,000 ശൗചാലയങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുംഭമേളയുടെ അടുക്കും ചിട്ടയോടുമുള്ള നടത്തിപ്പിനായി 116 കോടി ചെലവില്‍ അഞ്ച് മാസം കൊണ്ട് നിര്‍മിച്ച കണ്‍ട്രോള്‍ ആന്റ് കമാന്‍ഡ് സെന്റര്‍ സജ്ജമായിക്കഴിഞ്ഞു. 1400 സി.സി.ടി.വി.കളുടെ നീരീക്ഷണത്തിലായിരിക്കും കുംഭനഗരി മുഴുവനും.  

ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന പ്രവാസ് ദിവസില്‍ നോര്‍വെ പാര്‍ലമെന്റ് അംഗം ഹിമാന്‍ഷു ഗുലാത്തി, ന്യൂസീലാന്‍ഡ് പാര്‍ലമെന്റ് അംഗം കന്‍വാല്‍ജിത് സിംഗ് ബക്ഷി, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ത് ജുഗ്‌നൗത്ത എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളാകും. കേന്ദ്ര വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ്, സഹമന്ത്രി വി.കെ. സിംഗ്, യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com