സാമ്പത്തിക സംവരണത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി നീതിനിഷേധം; തീരുമാനം പിന്‍വലിക്കണമെന്ന് വെള്ളാപ്പള്ളി

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം നീതി നിഷേധമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
സാമ്പത്തിക സംവരണത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി നീതിനിഷേധം; തീരുമാനം പിന്‍വലിക്കണമെന്ന് വെള്ളാപ്പള്ളി

 ആലപ്പുഴ:  സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം നീതി നിഷേധമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിന്നാക്കക്കാര്‍ക്കാണ് ഭരണഘടന സംവരണം ഉറപ്പ് നല്‍കുന്നത്. അത്തരമൊരു ഉദ്ദേശത്തിന് വേണ്ടി മാത്രമാണ് സംവരണം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

മുന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണം. അല്ലെങ്കില്‍ പിന്നാക്ക വിഭാഗങ്ങളോട് ചെയ്യുന്ന വഞ്ചനയും അവഗണനയുമായി അത് മാറും. സംവരണത്തിന്റെ കാര്യത്തില്‍ സുപ്രിംകോടതി പലവട്ടം ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. 

മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ സാമ്പത്തികമായി സഹായിക്കുന്നതിന് എസ്എന്‍ഡിപി യോഗം ഒരിക്കലും എതിരല്ല. അതിനാവശ്യമായ സാമൂഹ്യക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുകയാണ് വേണ്ടത്. അല്ലാതെ ഭരണഘടനാ ഭേദഗതിയിലൂടെ സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള നീക്കം ഭൂരിപക്ഷം വരുന്ന പിന്നാക്ക വിഭാഗങ്ങളോടുള്ള വഞ്ചനയാണെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.   ഇന്നും കേന്ദ്ര- സംസ്ഥാന സര്‍വ്വീസുകളില്‍ സാമുദായിക സംവരണം ഉണ്ടായിട്ടു പോലും പിന്നാക്ക വര്‍ഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. അതിനിടയിലുണ്ടാകുന്ന ഇത്തരം നീക്കങ്ങള്‍ അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊതു വിഭാഗത്തില്‍പ്പെട്ട സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിന് ഇന്ന് ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. വാര്‍ഷിക വരുമാനം എട്ടു ലക്ഷത്തില്‍ താഴെയുള്ള, അഞ്ച് ഏക്കറില്‍ കുറവു ഭൂമിയുള്ള പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് സംവരണം ലഭിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com