പൊലീസിന്റെ വേറിട്ട മുഖത്തിന് മലയാളികളുടെ കൈയടി; ന്യൂയോര്‍ക്ക് പൊലീസിനെ പിന്തള്ളി നേട്ടത്തിന്റെ കൊടുമുടിയിൽ

കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജ് ഒരു മില്ല്യന്‍ ലൈക്ക് നേടി ചരിത്രം കുറിച്ചിരിക്കുന്നു
പൊലീസിന്റെ വേറിട്ട മുഖത്തിന് മലയാളികളുടെ കൈയടി; ന്യൂയോര്‍ക്ക് പൊലീസിനെ പിന്തള്ളി നേട്ടത്തിന്റെ കൊടുമുടിയിൽ

തിരുവനന്തപുരം: രസകരമായ പോസ്റ്റുകളിലൂടെയും ചിരിയും ചിന്തയും ഉണർത്തുന്ന ട്രോളുകളിലൂടെയും സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ് കേരള പൊലീസ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജ് ഒരു മില്ല്യന്‍ ലൈക്ക് നേടി ചരിത്രം കുറിച്ചിരിക്കുന്നു. ജനകീയ ഇടപെടലിന്റെ നവീന മാതൃക സൃഷ്ടിക്കാനും, സൗഹാർദ്ദപരമായ ഇടപെടലുകളിലൂടെ ജന പിന്തുണ നേടിയെടുക്കാനും കേരള പോലീസ് ഫെയ്സ്ബുക്ക് പേജിന് സാധിച്ചു. മലയാളികൾ കൈയയച്ച് ലൈക്കുകൾ ഇട്ടതോടെയാണ് പേജ് ഒരു മില്ല്യൺ എന്ന മാന്ത്രിക അക്കം പിന്നിട്ടത്. 

റെക്കോർഡ് നേട്ടത്തിൽ കേരള പൊലീസ് ഇപ്പോൾ പിന്തള്ളിയിരിക്കുന്നത് ലോകത്തിലെ വമ്പന്‍ പൊലീസ് സന്നാഹമായ ന്യൂയോര്‍ക്ക് പൊലീസിന്റെ പേജിനെയാണ്. ഇതിന്റെ ഔദ്യോഗിക അറിയിപ്പ് ജനുവരി 10ന് വൈകിട്ട് പൊലീസ് ആസ്ഥാനത്ത് വച്ച് നടക്കുന്ന ചടങ്ങില്‍ ഫെയ്‌സ്ബുക്ക് ഇന്ത്യ ( trust and safety ) മേധാവി സത്യ യാദവ് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറും. ഈ ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിച്ച പൊലീസിന്റെ ഫെയ്‌സ്ബുക് പേജിനു പിന്നിലുള്ള ഉദ്യാഗസ്ഥരെ ചടങ്ങില്‍ മുഖ്യമന്ത്രി ആദരിക്കും. തുടര്‍ന്നു സുരക്ഷിതമായ യാത്രയെക്കുറിച്ചു റെയില്‍വെ പൊലീസ് തയാറാക്കിയ ബോധവൽകരണ ഹ്രസ്വചിത്രത്തിന്റെ സിഡിയും മുഖ്യമന്ത്രി പ്രകാശനം ചെയ്യും. ചടങ്ങില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി മനോജ് എബ്രഹാം തുടങ്ങിയവര്‍ പങ്കെടുക്കും.

സാമൂഹിക മാധ്യമങ്ങൾ വഴി പൊലീസിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും ട്രാഫിക് - സൈബര്‍ സംബന്ധമായ ബോധവത്കരണം, നിയമകാര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധവത്കരിക്കുന്നതിനു വേണ്ടിയാണ് കേരള പൊലീസ് ഫെയ്‌സ്ബുക് പേജ് ആരംഭിച്ചത്.

പൊതുജനങ്ങള്‍ രണ്ട് കൈയും നീട്ടി സ്വീകരിച്ചതോടെ കേരള പൊലീസിന്റെ ഔദ്യോ​ഗിക ഫെയ്‌സ്ബുക്ക് പേജ് വമ്പൻ ഹിറ്റായി മാറി. പേജില്‍ ട്രോളുകളുടെയും വിഡിയോകളുടെയും രൂപത്തില്‍ അവതരിപ്പിച്ച ആശയങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ പേജ് എല്ലാ സമയത്തും സജീവമായി നിന്നു. ജനങ്ങളുമായി നിരന്തരം സമ്പർക്കത്തിലേർപ്പെട്ട് അവരുടെ പേജ് ഇപ്പോൾ ലോകോത്തര പൊലീസ് പേജുകളെ പിന്നിലാക്കിയാണ് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. റെക്കോർഡ‍് നേട്ടത്തിലെത്താൻ സഹായിച്ച ജനങ്ങളോട് നന്ദി പറയാനും പൊലീസ് മറന്നില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com