വരാമെന്ന് മോദി ഇങ്ങോട്ട് ആഗ്രഹം അറിയിച്ചു, സ്വാഗതം ചെയ്യുന്നതായി ജി സുധാകരന്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 09th January 2019 12:29 PM |
Last Updated: 09th January 2019 12:29 PM | A+A A- |
തിരുവനന്തപുരം: കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി ഇങ്ങോട്ട് ആഗ്രഹം അറിയിച്ചതാണെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. സംസ്ഥാന സര്‍ക്കാര്‍ സന്തോഷത്തോടെ സ്വാഗതം ചെയ്തു. വികസനകാര്യങ്ങളില്‍ അനാവശ്യ വാദപ്രതിവാദങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്‍.കെ.പ്രേമചന്ദ്രന്‍ എംപി മുതലെടുപ്പിന് ശ്രമിച്ചെന്നും ജി.സുധാകരന്‍ കുറ്റപ്പെടുത്തി. തര്‍ക്കം മുറുകുന്നതിനിടെ ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രി ബൈപ്പാസ് ഉദ്ഘാടനം ചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മാറിയ സാഹചര്യത്തില്‍ സുധാകരന്റെ പ്രതികരണം.
കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനത്തെച്ചൊല്ലി രാഷ്ട്രീയ പോര് കനക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി ഉദ്ഘാടനത്തിന് എത്തുമെന്ന് സ്ഥിരീകരണം ലഭിച്ചതായി കഴിഞ്ഞദിവസം എന്‍ കെ പ്രേമചന്ദ്രന്‍ അറിയിച്ചത്. ജനുവരി 15 വൈകീട്ട് 5.30ന് ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി എന്‍.കെ.പ്രേമചന്ദ്രന്‍ വ്യക്തമാക്കി.
നാലര പതിറ്റാണ്ടത്തെ കാത്തിരിപ്പിനൊടുവിലാണ് കൊല്ലം ബൈപ്പാസ് യാഥാര്‍ഥ്യമാകുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നിസാര കാരണങ്ങള്‍ പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ റോഡിന്റെ ഉദ്ഘാടനം വൈകിപ്പിക്കുകയാണെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ തുല്യ പങ്കാളിത്തതോടെ പണിത ബൈപ്പാസ് സംസ്ഥാന സര്‍ക്കാരിന്റെ മാത്രം നേട്ടമായി വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ബിജെപിയുടെ കുറ്റപ്പെടുത്തല്‍.