തന്ത്രിയാവാന്‍ ആളില്ല; രാജീവരെ മാറ്റാന്‍ ദേവസ്വം ബോര്‍ഡ്, 19 പേരുടെ പട്ടിക തയാറാക്കി, സ്ഥാനമേല്‍ക്കാനില്ലെന്ന് പട്ടികയിലുള്ളവര്‍

തന്ത്രിയാവാന്‍ ആളില്ല; രാജീവരെ മാറ്റാന്‍ ദേവസ്വം ബോര്‍ഡ്, 19 പേരുടെ പട്ടിക തയാറാക്കി, സ്ഥാനമേല്‍ക്കാനില്ലെന്ന് പട്ടികയിലുള്ളവര്‍

കണ്ഠരര് രാജീവര്‍ക്ക് പകരം തന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ തന്ത്രിസമാജത്തില്‍ നിന്നും ആരും തയ്യാറായിട്ടില്ല

പത്തനംതിട്ട : ശബരിമലയില്‍ കണ്ഠര് രാജീവരെ മാറ്റി പുതിയ തന്ത്രിയെ നിയമിക്കാനുള്ള സാധ്യതകള്‍ ആരായുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇതിനായി 19 ഓളം പേരുടെ പട്ടിക ബോര്‍ഡ് വിജിലന്‍സ് വിംഗ് തയ്യാറാക്കിയതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 16 പേരും അബ്രാഹ്മണരാണെന്നാണ് റിപ്പോര്‍ട്ട്. 

എന്നാല്‍ കണ്ഠര് രാജീവര്‍ക്ക് പകരം തന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ തന്ത്രിസമാജത്തില്‍ നിന്നും ആരും തയ്യാറായിട്ടില്ല. ഇതിനായി ബോര്‍ഡ് ഇവരെ സമീപിച്ചിരുന്നു. യുവതീപ്രവേശനത്തെ തുടര്‍ന്ന് നട അടച്ച് ശുദ്ധിക്രിയ ചെയ്ത സംഭവത്തില്‍ കണ്ഠരര് രാജീവര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കാനാണ് തന്ത്രിസമാജത്തിന്റെ തീരുമാനം. രാജീവരെ മാറ്റി മറ്റാരെയെങ്കിലും തന്ത്രിസ്ഥാനം ഏല്‍പ്പിച്ചാല്‍, ആ നടപടിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കാനാണ് തന്ത്രിസമാജത്തിന്റെ തീരുമാനം. 

ക്ഷേത്രത്തിലെ പൂജയുടെയും ആചാരങ്ങളുടെയും കാര്യത്തില്‍ തന്ത്രിക്ക് അന്തിമതീരുമാനം എടുക്കാനുള്ള സര്‍വസ്വതന്ത്ര്യവുമുണ്ടെന്ന്, ഷിരൂര്‍ മഠ് കേസില്‍ സുപ്രിംകോടതി 1954 ല്‍ വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ ചുമതല ക്ഷേത്രഭരണം മാത്രമാണ്. ഒരു തന്ത്രിയെ മാറ്റാനോ, മറ്റൊരു തന്ത്രിയെ നിയമിക്കാനോ ബോര്‍ഡിന് അവകാശമില്ല. താന്ത്രികസ്ഥാനം പരമ്പരയായി കൈമാറിക്കിട്ടുന്നതാണ്. രാജീവരെ മാറ്റാനുള്ള ഏത് നീക്കത്തിനെതിരെയും സുപ്രിംകോടതിയെ സമീപിക്കുമെന്നും തന്ത്രിസമാജം ജനറല്‍ സെക്രട്ടറി പ്ലാക്കുടി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു. 

തിരുവിതാംകൂര്‍ രാജാവ് 1949 ല്‍ ഇന്ത്യ സര്‍ക്കാരിന് കൈമാറിയ കവനന്റില്‍ ദേവസ്വം ബോര്‍ഡിന് ക്ഷേത്ര ഭരണത്തിനുള്ള അധികാരം മാത്രമേയുള്ളൂവെന്ന് വ്യക്തമായി പറയുന്നുണ്ട്. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ തന്ത്രിയും റിവ്യൂ പെറ്റീഷന്റെ ഭാഗമാണ്. കോടതിയില്‍ അദ്ദഹം തന്റെ നിലപാട് വ്യക്തമാക്കും. നിലവിലെ രീതി അനുസരിച്ച്, ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍, ക്ഷേത്ര ആചാരങ്ങളും പൂജകളും നടത്തുന്നതിന് തന്ത്രിയെ ക്ഷണിക്കുകയാണ്. പൂജ ചെയ്യുന്നതിന് തന്ത്രിക്ക് ടിഎ,ഡിഎ, ദക്ഷിണ എന്നിവയാണ് നല്‍കുന്നത്. തന്ത്രി ബോര്‍ഡിന്റെ ജീവനക്കാരനല്ലെന്നും കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു. 

അതേസമയം തന്ത്രിയെ നീക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരം ഉണ്ടെന്ന ഉറച്ച നിലപാടിലാണ് ബോര്‍ഡ് അംഗം കെ പി ശങ്കരദാസ്. മുമ്പ് ആരോപണം ഉണ്ടായപ്പോള്‍ തന്ത്രി കണ്ഠര് മോഹനരെ ബോര്‍ഡ് മാറ്റിയിരുന്നു. താഴമണ്‍ കുടുംബം അത് അംഗീകരിച്ചിരുന്നു. എന്നാല്‍ കണ്ഠര് രാജീവരെ മാറ്റാന്‍ ദേവ്‌സവം ബോര്‍ഡ് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. ദേവസ്വം ബോര്‍ഡ് നല്‍കിയ നോട്ടീസിന് ലഭിക്കുന്ന മറുപടിക്ക് ശേഷം മാത്രമേ നടപടി വേണോ എന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകുകയുള്ളൂവെന്നും കെപി ശങ്കരദാസ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com