ഫേയ്‌സ്ബുക്കില്‍ ഭാര്യയെ അവഹേളിച്ചു, യുവാവിനെ മലയാളി ഐഎഎസ് ഓഫിസര്‍ പൊലീസ് സ്റ്റേഷനിലിട്ട് മര്‍ദിച്ചു; വീഡിയോ

അലിപൂര്‍ദാസ് ജില്ലാ മജിസ്‌ട്രേറ്റായ നിഖില്‍ നിര്‍മലാണ് യുവാവിനെ മര്‍ദിച്ചത്
ഫേയ്‌സ്ബുക്കില്‍ ഭാര്യയെ അവഹേളിച്ചു, യുവാവിനെ മലയാളി ഐഎഎസ് ഓഫിസര്‍ പൊലീസ് സ്റ്റേഷനിലിട്ട് മര്‍ദിച്ചു; വീഡിയോ

കൊല്‍ക്കത്ത; സോഷ്യല്‍ മീഡിയയിലൂടെ ഭാര്യയെ അവഹേളിച്ച യുവാവിനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി മര്‍ദിച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ വിവാദത്തില്‍. അലിപൂര്‍ദാസ് ജില്ലാ മജിസ്‌ട്രേറ്റായ നിഖില്‍ നിര്‍മലാണ് യുവാവിനെ മര്‍ദിച്ചത്. മര്‍ദനത്തിന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് വിവാദമായത്. 

ബിനോദ് കുമാര്‍ എന്ന യുവാവാണ് മര്‍ദനത്തിന് ഇരയായത്. ഇയാളെ പൊലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും ടിവി ചാനലുകളിലും വ്യാപകമായി പ്രചരിക്കുകയായിരുന്നു. ഇതോടെ നിഖില്‍ അധികാരം ദുര്‍വിനിയോഗം ചെയ്തു എന്ന തരത്തില്‍ ആരോപണം ഉയരുകയായിരുന്നു. 

ഫലാകട പൊലീസ് സ്റ്റേഷനില്‍ എത്തിച്ച യുവാവിനെ നിഖില്‍ ചീത്തപറയുന്നതും മര്‍ദിക്കുന്നതുമാണ് വീഡിയോയിലുള്ളത്. എസ്‌ഐ സൗമ്യജിത്ത് റായിയും നിഖിലിന്റെ ഭാര്യ നന്ദിനി കൃഷ്ണനും ഈ സമയത്ത് ഒപ്പമുണ്ടായിരുന്നു. യുവാവ് കാല്‍ പിടിച്ച് മാപ്പ് പറയുന്നതും വീഡിയോയില്‍ കാണാം. 

എന്നാല്‍ ബിനോദ് കുമാറിന് എതിരേ നിഖിലോ ഭാര്യയോ പരാതി നല്‍കിയിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിഖിലിന്റെ നടപടിയെ പിന്തുണച്ച് ഭാര്യ രംഗത്തെത്തി. യുവാവിനെ തല്ലി എന്നത് സത്യമാണെന്നും മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ കൊല്ലുമായിരുന്നു എന്നുമാണ് നന്ദിനി പ്രതികരിച്ചത്. സോഷ്യല്‍ മീഡിയയിലും നിഖിലിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് മലയാളികളില്‍ നിന്ന്. തങ്ങളായാലും ഇത് തന്നെയായിരിക്കും ചെയ്യുക എന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. നിഖിലിന്റെ ഫേയ്‌സ്ബുക്ക് പേജിന് താഴെയും നിരവധിപേരാണ് പിന്തുണയുമായി എത്തുന്നത്. 

2011  ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. കര്‍ശന ഭരണനടപടികളുടെ പേരില്‍ ദേശിയ ശ്രദ്ധ നേടിയിട്ടുണ്ട് നിഖില്‍. സംഭവത്തില്‍ ബംഗാള്‍ സര്‍ക്കാര്‍ അന്വേഷണം തുടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com