ശബരിമലയില്‍ അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തി; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th January 2019 06:50 AM |
Last Updated: 12th January 2019 06:50 AM | A+A A- |
കോട്ടയം: മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ സന്നിധാനത്തെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ന്യൂസ് 18 ലേഖകന്‍, അമൃത ടിവി ബ്യൂറോ ചീഫ് എം.ശ്രീജിത്, ജനം ടിവി ലേഖകന്‍ ഉമേഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
സന്നിധാനത്തെ ദൃശ്യങ്ങള്‍ ഇവര്‍ പകര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടി 117ഇ വകുപ്പ് പ്രകാരമാണ് കേസ്. നവംബര്‍ 15ന് രാത്രിയായിരുന്നു സംഭവം. സന്നിധാനത്ത് ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിങ്ങിന് പൊലീസ് അനുമതി നല്‍കിയില്ല. തുടര്‍ന്ന് ബലം പ്രയോഗിച്ച് മാധ്യമ സംഘത്തെ പൊലീസ് സന്നിധാനത്ത് നിന്ന് മാറ്റുകയും ട്രാക്റ്ററില്‍ പമ്പയിലെത്തിക്കുകയും ചെയ്തു. അവിടെ നിന്നാണ് പൊലീസ് വാഹനത്തില്‍ പുലര്‍ച്ചെ രണ്ടിന് പത്തനംതിട്ടയില്‍ കൊണ്ടുവിട്ടു.
അനുമതി വാങ്ങാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിച്ചാണ് കേസ്. നിലയ്ക്കല്‍ സ്റ്റേഷനില്‍എത്തി ജാമ്യമെടുക്കണം എന്ന പൊലീസ് അറിയിപ്പ് ഈ മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോട്ടയം ജില്ലാ ഘടകം പ്രതിഷേധിച്ചു.