സംവരണം ഒരു സാമ്പത്തിക പദ്ധതിയല്ല; സിപിഎം നിലപാട് തളളി വി എസ് 

: പൊതുവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്  10 ശതമാനം സംവരണമേര്‍പ്പെടുത്തുമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച പാര്‍ട്ടി നിലപാടിനെ തള്ളിപ്പറഞ്ഞ് വി.എസ്
സംവരണം ഒരു സാമ്പത്തിക പദ്ധതിയല്ല; സിപിഎം നിലപാട് തളളി വി എസ് 

തിരുവനന്തപുരം: പൊതുവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്  10 ശതമാനം സംവരണമേര്‍പ്പെടുത്തുമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച പാര്‍ട്ടി നിലപാടിനെ തള്ളിപ്പറഞ്ഞ് വി.എസ് അച്യുതാനന്ദന്‍ രംഗത്തെത്തി. സവര്‍ണ വോട്ടുകള്‍ പരമാവധി സ്വരൂപിക്കുക എന്ന ഏക ലക്ഷ്യവുമായി ബി.ജെ.പി മുന്നോട്ടുവയ്ക്കുന്ന ആശയമാണിതെന്നും രാജ്യവ്യാപകമായി ചര്‍ച്ചചെയ്ത ശേഷമേ, സംവരണകാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്നും വി.എസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ഹീനമായ കുലത്തൊഴിലുകളും തൊട്ടുകൂടായ്മയും മൂലം അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസവും തൊഴിലും അപ്രാപ്യമാവുന്ന സാമൂഹ്യ അനീതിക്കെതിരെ അവശ്യമായ ഒരു ജനാധിപത്യ അവകാശമായാണ് സംവരണത്തെ കാണേണ്ടത്. ഈ കാരണംകൊണ്ടുതന്നെ സംവരണം എന്ന ആശയത്തിന്റെ സത്ത ചോര്‍ത്തിക്കളയുന്ന തീരുമാനമാണ് ബി.ജെ.പി മന്ത്രിസഭ കൈക്കൊണ്ടതെന്ന് വ്യക്തമാണ്. സാമൂഹ്യനീതി നേടിയെടുക്കാനുള്ള ഉയര്‍ന്ന ലക്ഷ്യത്തെ വ്യാപകവും സമഗ്രവുമായ ആശയരൂപീകരണം നടത്തിക്കൊണ്ടാണ് നേടിയെടുക്കേണ്ടത്. കാരണം, സംവരണം എന്നത് ഒരു സാമ്പത്തിക പദ്ധതിയല്ല. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് ഇതുപോലൊരു കാബിനറ്റ് തീരുമാനമുണ്ടായപ്പോള്‍ സി.പി.എം അതിന്റെ പൊള്ളത്തരം തുറന്നുകാട്ടിയിരുന്നു. ജാതി പിന്നാക്കാവസ്ഥപോലെ ശാശ്വതമായി നിലനില്ക്കുന്നതല്ല സാമ്പത്തിക പിന്നാക്കാവസ്ഥ. സംവരണം പോലുള്ള കാര്യങ്ങളെ കേവലം വോട്ട് ബാങ്ക് രാഷ്ട്രീയമാക്കി തരംതാഴ്ത്താനുള്ള ബി.ജെ.പിയുടെ നീക്കം തുറന്നുകാട്ടപ്പെടണമെന്നും വി.എസ് പറഞ്ഞു.

സംവരണം ഏര്‍പ്പെടുത്താനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സിപിഎം കേന്ദ്രനേതൃത്വം അനുകൂലിച്ചെങ്കിലും, ഇപ്പോള്‍ ഇത് നടപ്പാക്കാനുളള സര്‍ക്കാര്‍ നീക്കം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടിട്ടാണെന്ന് സിപിഎം കേന്ദ്രനേതൃത്വം കുറ്റപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മോദി സര്‍ക്കാറിന്റെ തീരുമാനമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. തൊഴിലവസരം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെന്നതിന്റെ കുറ്റസമ്മതമാണിത്. എട്ടു ലക്ഷം രൂപ വരുമാന പരിധി വച്ചത് തീരുമാനത്തിന്റെ അന്തസത്ത അട്ടിമറിക്കും. വിപുലമായി ചര്‍ച്ച ചെയ്യാതെ തീരുമാനം നടപ്പാക്കരുതെന്നും സി.പി.എം അറിയിച്ചു.അതേസമയം സാമ്പത്തിക സംവരണബില്ലിനെ അനുകൂലിച്ച് ലോക്‌സഭയില്‍ സിപിഎം വോട്ട് ചെയ്തു. മൂന്നിനെതിരെ 323 പേരുടെ പിന്തുണയോടെയാണ് സാമ്പത്തിക സംവരണബില്ല് ലോക്‌സഭ പാസാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com