ഫ്ളക്സുകള്‍ അപകടകരമെന്ന് മുന്നറിയിപ്പ്: പ്രത്യുല്പാദനത്തെയും ഭ്രൂണവളര്‍ച്ചയെയും ബാധിക്കും
By സമകാലികമലയാളം ഡെസ്‌ക് | Published: 12th January 2019 07:26 AM |
Last Updated: 12th January 2019 07:26 AM | A+A A- |

കൊച്ചി: പി.വി.സി. ഫ്‌ളക്‌സിന്റെ ഉപയോഗം അപകടകരമെന്ന് സംസ്ഥാന ശുചിത്വ മിഷന്റെ റിപ്പോര്‍ട്ട്. വീര്യമേറിയ വിഷമായ ഡയോക്‌സിനുകളുടെ വലിയ ഉറവിടമാണ് പി.വി.സി. ഫ്‌ളക്‌സുകള്‍. ഇത് പ്രത്യുല്പാദനത്തെയും ഭ്രൂണവളര്‍ച്ചയെപ്പോലും പ്രതികൂലമായി ബാധിക്കുകയും രോഗപ്രതിരോധ വ്യവസ്ഥയെ തകര്‍ക്കുകയും ചെയ്യും. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തും. കാന്‍സര്‍പോലുള്ള മാരക രോഗങ്ങള്‍ക്ക് ഡയോക്‌സിന്‍ കാരണമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്ലോറിനേറ്റഡ് പ്ലാസ്റ്റിക്കുകള്‍ ചൂടാക്കുകയോ കത്തിക്കുകയോ ചെയ്യുമ്പോഴാണ് ഡയോക്‌സിനുകള്‍ പുറത്തുവരുന്നത്. ജൈവകോശങ്ങളുടെ വളര്‍ച്ചയും വികാസവും പലതരത്തില്‍ തടയാനും തളര്‍ത്താനും ഡയോക്‌സിനുകള്‍ക്ക് കഴിയുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പി.വി.സി.യും പോളിസ്റ്ററും ചേര്‍ത്തുണ്ടാക്കുന്ന മള്‍ട്ടിലെയര്‍ പ്ലാസ്റ്റിക്കുകളാണ് പി.വി.സി. ഫ്‌ളക്‌സ്. പരസ്യബോര്‍ഡുകളുടെ നിര്‍മാണത്തിനും താത്കാലിക ടെന്റുകളുടെയും പന്തലുകളുടെയും നിര്‍മാണത്തിനുമാണ് ഇവ ഉപയോഗിക്കുന്നത്. ഓരോ ജില്ലയിലും ശരാശരി നാല്പത് സ്ഥാപനങ്ങള്‍ പി.വി.സി ഫ്‌ളക്‌സ് പ്രിന്റ് ചെയ്യുന്നുണ്ട്. ദിവസവും ആയിരം ചതുരശ്രയടി പി.വി.സി ഫ്‌ളക്‌സ് പ്രിന്റ് ചെയ്യുന്നുവെന്ന് കണക്കാക്കിയാല്‍പോലും പ്രതിവര്‍ഷം അഞ്ഞൂറു ടണ്‍ പ്രിന്റിങ്ങാണ് നടക്കുന്നത്. ഇതാണ് നമ്മുടെ മാലിന്യക്കൂനകളില്‍ പിന്നീട് എത്തിച്ചേരുന്നത്.
പുനഃചംക്രമണം ചെയ്യാന്‍ സാധിക്കാത്ത മാലിന്യമാണിത്. പി.വി.സി.യും പോളിസ്റ്ററും വേര്‍തിരിച്ചെടുത്താല്‍മാത്രമേ പുനഃചംക്രമണം സാധ്യമാകൂ. നീണ്ടകാലം രാസമാറ്റങ്ങള്‍ക്ക് വിധേയമാകാതെ നമ്മുടെ ചുറ്റുപാടുകളില്‍ ഇവ അവശേഷിക്കുന്നതും വിനാശമാണ്.
തെരഞ്ഞെടുപ്പ് അടക്കമുള്ള പരസ്യപ്രചാരണങ്ങള്‍ക്കും സര്‍ക്കാര്‍, സ്വകാര്യ, മതപരമായ ചടങ്ങുകള്‍ക്കും പി.വി.സി. ഫ്‌ളക്‌സ്, ബാനര്‍ എന്നിവ ഉപയോഗിക്കരുതെന്ന് സംസ്ഥാന ശുചിത്വ മിഷന്‍ ശുപാര്‍ശ ചെയ്യുന്നു. പകരം പ്രകൃതി സൗഹൃദവും റീസൈക്കിള്‍ ചെയ്യാവുന്നതുമായ പോളി എത്തിലീനോ, കോട്ടണ്‍ തുണിയോ ഉപയോഗിക്കാമെന്നും നിര്‍ദേശിക്കുന്നു.