ട്രെയിൻ യാത്രയ്ക്കിടെ യുവതി തലകറങ്ങി വീണു; സഹായം നൽകാതെ റെയിൽവേ, തുണയായത് സഹയാത്രികർ 

ചോദ്യങ്ങളുടെ നീണ്ട പട്ടികയാണു യാത്രക്കാർക്ക് നേരിടേണ്ടി വന്നത്. തലകറങ്ങി വീണ യാത്രക്കാരിയുടെ പ്രായം, വിലാസം, അസുഖം തുടങ്ങിയ ചോദ്യങ്ങളാണ് ഇവർ ഉന്നയിച്ചത്
ട്രെയിൻ യാത്രയ്ക്കിടെ യുവതി തലകറങ്ങി വീണു; സഹായം നൽകാതെ റെയിൽവേ, തുണയായത് സഹയാത്രികർ 

കൊച്ചി: ട്രെയിൻ യാത്രയ്ക്കിടെ തലകറങ്ങി വീണ യുവതിക്ക് മതിയായ സഹായമെത്തിക്കാതെ റെയിൽവേ അവ​ഗണിച്ചതായി പരാതി. റെയിൽവേ ഹെൽപ് ലൈൻ നമ്പരിലേക്ക് സഹായം അഭ്യർത്ഥിച്ച് വിളിച്ച യുവതിയുടെ സഹയാത്രക്കാർക്കാണു ദുരനുഭവമുണ്ടായത്.

ഷാലിമാർ– തിരുവനന്തപുരം എക്സ്പ്രസിൽ യാത്രചെയ്യുകയായിരുന്ന യുവതിയാണ് ട്രെയിനിൽ തലകറങ്ങി വീണത്. എറണാകുളത്തുനിന്നു ആലപ്പുഴിലേക്ക് ഒറ്റയ്ക്കു യാത്ര ചെയ്യുകയായിരുന്നു യുവതി. ട്രെയിൻ‌ തുറവൂർ സ്റ്റേഷനിലേക്ക് എത്താറായപ്പോഴാണ് വാതിലിനു സമീപം നിന്നിരുന്ന ഇവർ തലകറങ്ങി അടുത്തനിന്ന യാത്രക്കാരുടെ ഇടയിലേക്കു വീണത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. 

സഹയാത്രികർ റെയിൽവേ ഹെൽപ് ലൈൻ നമ്പരായ 182ലേക്ക് വിളിച്ചപ്പോൾ അത് സുരക്ഷാ സേനയുടെ നമ്പരാണെന്നായിരുന്നു മറുപടി. 138ലേക്ക് വിളിക്കാൻ നിർദേശിക്കുകയായിരുന്നു. ഈ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ചോദ്യങ്ങളുടെ നീണ്ട പട്ടികയാണു യാത്രക്കാർക്ക് നേരിടേണ്ടി വന്നത്. തലകറങ്ങി വീണ യാത്രക്കാരിയുടെ പ്രായം, വിലാസം, അസുഖം തുടങ്ങിയ ചോദ്യങ്ങളാണ് ഇവർ ഉന്നയിച്ചത്. യുവതിക്കൊപ്പം സഹയാത്രികരാരും ഇല്ലെന്ന് അറിയിച്ചെങ്കിലും ചോദ്യങ്ങൾ ആവർത്തിക്കുകയായിരുന്നു. ട്രെയിനിലെ ടിടിഇയോട് തിരുവനന്തപുരത്തേക്കു വിളിക്കാനായിരുന്നു ആദ്യ നിർദേശം. ജനറൽ കോച്ചിൽ ടിടിഇയില്ലെന്നു പറഞ്ഞതോടെ ഫോണെടുത്തവർക്ക് ഉത്തരമില്ലാതായി. 

ഒടുവിൽ ട്രെയിൽ തുറവൂരിൽ എത്തിയപ്പോൾ  യാത്രക്കാർ ലോക്കോപൈലറ്റിനെ പോയി കണ്ടു. യുവതിയെ മറ്റൊരു യാത്രക്കാരിക്കൊപ്പം ചേർത്തലയിൽ ഇറക്കി.ഹെൽപ് ലൈൻ നമ്പരുകൾ പ്രഹസനമാണെന്നു ട്രെയിൻ വൈകുന്നതുൾപ്പെടെ പരാതി പറയാൻ വിളിച്ചാൽ ഇതൊക്കെ ചോദിക്കാൻ നിങ്ങളാരാണെന്ന മറുചോദ്യങ്ങളാണു കേൾക്കുകയെന്നു യാത്രക്കാർ ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com