വാവര് പളളിയിലേക്ക് 20 സ്ത്രീകള്‍, കേരളത്തില്‍ എത്തിയതായി റിപ്പോര്‍ട്ട്; ജാഗ്രത ശക്തമാക്കി പൊലീസ് 

എരുമേലി വാവര് പളളിയില്‍ പ്രവേശിക്കാന്‍ വ്യത്യസ്ത പ്രായത്തിലുളള 20 സ്ത്രീകള്‍ സംസ്ഥാനത്ത് എത്തിയതായി റിപ്പോര്‍ട്ട്
വാവര് പളളിയിലേക്ക് 20 സ്ത്രീകള്‍, കേരളത്തില്‍ എത്തിയതായി റിപ്പോര്‍ട്ട്; ജാഗ്രത ശക്തമാക്കി പൊലീസ് 

ശബരിമല: എരുമേലി വാവര് പളളിയില്‍ പ്രവേശിക്കാന്‍ വ്യത്യസ്ത പ്രായത്തിലുളള 20 സ്ത്രീകള്‍ സംസ്ഥാനത്ത് എത്തിയതായി റിപ്പോര്‍ട്ട്. തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു മക്കള്‍ കച്ചിയുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുമാണ് ഇവര്‍ കേരളത്തില്‍ എത്തിയതെന്നാണ് വിവരം. ഇതില്‍ മൂന്നുപേരെ കൊഴിഞ്ഞാമ്പാറ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. അവശേഷിക്കുന്നവര്‍ എവിടെയാണ് എന്നതിനെ സംബന്ധിച്ച കാര്യങ്ങള്‍ അജ്ഞാതമായി തുടരുകയാണ്.

ശബരിമലയില്‍ രണ്ടു യുവതികള്‍ പ്രവേശിച്ചതിന്റെ വിവാദം കെട്ടടങ്ങും മുന്‍പാണ് വാവര് പളളിയും ശ്രദ്ധാകേന്ദ്രമാകുന്നത്. വാവര് പളളിയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ അത് സാമുദായിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. സാമുദായിക സംഘര്‍ഷാവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങാമെന്ന് പൊലീസ് ആശങ്കപ്പെടുന്നു. 

ഹിന്ദു മക്കള്‍ കച്ചിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ എത്തിയ സ്ത്രീകള്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് വാവര് പളളി ലക്ഷ്യമാക്കി നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിയോടുളള പ്രതിഷേധ സൂചകമായാണ് ഇവര്‍ വാവര് പളളിയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതെന്നാണ് വിവരം.

അതേസമയം വാവര് പള്ളിയില്‍ കയറുന്നതിന് സ്ത്രീകള്‍ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നാവര്‍ത്തിച്ച് മഹല്ല് കമ്മിറ്റി രംഗത്തെത്തി. നിസ്‌ക്കാരഹാളില്‍ കയറുന്നതിന് മാത്രമാണ് നിയന്ത്രണമുള്ളത്. വാവര്‍ പള്ളിയില്‍ കയറാന്‍ വന്ന സ്ത്രീകളെ പാലക്കാട് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വിശദീകരണവുമായി മഹല്ല് കമ്മിറ്റി രംഗത്തെത്തിയത്

വാവര് പള്ളിയില്‍ കയറുന്നതിനായി എത്തിയ തിരുപ്പൂര്‍ സ്വദേശിയായ രേവതി, തിരുനെല്‍വേലി സ്വദേശി ഗാന്ധിമതി ഉള്‍പ്പെടെ മൂന്നു സ്ത്രീകളെയാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഇവര്‍ക്കൊപ്പമെത്തിയ മൂന്ന് പുരുഷന്‍മാരെയും അറസ്റ്റ് ചെയ്തിരുന്നു.

ഹിന്ദുമക്കള്‍ കച്ചി പ്രവര്‍ത്തകരായ ഈ സ്ത്രീകള്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാമെങ്കില്‍ വാവര് പള്ളിയിലും കയറ്റണമെന്നായിരുന്നു ഇവരുടെ ആവശ്യം. കൊഴിഞ്ഞാമ്പാറയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com