ഹര്‍ത്താല്‍ അക്രമം : ശബരിമല കര്‍മ സമിതിക്കും ബിജെപിക്കും ഹൈക്കോടതി നോട്ടീസ്

ഹര്‍ത്താലിലുണ്ടായ നഷ്ടം ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരില്‍ നിന്ന് ഈടാക്കി ഇരകള്‍ക്ക് നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം
ഹര്‍ത്താല്‍ അക്രമം : ശബരിമല കര്‍മ സമിതിക്കും ബിജെപിക്കും ഹൈക്കോടതി നോട്ടീസ്

കൊച്ചി :ശബരിമലയിലെ യുവതീപ്രവേശത്തെ തുടര്‍ന്നുള്ള ഹര്‍ത്താലിലെ അക്രമങ്ങളില്‍, ഹര്‍ത്താലിന് ആഹ്വാനം നല്‍കിയ ശബരിമല കര്‍മ സമിതിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹര്‍ത്താലിനെ പിന്തുണച്ച ബിജെപി, ഹിന്ദു ഐക്യവേദി തുടങ്ങിയവയ്ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സ്ത്രീകള്‍ ദര്‍ശനം നടത്തിയതിനെ ചോദ്യം ചെയ്ത് സംഘടിപ്പിച്ച ഹര്‍ത്താലിലുണ്ടായ നഷ്ടം ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരില്‍ നിന്ന് ഈടാക്കി ഇരകള്‍ക്ക് നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. 

തൃശൂര്‍ സ്വദേശി ടി എന്‍ മുകുന്ദനാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. കേസില്‍ ബിജെപി, ഹിന്ദു ഐക്യവേദി, ശബരിമല കര്‍മസമിതി, ആര്‍എസ്എസ് നേതാക്കളായ കെ പി ശശികല, എസ് ജെ ആര്‍ കുമാര്‍, ഡോ. കെ എസ് രാധാകൃഷ്ണന്‍, ടി പി സെന്‍കുമാര്‍, ഗോവിന്ദ് ഭരതന്‍,  പി എസ് ശ്രീധരന്‍ പിള്ള, കെ സുരേന്ദ്രന്‍, എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍, പി കെ കൃഷ്ണദാസ്, ഒ രാജഗോപാല്‍, ആര്‍ എസ് എസ് പ്രാന്ത് സംഘ ചാലക് പി ഇ ബി മേനോന്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്. 

മൂന്നാഴ്ച്ചയ്ക്ക് ശേഷം ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കും. സമിതിക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിക്കൊപ്പം, ഹര്‍ത്താലുകളെ ചോദ്യം ചെയ്ത് ചേമ്പര്‍ ഓഫ് കൊമെഴ്‌സ് നല്‍കിയ ഹര്‍ജിയും പരിഗണിക്കും. നാശനഷ്ടങ്ങളുടെ ഉത്തരവാദിത്തം നേരിട്ടോ അല്ലാതെയോ അക്രമത്തിന് ആഹ്വാനം ചെയ്യുന്നവര്‍ക്കാണെന്ന കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി കേസിലെ സുപ്രിംകോടതി വിധി നടപ്പാക്കണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നത്. 

ഏതെങ്കിലും ഗ്രൂപ്പോ സംഘടനയോ അക്രമം നടത്തി നാശനഷ്ടങ്ങളുണ്ടാക്കിയാല്‍ നേതാക്കള്‍ 24 മണിക്കൂറിനകം പൊലിസ് സ്‌റ്റേഷനിലെത്തി ചോദ്യം ചെയ്യലിന് വിധേയമാവണമെന്നാണ് വിധി പറയുന്നത്. ഹാജരായിട്ടില്ലെങ്കില്‍ അവരെ പിടികിട്ടാപുള്ളികളായി കണക്കാക്കണം. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ആരും പൊലിസ് സ്‌റ്റേഷനില്‍ ഹാജരായിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

അക്രമത്തിന് ഉത്തരവാദികളായവരില്‍ നിന്ന് നഷ്ടം ഈടാക്കി ഇരകള്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണം, നാശനഷ്ടം കണക്കാക്കാനും ഇരകള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യാനും  ക്ലെയിം കമ്മീഷണറെ നിയമിക്കണം, ആള്‍ക്കൂട്ട ആക്രമണങ്ങളെ നേരിടാന്‍ ജില്ലാ തലത്തില്‍ റാപിഡ് ആക്ഷന്‍ ടീമുകള്‍ രൂപീകരിക്കണം തുടങ്ങിയവയാണ് ഹര്‍ജിയിലെ ആവശ്യങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com