വെങ്ങോല പഞ്ചായത്തില്‍ എല്‍ഡിഎഫിന് തിരിച്ചടി ; അവിശ്വാസം പാസ്സായി ; ഭരണം നഷ്ടമായി 

വെങ്ങോല ഗ്രാമപഞ്ചായത്ത് ഭരണം ഇടതുമുന്നണിക്ക് നഷ്ടമായി
വെങ്ങോല പഞ്ചായത്തില്‍ എല്‍ഡിഎഫിന് തിരിച്ചടി ; അവിശ്വാസം പാസ്സായി ; ഭരണം നഷ്ടമായി 

കൊച്ചി : വെങ്ങോല ഗ്രാമപഞ്ചായത്ത് ഭരണം ഇടതുമുന്നണിക്ക് നഷ്ടമായി. സിപിഎം അംഗമായ പ്രസിഡന്റ് ധന്യ ലൈജുവിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസ്സായതിനെ തുടര്‍ന്നാണ് എല്‍ഡിഎഫിന് ഭരണം നഷ്ടമായത്. അവിശ്വാസത്തിന് അനുകൂലമായി 11 പേര്‍ വോട്ടുചെയ്തപ്പോള്‍, 10 പേര്‍ അവിശ്വാസത്തെ എതിര്‍ത്ത് രംഗത്തു വന്നു. 

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നല്‍കാമെന്ന വാഗ്ദാനം നിറവേറ്റാത്തതില്‍ പ്രതിഷേധിച്ച് സിപിഎം അംഗം സ്വാതി റജികുമാര്‍ യുഡിഎഫ് പാളയത്തിലേക്ക് പോയതാണ് എല്‍ഡിഎഫിന് തിരിച്ചടിയായത്. കഴിഞ്ഞ തവണ അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാനിരിക്കെ, എല്‍ഡിഎഫ് അംഗങ്ങള്‍ മിനുട്ട്‌സ് ബുക്കുമായി പോയത് വിവാദമായി. തുടര്‍ന്ന് ഹൈക്കോടതി ഉത്തരവോടെ, പൊലീസ് സംരക്ഷണത്തിലാണ് അവിശ്വാസം ഇന്ന് ചര്‍ച്ച ചെയ്തത്. 

23 അംഗ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം ദലിത് വനിതാ സംവരണമാണ്. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 12 ഉം, എല്‍ഡിഎഫിന് 11 നും ആയിരുന്നു കക്ഷിനില. എന്നാല്‍ യുഡിഎഫില്‍ നിന്നും പട്ടികജാതി വനിതകള്‍ ആരും ജയിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് എല്‍ഡിഎഫിലെ വനിതയെ പിന്തുണക്കാന്‍ യുഡിഎഫ് നിര്‍ബന്ധിതരാകുകയായിരുന്നു. 

ജനറല്‍ സീറ്റില്‍ നിന്നും ധന്യ ലൈജുവും, സംവരണ സീറ്റില്‍ നിന്ന് സ്വാതി റജികുമാറുമാണ് സിപിഎമ്മില്‍ നിന്നും ജയിച്ചത്. തെരഞ്ഞെടുപ്പ് വേളയില്‍ ഉയര്‍ത്തിക്കാട്ടിയ സ്വാതിയെ തഴഞ്ഞ്, ധന്യയെ പ്രസിഡന്റാക്കുകയായിരുന്നു. സ്വാതിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് രണ്ടര വര്‍ഷത്തിന് ശേഷം പ്രസിഡന്‍ര് പദം നല്‍കാമെന്ന് വാഗ്ദാനം നല്‍കി. എന്നാല്‍ വാഗ്ദാനം പാലിക്കാത്തതിനെ തുടര്‍ന്ന് സ്വാതി റജികുമാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത് വന്‍വാര്‍ത്തയായിരുന്നു. തുടര്‍ന്നും നടപടി സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്ന് സ്വാതി റജികുമാര്‍ യുഡിഎഫ് പാളയത്തിലേക്ക് ചേക്കേറുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com