വഴക്ക് വേണ്ട, ഓട്ടോകാശ് ഇനി ഗൂഗിള്‍മാപ്പ് പറയും; പുതിയ സംവിധാനവുമായി മോട്ടോര്‍ വാഹന വകുപ്പ്

ലക്ഷ്യസ്ഥാനത്ത് എത്തുമ്പോള്‍ ഗൂഗിള്‍ മാപ്പിലൂടെ ഈ ആപ്പ് തന്നെ യാത്രക്കൂലി പറയും
വഴക്ക് വേണ്ട, ഓട്ടോകാശ് ഇനി ഗൂഗിള്‍മാപ്പ് പറയും; പുതിയ സംവിധാനവുമായി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം; കൂലി കൂടുതല്‍ ചോദിക്കുന്നതിന്റെ പേരില്‍ ഓട്ടോഡ്രൈവര്‍മാരോട് തര്‍ക്കിക്കാത്തവര്‍ കുറവാണ്. അറിയാത്ത സ്ഥലമാണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവും. കൂലി കൂട്ടിച്ചോദിക്കുക മാത്രമല്ല രണ്ട് വട്ടം നാടുകാണിക്കാനും ചിലര്‍ മറക്കാറില്ല. എന്തായാലും ഇനി ഇത്തരം പ്രശ്‌നങ്ങളുണ്ടാകില്ല. ഇതിന് പരിഹാരം കാണാന്‍ ഹൈടെക് വിദ്യ ഉപയോഗിക്കാന്‍ ഒരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. 

ഗൂഗിള്‍ മാപ്പിന്റെ സഹകരണത്തോടെ പുതിയ ആപ്പ് പുറത്തിറക്കുകയാണ് അധികൃതര്‍. ഇതോടെ പോകാനുള്ള വഴിയും കൂലിയും ഗൂഗിള്‍ മാപ്പ് തന്നെ പറയും. ഗൂഗിള്‍ മാപ്പിന്റെ പുതിയ ഫീച്ചറിലാണ് ഈ സൗകര്യം. യാത്രക്കാരന്‍ ഓട്ടോയില്‍ കയറി ലക്ഷ്യസ്ഥലം പറയുന്നതോടൊപ്പം ഗൂഗിള്‍മാപ് ഉപയോഗിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഒരുക്കുന്ന ആപ്പിലേക്ക് കയറി ലക്ഷ്യസ്ഥാനം ടിക്ക് ചെയ്താല്‍ മതി. കൃത്യമായ വഴി യാത്രക്കാരന്റെ മൊബൈലില്‍ തെളിയും. 

യാത്രക്കാരന്‍ മാത്രമല്ല ഓട്ടോറിക്ഷ ഡ്രൈവറും ഈ ആപ്പ് ഉപയോഗിക്കുന്നുണ്ടാകും. ലക്ഷ്യസ്ഥാനത്ത് എത്തുമ്പോള്‍ ഗൂഗിള്‍ മാപ്പിലൂടെ ഈ ആപ്പ് തന്നെ യാത്രക്കൂലി പറയും. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് മോഡില്‍ പോകേണ്ട വഴിയും നിരക്കുകളും ആപ്പിലൂടെ മുന്‍കൂട്ടി അറിയാം. യൂബര്‍, ഓല പോലുള്ള ഓണ്‍ലൈന്‍ ടാക്‌സികളുടെ നിരക്കുകളുമായി ആട്ടോ നിരക്ക് താരതമ്യം ചെയ്യാനും സാധിക്കും. 

ന്യൂഡല്‍ഹിയില്‍ ട്രാഫിക് പൊലീസ് ഈ പദ്ധതി പരീക്ഷിച്ചത് വിജയിച്ചിരുന്നു. തുടര്‍ന്നാണ് ഇവിടേയും നടപ്പാക്കാന്‍ തീരുമാനിച്ചത്. ആദ്യം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് ഗൂഗിള്‍മാപ് ഫെയര്‍ നടപ്പിലാക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com