വിലക്ക് ലംഘിച്ച് വനിത മതിലില്‍ പങ്കെടുത്തതിന് വിശദീകരണം തേടി; സ്ത്രീകള്‍ എന്‍എസ്എസില്‍ നിന്ന് രാജിവെച്ചു

വനിതാ യൂണിയന്‍ പ്രസിഡന്റായി ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ച ടി എന്‍ ലളിത, മെമ്പര്‍ പ്രസീത സുകുമാരന്‍ എന്നിവരാണ് രാജിവെച്ചത്
വിലക്ക് ലംഘിച്ച് വനിത മതിലില്‍ പങ്കെടുത്തതിന് വിശദീകരണം തേടി; സ്ത്രീകള്‍ എന്‍എസ്എസില്‍ നിന്ന് രാജിവെച്ചു

തൃശൂര്‍: വനിത മതിലില്‍ പങ്കെടുത്തതിന് വിശദീകരണം ചോദിച്ചതിനെത്തുടര്‍ന്ന് സ്ത്രീകള്‍ എന്‍എസ്എസില്‍ നിന്ന് രാജിവെച്ചു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ വിലക്ക് ലംഘിച്ചതാണ് തലപ്പിള്ളി താലൂക്ക് എന്‍എസ്എസ് യൂണിയനില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. വടക്കാഞ്ചേരി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷയും കൗണ്‍സിലറും ഉള്‍പ്പടെയുള്ളവരാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ വനിത മതിലില്‍ പങ്കെടുത്തത്. ഇതിനെതിരേ യൂണിയന്‍ ഭാരവാഹികള്‍ രംഗത്തെത്തിയതോടെയാണ് സ്ത്രീകള്‍ എന്‍എസ്എസിലെ പദവികള്‍ രാജിവെച്ചത്.  

വനിതാ യൂണിയന്‍ പ്രസിഡന്റായി ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ച ടി എന്‍ ലളിത, മെമ്പര്‍ പ്രസീത സുകുമാരന്‍ എന്നിവരാണ് രാജിവെച്ചത്. വനിത മതിലില്‍ പങ്കെടുക്കുമെന്ന് ഇവര്‍ നേരത്തെ തന്നെ താലൂക്ക് യൂണിയന്‍ ഭാരവാഹികളെ അറിയിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഇവരോട് പങ്കെടുക്കരുതെന്ന് നേതൃത്വം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇവര്‍ ഇരുവരും വനിതാ മതിലില്‍ പങ്കാളികളാകുകയായിരുന്നു. കൂടാതെ ഇവരുടെ നിര്‍ദ്ദേശമനുസരിച്ച് സമുദായംഗങ്ങളായ മറ്റ് ചിലരും വനിതാ മതിലില്‍ പങ്കെടുത്തിരുന്നു. മതിലില്‍ അണി ചേരുക മാത്രമായിരുന്നില്ല, അത്താണിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് ലളിത സംസാരിക്കുകയും എന്‍എസ്എസ് നിലപാടിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. 

വിലക്ക് ലംഘിച്ച് ഇവര്‍ വനിതാ മതിലില്‍ പങ്കെടുത്തത് സംസ്ഥാന നേതൃത്വത്തിനും ക്ഷീണമായി. ഇതോടെ ഇവരോട് വിശദീകരണം തേടാന്‍ യൂണിയന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വിശദീകരണത്തിനൊപ്പം ഇരുവരും സംഘടനയില്‍ നിന്ന് രാജി വെക്കുക കൂടിയായിരുന്നത്രേ. എന്‍ എസ് എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ പി ഋഷികേശ് രാജി ഇവരുടെ രാജി സ്ഥിരീകരിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നായിരുന്നു ഋഷികേശിന്റെ മറുപടി. എന്‍ എസ് എസില്‍ നിന്ന്  രാജിവെച്ചെന്നും ഇതേ കുറിച്ച് പിന്നീട് പ്രതികരിക്കുമെന്നും ലളിത പറഞ്ഞു. നേതാക്കളുടെ രാജിയോടെ മതിലില്‍ അണിനിരന്ന മറ്റനേകം എന്‍എസ്എസ് പ്രവര്‍ത്തകരും രാജിക്കൊരുങ്ങുകയാണെന്നും സൂചനയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com