വഞ്ചിക്കപ്പെട്ടുവെന്ന വാദത്തിൽ കഴമ്പില്ല; വനിതാ മതിലിന് പോകും മുൻപ് നന്നായി ആലോചിക്കണമായിരുന്നു; തുറന്നുപറഞ്ഞ് പത്മകുമാർ

വനിതാ മതിലിൽ വഞ്ചിക്കപ്പെട്ടുവെന്ന വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശന്റെ അഭിപ്രായത്തിനെതിരെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ
വഞ്ചിക്കപ്പെട്ടുവെന്ന വാദത്തിൽ കഴമ്പില്ല; വനിതാ മതിലിന് പോകും മുൻപ് നന്നായി ആലോചിക്കണമായിരുന്നു; തുറന്നുപറഞ്ഞ് പത്മകുമാർ

തിരുവനന്തപുരം: വനിതാ മതിലിൽ വഞ്ചിക്കപ്പെട്ടുവെന്ന വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശന്റെ അഭിപ്രായത്തിനെതിരെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ. അവരുടെ വാദത്തിൽ യാതൊരു കഴമ്പുമില്ല. വനിതാ മതിലിന് പോകും മുൻപ് നന്നായി ആലോചിക്കണമായിരുന്നു. എന്തെങ്കിലും ആ​ഗ്രഹിച്ചിട്ട് കിട്ടാതെ വരുമ്പോൾ വഞ്ചന എന്നു പറഞ്ഞിട്ട് കാര്യമില്ല. 

ശബരിമലയിൽ ആചാര സംരക്ഷണത്തിനായി ഇറങ്ങിയവർ മുഴുവൻ ആർഎസ്എസുകാരല്ല. അങ്ങനെയൊരു ധാരണ തനിക്കോ ദേവസ്വം ബോർഡിനോ ഇല്ല. മറിച്ചായിരുന്നെങ്കിൽ സംഘപരിവാറിന്റെ ശക്തി എന്താകുമായിരുന്നു. യുവതീ പ്രവേശന വിഷയത്തില്‍ യഥാര്‍ഥ വിശ്വാസികളുടെ വിചാര വികാരങ്ങള്‍ മനസ്സിലാക്കണമെന്നാണ് തന്റെ നിലപാട്. വിശ്വാസത്തിന്റെ പേരു പറഞ്ഞിറങ്ങിയവരില്‍ കപട വിശ്വാസികളുമുണ്ട്. ഇക്കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് അംഗീകരിക്കാനാവില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കാതിരുന്നതെന്നും പത്മകുമാർ പറഞ്ഞു. 

ശബരിമലയില്‍ തന്ത്രിക്ക് യാതൊരു അധികാരവുമില്ലെന്ന വാദത്തോട് യോജിപ്പില്ല. തന്ത്രിക്കും ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും അവരവരുടേതായ അധികാരങ്ങളും അവകാശങ്ങളുമുണ്ടെന്നും പത്മകുമാർ വ്യക്തമാക്കി. തന്ത്രിയുടെ അവകാശങ്ങൾ സംബന്ധിച്ച വിവാ​ദങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പരാമർശം എന്നതും ശ്രദ്ധേയമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com