'ക്ഷേത്രത്തിന്റേയും പൂജയുടേയും പേരില്‍ സ്ത്രീകളെ തടയാനാകില്ല'; അഗസ്ത്യാര്‍കൂടം വിഷയത്തില്‍ കെ. രാജു

സ്ത്രീ പ്രവേശനത്തിന് എതിരേ കാണി ആദിവാസി വിഭാഗം രംഗത്തെത്തിയതിന് പിന്നാലെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്
'ക്ഷേത്രത്തിന്റേയും പൂജയുടേയും പേരില്‍ സ്ത്രീകളെ തടയാനാകില്ല'; അഗസ്ത്യാര്‍കൂടം വിഷയത്തില്‍ കെ. രാജു

തിരുവനന്തപുരം: ക്ഷേത്രത്തിന്റേയും പൂജയുടേയും പേരില്‍ അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകളെ തടയാനാകില്ലെന്ന് വനംമന്ത്രി കെ.രാജു. അഗസ്ത്യാര്‍കൂടത്തിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കോടതിവിധിയില്‍ അഗസ്ത്യമലയില്‍ ക്ഷേത്രവും പൂജയും ഇല്ലെന്ന് പറയുന്നുണ്ട്. അതുകൊണ്ട് ആര്‍ക്കും ആ കാരണം ചൂണ്ടിക്കാട്ടി സ്ത്രീകളെ തടയാന്‍ അവകാശമില്ലെന്ന് ഏഷ്യാനെറ്റിനോട് മന്ത്രി പറഞ്ഞു. സ്ത്രീ പ്രവേശനത്തിന് എതിരേ കാണി ആദിവാസി വിഭാഗം രംഗത്തെത്തിയതിന് പിന്നാലെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. 

കോടതി ഉത്തരവ് പാലിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ആദിവാസികള്‍ ആരാധന നടത്തുന്ന സ്ഥലം വേലി കെട്ടിതിരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. മലകയറാനെത്തുന്ന സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണനയോ സുരക്ഷയോ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. സീസണ്‍ അല്ലാത്തപ്പോഴും സ്ത്രീകള്‍ക്ക് അഗസ്ത്യാര്‍കൂടത്തില്‍ കയറുന്നതിന് വിലക്കുണ്ടാവില്ല. 

അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ എത്തുന്നത് ആചാരലംഘനമാണെന്നാണ് കാണി വിഭാഗത്തിന്റെ വാദം. അതിരുമല കടന്ന് സ്ത്രീകള്‍ പ്രവേശിച്ചാല്‍ പ്രതിഷേധിക്കുമെന്നാണ് കാണി വിഭാഗത്തിന്റെ നിലപാട്. ഹൈക്കോടതി സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതിന് പിന്നീലെ നിരവധി സ്ത്രീകളാണ് അഗസ്ത്യാര്‍കൂടം കയറാന്‍ ഒരുങ്ങുന്നത്. തിങ്കളാഴ്ച മുതല്‍ മാര്‍ച്ച് ഒന്ന് വരെ 41 ദിവസമാണ് അഗസ്ത്യാര്‍കൂട യാത്ര.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com