അവര്‍ വിശ്വാസികളാണോ ?; ദര്‍ശനം നടത്തിയ യുവതികള്‍ക്ക് അജണ്ടയുണ്ടോയെന്ന് ഹൈക്കോടതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th January 2019 12:21 PM |
Last Updated: 08th January 2019 12:43 PM | A+A A- |

കൊച്ചി : ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദു, കനകദുര്‍ഗ എന്നീ യുവതികള്‍ വിശ്വാസികളാണോ എന്ന് ഹൈക്കോടതി ചോദിച്ചു. ഇവര്‍ക്ക് മറ്റെന്തെങ്കിലും അജണ്ടയുണ്ടോ. ശബരിമലയിലെത്തി എന്തെങ്കിലും സ്ഥാപിച്ചെടുക്കാനാണോ ഇവര്‍ ഇത്തരം പ്രകടനങ്ങള്‍ നടത്തിയതെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സര്‍ക്കാരിന് അജണ്ടയുണ്ടെന്ന് പറയുന്നില്ല, പക്ഷെ അജണ്ടയുള്ളവരെ സര്‍ക്കാരിന് തിരിച്ചറിയാനാകണം. സര്‍ക്കാരിനോ, പൊലീസിനോ, സംഘടനകള്‍ക്കോ പ്രകടനം നടത്താനുള്ള സ്ഥലമല്ല ശബരിമല. അത് വിശ്വാസികള്‍ക്കുള്ള ഇടമാണെന്നും ദേവസ്വം ബെഞ്ച് അഭിപ്രായപ്പെട്ടു. ശബരിമലയിലെ സംഭവവികാസങ്ങളില്‍ വിശദമായ സത്യവാങ്മൂലം നല്‍കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സുപ്രിംകോടതി വിധിയാണ് നടപ്പാക്കിയതെന്ന് സംസ്ഥാനസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിരീക്ഷണസമിതിയുടെ റിപ്പോര്‍ട്ടിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും സര്‍ക്കാര്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. അതോടൊപ്പം തമിഴ്‌നാട്ടില്‍ നിന്നുള്ള മനീതി സംഘത്തെ നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് സ്വകാര്യവാഹനത്തില്‍ കടത്തിവിട്ട പൊലീസ് നടപടിയിലും കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കോടതി തള്ളുകയും ചെയ്തു. പുതിയ വിശദീകരണം നല്‍കാനും നിര്‍ദേശം നല്‍കി. സ്വകാര്യ വാഹനങ്ങളെ നിലയിക്കലില്‍ നിന്നും കടത്തിവിടരുതെന്ന ഉത്തരവ് ഇല്ലെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഇത്തരത്തില്‍ ഒരു ഉത്തരവ് ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
മനീതി സംഘത്തെ നിലയ്ക്കലില്‍ ഇറക്കിവിട്ടാല്‍ സംഘര്‍ഷത്തിനും, അവരുടെ ജീവന് ഭീഷണിയുണ്ടായേക്കാമെന്നും ഇന്റലിജന്‍ലസ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലയ്ക്കല്‍ സുരക്ഷ ചുമതലയുണ്ടായിരുന്ന എസ്പി ഇവരുടെ സ്വകാര്യ വാഹനം കടത്തിവിട്ടത്. ഇക്കാര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരും സര്‍ക്കാരുമായി എസ്പി കൂടിയാലോചന നടത്തിയിരുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നിലയ്ക്കലില്‍ ക്രമസമാധാനപ്രശ്‌നമുണ്ടാകുമെങ്കില്‍ ആ പ്രശ്‌നം പമ്പയിലും ഉണ്ടാകില്ലേയെന്ന് കോടതി ചോദിച്ചു. നിലയ്ക്കല്‍ പ്രശ്‌നമുണ്ടായാല്‍ അത് പരിഹരിക്കേണ്ടത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ചുമതലയല്ലേയെന്നും കോടതി ചോദിച്ചു.
നിലയ്ക്കല്‍ നിന്നും സ്വകാര്യ വാഹനം കടത്തിവിടരുതെന്ന വിധി ലംഘിച്ച സര്‍ക്കാര്‍ നടപടി കോടതിയലക്ഷ്യത്തില്‍ വരുന്നതാണെന്നും ദേവസ്വം ബെഞ്ച് വിമര്‍ശിച്ചു. ഇക്കാര്യങ്ങളില്‍ വിശദമായ സത്യവാങ്മൂലം നല്‍കണം. പറയാനുള്ളതെല്ലാം പേപ്പറില്‍ ഉണ്ടാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കേസ് അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും.