ആലപ്പാട്ടെ ഖനനം പൂര്‍ണമായി നിര്‍ത്താനാകില്ല; പ്രതിഷേധം കനക്കുന്നതിനിടെ സമരക്കാരെ തള്ളി എംഎല്‍എ
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th January 2019 09:09 AM |
Last Updated: 10th January 2019 09:10 AM | A+A A- |
കരുനാഗപ്പള്ളി: ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരെ പ്രതിഷേധം ശക്തമായി വരുന്നതിന് ഇടയില്‍, ഖനനം പൂര്‍ണമായും നിര്‍ത്തണം എന്ന സമരക്കാരുടെ ആവശ്യം തള്ളി കരുനാഗപ്പള്ളി എംഎല്‍എ ആര്‍.രാമചന്ദ്രന്‍. ഖനനം പൂര്‍ണമായും നിര്‍ത്തുക പ്രായോഗികമല്ലെന്നാണ് എംഎല്‍എയുടെ നിലപാട്.
എന്നാല്‍, കടലില്‍ നിന്നുമുള്ള ഖനനം അടിയന്തരമായി നിര്‍ത്താന്‍ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പാട് സംരക്ഷിക്കപ്പെടണം. സേവ് ആലപ്പാട് സ്റ്റോപ്പ് മൈനിങ് എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. എന്നാല്‍ ഖനനം പൂര്‍ണമായും നിര്‍ത്തുക എന്ന അവരുടെ ആവശ്യത്തോട് യോജിക്കാനാവില്ല. പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ തേടുമെന്ന് എംഎല്‍എ വ്യക്തമാക്കി.
കരിമണല്‍ ഖനനത്തിന് എതിരായ സമരം അനാവശ്യമാണെന്ന നിലപാടാണ് ഐആര്‍ഇയിലെ സിഐടിയു ഉള്‍പ്പെടെയുള്ള സംഘടനകള്‍ സ്വീകരിച്ചിരിക്കുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആര്‍ഇയെ തകര്‍ക്കുകയാണ് സമരക്കാരുടെ ലക്ഷ്യമെന്നും തൊഴിലാളി യൂണിയനുകള്‍ ആരോപിക്കുന്നു.