പത്തു വര്‍ഷം തടവുശിക്ഷ അനുഭവിച്ചവരെ വിട്ടയച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, യോഗ്യതയില്ലാതെ പുറത്തിറങ്ങിയവരെ ജയിലില്‍ അടയ്ക്കണം

പത്തു വര്‍ഷം തടവുശിക്ഷ അനുഭവിച്ച 209 പേരെ ജയില്‍ മോചിതരാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
പത്തു വര്‍ഷം തടവുശിക്ഷ അനുഭവിച്ചവരെ വിട്ടയച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, യോഗ്യതയില്ലാതെ പുറത്തിറങ്ങിയവരെ ജയിലില്‍ അടയ്ക്കണം

കൊച്ചി: പത്തു വര്‍ഷം തടവുശിക്ഷ അനുഭവിച്ച 209 പേരെ ജയില്‍ മോചിതരാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇവരുടെ വിവരങ്ങള്‍ പരിശോധിക്കണമെന്നും മോചനത്തിനുള്ള യോഗ്യത ഇല്ലാത്തവരുണ്ടെങ്കില്‍ ശേഷിച്ച കാലയളവില്‍ തടവു ശിക്ഷ പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി ഫുള്‍ ബെഞ്ച് നിര്‍ദേശിച്ചു.

2011 ഫെബ്രുവരിയില്‍ തടവുകാരെ മോചിപ്പിച്ച സര്‍ക്കാര്‍ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. കൊലപാതക കേസുകളില്‍ ശിക്ഷ അനുഭവിച്ചുവന്നവരെ ഉള്‍പ്പെടെയാണ് മോചിപ്പിച്ചത്. ഇതിനെതിരെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്. 

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍, ചീമേനി തുറന്ന ജയില്‍, പൂജപ്പുര ജയില്‍, വനിതാ ജയില്‍ എന്നിവിടങ്ങളില്‍നിന്നുള്ള 209 പേരെയാണ് മോചിപ്പിച്ചത്. പത്തു വര്‍ഷത്തെ ശിക്ഷാകാലാവധി കടന്നവരെ മോചിപ്പിക്കാനാണ് ഉത്തരവെങ്കിലും പുറത്തിറങ്ങിയവരില്‍ പലരും ഈ കാലളവു പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് ഹൈക്കോടതി കണ്ടെത്തി. പതിനാലു വര്‍ഷം ശിക്ഷ അനുഭവിച്ച അഞ്ചു പേരും പത്തു വര്‍ഷം ജയലില്‍ കിടന്ന നൂറു പേരുമാണ് പട്ടികയിലുണ്ടായിരുന്നത്. ശേഷിച്ചവര്‍ പത്തു വര്‍ഷ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പു തന്നെ മോചിപ്പിക്കപ്പെടുകയായിരുന്നു.

ഉത്തരവ് അനുസരിച്ച് മോചിപ്പിക്കപ്പെട്ടവരുടെ വിവരങ്ങള്‍ പരിശോധിച്ച് യോഗ്യതയില്ലാത്തവരെ ശേഷിച്ച കാലയളവില്‍ ജയിലില്‍ അടയ്ക്കണമെന്നാണ് നിര്‍ദേശം. പുറത്തിറങ്ങിയവരുടെ വിവരങ്ങള്‍ ആറു മാസത്തിനകം പരിശോധിക്കണമെന്നും ഫുള്‍ ബെഞ്ച് ഉത്തരവില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com