ഹര്‍ത്താലുകള്‍ക്കെതിരെ ഹൈക്കോടതി, ജനവികാരം സര്‍ക്കാര്‍ കാണുന്നില്ലേ? നടപടി അറിയിക്കാന്‍ നിര്‍ദേശം

വ്യാപാരികള്‍ ഉന്നയിക്കുന്ന വിഷയത്തില്‍ സര്‍ക്കാരിന് എന്ത് നിലപാടാണ് ഉള്ളത്. അവര്‍ക്ക് സംരക്ഷണം കൊടുക്കാന്‍ കഴിയുമോയെന്ന് കോടതി
ഹര്‍ത്താലുകള്‍ക്കെതിരെ ഹൈക്കോടതി, ജനവികാരം സര്‍ക്കാര്‍ കാണുന്നില്ലേ? നടപടി അറിയിക്കാന്‍ നിര്‍ദേശം


കൊച്ചി : ഹര്‍ത്താലുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഹര്‍ത്താലിലെ അക്രമങ്ങള്‍ ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി. ഇത് അതീവഗുരുതര പ്രശ്‌നമാണ്. ഹര്‍ത്താലിനെതിരായ ജനവികാരം കാണുന്നില്ലേയെന്നും കോടതി ചോദിച്ചു. നാളത്തെ പണിമുടക്ക് നേരിടാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് ഉച്ചയ്ക്ക് മുമ്പ് അറിയിക്കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

ഹര്‍ത്താലുകള്‍ ഇപ്പോള്‍ കേരളത്തില്‍ നടത്തുന്നത് തമാശ പോലെയാണ്. ഹര്‍ത്താലിനെതിരെ നിയമനിര്‍മ്മാണം നടത്തണമെന്ന് കോടതികള്‍ മുമ്പേ ഉത്തരവിട്ടതാണ്. ഇതില്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചത്. ഒരു വര്‍ഷത്തിനിടെ പലയിടങ്ങളിലായി 97 ഹര്‍ത്താലുകള്‍ കേരളത്തില്‍ നടന്നു എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. 

ഹര്‍ത്താലുകള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ രൂക്ഷ വിമര്‍ശനം. ചേംബര്‍ ഓഫ് കൊമേഴ്‌സിന് വേണ്ടി ബിജു രമേശും, മലയാള വേദിയുടെ ജോര്‍ജ് വട്ടുകുളവുമാണ് ഹര്‍ത്താലിനെതിരെ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. 

മുമ്പ് പല തവണ സുപ്രിംകോടതിയും ഹൈക്കോടതിയും ഇത്തരത്തിലുള്ള ജനവിരുദ്ധ നടപടികള്‍ക്കെതിരെ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പക്ഷെ അവയിലൊന്നും തന്നെ കാര്യമായ പരിഹാരം ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്ത് നടപടി എടുത്തു എന്നും കോടതി ആരാഞ്ഞു. 

വ്യാപാരികള്‍ ഉന്നയിക്കുന്ന വിഷയത്തില്‍ സര്‍ക്കാരിന് എന്ത് നിലപാടാണ് ഉള്ളത്. അവര്‍ക്ക് സംരക്ഷണം കൊടുക്കാന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു. സംസ്ഥാന സര്‍ക്കാരിന് വലിയ സാമ്പത്തിക പ്രയാസമുണ്ടാക്കുന്ന അതീവ ഗുരുതര വിഷയമാണ് ഹര്‍ത്താലുകളെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. വ്യാപാരികള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 

തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച നാളത്തെ ദേശീയ പണിമുടക്ക് നേരിടാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ഉച്ചയ്ക്ക് മുമ്പ് റിപ്പോര്‍ട്ട് നല്‍കാനും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കേസ് ഉച്ചയ്ക്ക് 1.45 ന് കോടതി വീണ്ടും പരിഗണിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com