പതിനൊന്നാം ദിവസവും മൂന്നാര്‍ മേഖലയില്‍ താപനില മൈനസില്‍; സന്ദര്‍ശക പ്രവാഹം
By സമകാലികമലയാളം ഡെസ്‌ക് | Published: 12th January 2019 07:04 AM |
Last Updated: 12th January 2019 07:04 AM | A+A A- |

മൂന്നാര്‍: തുടര്‍ച്ചയായ പതിനൊന്നാം ദിവസവും മൂന്നാര്‍ മേഖലയില്‍ താപനില മൈനസില്‍ തുടരുന്നു. മൂന്നാറിന്റെ സമീപകാല ചരിത്രത്തില്‍ ആദ്യമായാണിത്.പുല്‍മൈതാനികള്‍ മഞ്ഞുകണങ്ങള്‍വീണ് പരവതാനി വിരിച്ചനിലയിലാണ്. ഹെക്ടര്‍ കണക്കിന് തേയിലച്ചെടികള്‍ കരിഞ്ഞുണങ്ങി. തണുപ്പ് ആസ്വദിക്കാന്‍ മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ എസ്‌റ്റേറ്റ് മേഖലകളിലേക്കും പോകുന്നുണ്ട്.
തണുപ്പ് ആസ്വദിക്കാന്‍ സന്ദര്‍ശകരുടെ പ്രവാഹമാണ്. 6000 മുതല്‍ 10,000 വരെ സന്ദര്‍ശകരെത്തുന്നതായാണ് കണക്ക്. ചെണ്ടുവരയില്‍ കഴിഞ്ഞദിവസം മൈനസ് നാലായിരുന്നു താപനില. ചിറ്റുവര, ചെണ്ടുവര, തെന്മല, എല്ലപ്പെട്ടി എന്നിവിടങ്ങളില്‍ താപനില മൈനസ് രണ്ടായിരുന്നു. മൂന്നാര്‍ ടൗണ്‍, കന്നിമല, പഴയ മൂന്നാര്‍ എന്നിവിടങ്ങളില്‍ പൂജ്യവും. വരയാടുകളുടെ സംരക്ഷണകേന്ദ്രമായ രാജമല, വനംവികസന കോര്‍പ്പറേഷന്റെ ടൂറിസം പദ്ധതി നടപ്പാക്കിയിട്ടുള്ള മീശപ്പുലിമല, ഉയര്‍ന്ന പ്രദേശമായ ടോപ്‌സ്‌റ്റേഷന്‍ തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം തണുപ്പുകാല ദൃശ്യങ്ങള്‍ തേടിയെത്തുന്നവരുടെ തിരക്കാണ്.