പിണറായി എന്ന് സുധാകരന്‍; പ്രധാനമന്ത്രിയെന്ന് പ്രേമചന്ദ്രന്‍; കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചെയ്യുന്നത് ആര്? 

ഈ മാസം 15ന് കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി
പിണറായി എന്ന് സുധാകരന്‍; പ്രധാനമന്ത്രിയെന്ന് പ്രേമചന്ദ്രന്‍; കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചെയ്യുന്നത് ആര്? 

കൊല്ലം:  ഈ മാസം 15ന് കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. ജനുവരി 15 വൈകീട്ട് 5.30ന് ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി എന്‍.കെ.പ്രേമചന്ദ്രന്‍ വ്യക്തമാക്കി. അതേസമയം ഉദ്ഘാടനത്തിന് പ്രധാനമന്ത്രി വരുന്ന കാര്യത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാരിന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ മോദിയെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നുമാണ് വിവരം. 

നാലര പതിറ്റാണ്ടത്തെ കാത്തിരിപ്പിനൊടുവിലാണ് കൊല്ലം ബൈപ്പാസ് യാഥാര്‍ഥ്യമാകുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നിസാര കാരണങ്ങള്‍ പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ റോഡിന്റെ ഉദ്ഘാടനം വൈകിപ്പിക്കുകയാണെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം. 

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ തുല്യ പങ്കാളിത്തതോടെ പണിത ബൈപ്പാസ് സംസ്ഥാന സര്‍ക്കാരിന്റെ മാത്രം നേട്ടമായി വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ബിജെപിയുടെ കുറ്റപ്പെടുത്തല്‍. തര്‍ക്കം മുറുകുന്നതിനിടെ ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ബൈപാസ് ഉദ്ഘാടനം ചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും അറിയിച്ചു. പ്രധാനമന്ത്രി വരുന്നതിനെ സംബന്ധിച്ച് അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

അടുത്ത മാസമേ ബൈപ്പാസിന്റെ ഉദ്ഘാടനം നടക്കൂ എന്നാണ് തിങ്കളാഴ്ച്ച മാധ്യമങ്ങളെ മന്ത്രി മേഴ്‌സി കുട്ടിയമ്മ അറിയിച്ചത്. ബൈപ്പാസില്‍ പോസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്ന ജോലി പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com