ആലപ്പാട്ടെ പ്രശ്‌നങ്ങളെ പറ്റി സര്‍ക്കാരിന് നല്ല ബോധ്യമുണ്ട്; വിശദമായി പരിശോധിക്കുമെന്ന് ഇ പി ജയരാജന്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 12th January 2019 01:02 PM |
Last Updated: 12th January 2019 01:02 PM | A+A A- |

കൊല്ലം: ആലപ്പാട് ഐആര്‍ഇ നടത്തിവരുന്ന കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ പറ്റി സര്‍ക്കാരിന് നല്ല ബോധ്യമുണ്ടെന്ന് വ്യവസായമന്ത്രി ഇ പി ജയരാജന്‍. പ്രശ്‌നങ്ങള്‍ വിശദമായി പരിശോധിച്ച് സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു. രാത്രികാലങ്ങളില്‍ വന്‍തോതില്‍ കരിമണല്‍ കടത്തുന്നുണ്ട്. കരിമണല്‍ കടത്ത് തടയാന്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും വ്യവസായ മന്ത്രി അറിയിച്ചു.
കരിമണല്‍ ഖനനം പൂര്‍ണമായും നിര്‍ത്തിവച്ച ശേഷം ചര്‍ച്ചയാകാമെന്ന് ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ച സര്‍ക്കാര്‍ നിലപാടിന് മറുപടിയായി സമരസമിതി വ്യക്തമാക്കിയിരുന്നു. ആലപ്പാട് പഞ്ചായത്തില്‍ വച്ചുതന്നെ പൊതു ഇടത്തില്‍ ചര്‍ച്ച നടത്തണമെന്ന് സമരസിതി നേതാവ് കാര്‍ത്തിക് ശശി പറഞ്ഞു. സമരസമിതിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും വ്യസായ വകുപ്പ് മുന്‍കൈ എടുക്കുമെന്നും മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി സമരസിതി രംഗത്ത് വന്നിരിക്കുന്നത്. സര്‍ക്കാര്‍ ആലപ്പാട്ടെ ജനങ്ങളെ വിശ്വാസത്തിലെടുക്കണമെന്നും ചര്‍ച്ചയ്ക്ക് ക്ഷണിച്ച സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും സമരസമിതി പറഞ്ഞു.
ഉപാധികള്‍ മുന്നോട്ടുവച്ചു മാത്രമേ ചര്‍ച്ചയുള്ളു എന്ന നിലപാടില്‍ നിന്ന് സമരസമിതി പിന്‍മാറണമെന്ന് കരുനാഗപ്പള്ളി എംഎല്‍എ ആര്‍ രാമചന്ദ്രന്‍ പറഞ്ഞു. ഒരു ഉപാധിയും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കാന്‍ സാധ്യതയില്ലെന്നും ഒരു പ്രശ്‌നം ഉയര്‍ന്നുവന്നാല്‍ എല്ലാ വശങ്ങളും ചര്‍ച്ച ചെയ്ത് സമവായം കണ്ടെത്താന്‍ ശ്രമിക്കണമെന്ന് രാമചന്ദ്രന്‍ പറഞ്ഞു.