വെല്ലുവിളി വെറുതെ: ഒടുക്കം ശോഭാ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ 25,000 രൂപ പിഴയടച്ചു

പൊാതുതാല്‍പ്പര്യ ഹര്‍ജിയെന്ന പേരില്‍ ദുരുദ്ദേശ്യപരമായ ഹര്‍ജി നല്‍കിയതിന് ഹൈക്കോടതി വിധിച്ച 25,000 രൂപ പിഴ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ അടച്ചു
വെല്ലുവിളി വെറുതെ: ഒടുക്കം ശോഭാ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ 25,000 രൂപ പിഴയടച്ചു

കൊച്ചി: പൊാതുതാല്‍പ്പര്യ ഹര്‍ജിയെന്ന പേരില്‍ ദുരുദ്ദേശ്യപരമായ ഹര്‍ജി നല്‍കിയതിന് ഹൈക്കോടതി വിധിച്ച 25,000 രൂപ പിഴ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ അടച്ചു. ഹൈക്കോടതി  ലീഗല്‍ സര്‍വീസ് കമ്മിറ്റിയിലാണ് തിങ്കളാഴ്ച ശോഭാ സുരേന്ദ്രന്‍ പിഴയടച്ചത്. താന്‍ പിഴയടയ്ക്കില്ലെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നുമായിരുന്നു ഹൈക്കോടതിവിധി വന്നദിവസം ശോഭാ സുരേന്ദ്രന്‍ പ്രഖ്യാപിച്ചിരുന്നത്. താന്‍ കോടതിയില്‍ മാപ്പിരന്നില്ലെന്നും അവര്‍ പറഞ്ഞു. അടിസ്ഥാനരഹിതമായ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചാല്‍ പിഴ വന്‍തോതില്‍ വര്‍ധിക്കുമെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് പിഴ അടച്ചതെന്നാണ് ലഭിക്കുന്ന വിവരം. 

വിവരാവകാശ നിയമപ്രകാരം മുമ്പ് നല്‍കിയ അപേക്ഷയില്‍ വിവരങ്ങള്‍ ലഭിച്ചില്ലെന്നും അത് നല്‍കാന്‍ ഉത്തരവുണ്ടാകണമെന്നുമായിരുന്നു ശോഭയുടെ ഹര്‍ജിയിലെ പ്രധാന ആവശ്യം. എന്നാല്‍, ശബരിമലയില്‍ യുവതീപ്രവേശമാവാമെന്ന സുപ്രീംകോടതി വിധിയെ എതിര്‍ത്ത് സംഘപരിവാര്‍ നടത്തിയ അക്രമങ്ങളുടെ വിവരം വേണമെന്നായിരുന്നു ഹര്‍ജിയിലെ ഇടക്കാല ആവശ്യം. എന്തുകൊണ്ടാണ് ഹര്‍ജിയിലെ ഇടക്കാല ആവശ്യം ഇതായതെന്നായിരുന്നു കോടതിയുടെ ചോദ്യം. ദുരുദ്ദേശ്യപരമായ വ്യവഹാരമാണിതെന്നും വിലകുറഞ്ഞ പ്രശസ്തിക്കുവേണ്ടി കോടതിയെ ദുരുപയോഗിക്കുന്നത് അനുവദിക്കാനാവില്ലെന്നും ടെഹസീന്‍ പൂനാവാല കേസില്‍ പൊതുതാല്‍പ്പര്യ ഹര്‍ജികളുടെ സ്വഭാവത്തെക്കുറിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിലെ കാഴ്ചപ്പാടുകള്‍ക്ക് എതിരാണ് ശോഭയുടെ ഹര്‍ജിയെന്നും കോടതി വ്യക്തമാക്കി. 

തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറായ ശോഭയുടെ അഭിഭാഷകന്‍ നിരുപാധികം മാപ്പുപറഞ്ഞു. എന്നാല്‍, അനാവശ്യ വ്യവഹാരങ്ങള്‍ക്കുള്ള സന്ദേശം കൂടിയാണിതെന്ന് വ്യക്തമാക്കിയാണ് 25,000 രൂപ കോടതിച്ചെലവ് കെട്ടിവയ്ക്കാന്‍ കോടതി നിര്‍ദേശിച്ചത്. പിഴ അടച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി നടത്തണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com