ഹര്‍ത്താലും പണിമുടക്കും ഒരു മണിക്കൂറായി ചുരുക്കണം ; പുതിയ നിര്‍ദേശവുമായി കോണ്‍ട്രാക്‌റ്റേഴ്‌സ് അസോസിയേഷന്‍

അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകളും പണിമുടക്കുകളും നിര്‍മ്മാണ മേഖലയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്
ഹര്‍ത്താലും പണിമുടക്കും ഒരു മണിക്കൂറായി ചുരുക്കണം ; പുതിയ നിര്‍ദേശവുമായി കോണ്‍ട്രാക്‌റ്റേഴ്‌സ് അസോസിയേഷന്‍

തിരുവനന്തപുരം :  ഹര്‍ത്താലുകളും പണിമുടക്കുകളും പരമാവധി ഒരു മണിക്കൂറായി ചുരുക്കണമെന്ന് നിര്‍ദേശം. കേരളാ ഗവണ്‍മെന്റ് കോണ്‍ട്രാക്‌റ്റേഴ്‌സ് അസോസിയേഷനാണ് ഈ നിര്‍ദേശവുമായി രംഗത്തെത്തിയത്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷ നേതാവിനും ട്രേഡ് യൂണിയനുകള്‍ക്കും കത്ത് നല്‍കുമെന്ന് സംഘടന ഭാരവാഹികള്‍ അറിയിച്ചു.

ഹര്‍ത്താലുകളും പണിമുടക്കുകളും മൂലം സംസ്ഥാനത്തിന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാകുന്ന സാഹചര്യത്തിലാണ് പ്രതിഷേധ സമരത്തിന്റെ സമയം കുറക്കണമെന്ന ആവശ്യവുമായി ഇവര്‍ രംഗത്തെത്തിയത്. അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകളും പണിമുടക്കുകളും നിര്‍മ്മാണ മേഖലയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. ഇത് തുടര്‍ന്നാല്‍ ഈ മേഖല വലിയ പ്രതിസന്ധിയിലേക്ക് പോകുമെന്നും കോണ്‍ട്രാക്‌റ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. 

യന്ത്രങ്ങളുടെ വാടക, സ്ഥിരം തൊഴിലാളികളുടെ വേതനം എന്നീ നഷ്ടങ്ങള്‍ക്ക് പുറമെ, പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി ലഭിക്കുന്നതിന് പിഴയും അടക്കേണ്ടി വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഹര്‍ത്താലുകളുടെയും പണിമുടക്കിന്റെയും സമയം ഒരു മണിക്കുറായി നിജപ്പെടുത്തണമെന്ന ആവശ്യം ഇവര്‍ മുന്നോട്ടു വെയ്ക്കുന്നത്.

പ്രളയത്തില്‍ നിര്‍മ്മാണ മേഖലയ്ക്കുണ്ടായ നഷ്ടം ജിഎസ്ടിക്കൊപ്പം സെസ്സ് നടപ്പാക്കിയതു മൂലമുള്ള അധിക നികുതി ബാധ്യത എന്നിവയും സര്‍ക്കാര്‍ കരാറുകാരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഈ മാസം 16ന് തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കാനും സംഘടന തീരുമാനിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com