ഖനനം പൂര്‍ണമായി നിര്‍ത്തിയ ശേഷം ചര്‍ച്ചയാകാമെന്ന് സമരസമിതി; ഉപാധികള്‍ വയ്ക്കരുതെന്ന് എംഎല്‍എ

ആലപ്പാട് ഐആര്‍ഇ നടത്തിവരുന്ന കരിമണല്‍ ഖനനം പൂര്‍ണമായും നിര്‍ത്തിവച്ച ശേഷം ചര്‍ച്ചയാകാമെന്ന് സമരസമിതി
ഖനനം പൂര്‍ണമായി നിര്‍ത്തിയ ശേഷം ചര്‍ച്ചയാകാമെന്ന് സമരസമിതി; ഉപാധികള്‍ വയ്ക്കരുതെന്ന് എംഎല്‍എ


കൊല്ലം: ആലപ്പാട് ഐആര്‍ഇ നടത്തിവരുന്ന കരിമണല്‍ ഖനനം പൂര്‍ണമായും നിര്‍ത്തിവച്ച ശേഷം ചര്‍ച്ചയാകാമെന്ന് സമരസമിതി. ആലപ്പാട് പഞ്ചായത്തില്‍ വച്ചുതന്നെ പൊതു ഇടത്തില്‍ ചര്‍ച്ച നടത്തണമെന്ന് സമരസിതി നേതാവ് കാര്‍ത്തിക് ശശി പറഞ്ഞു. സമരസമിതിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും വ്യസായ വകുപ്പ് മുന്‍കൈ എടുക്കുമെന്നും മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി സമരസിതി രംഗത്ത് വന്നിരിക്കുന്നത്. സര്‍ക്കാര്‍ ആലപ്പാട്ടെ ജനങ്ങളെ വിശ്വാസത്തിലെടുക്കണമെന്നും ചര്‍ച്ചയ്ക്ക് ക്ഷണിച്ച സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും സമരസമിതി പറഞ്ഞു. 

ഉപാധികള്‍ മുന്നോട്ടുവച്ചു മാത്രമേ ചര്‍ച്ചയുള്ളു എന്ന നിലപാടില്‍ നിന്ന് സമരസമിതി പിന്‍മാറണമെന്ന് കരുനാഗപ്പള്ളി എംഎല്‍എ ആര്‍ രാമചന്ദ്രന്‍ പറഞ്ഞു. ഒരു ഉപാധിയും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കാന്‍ സാധ്യതയില്ലെന്നും ഒരു പ്രശ്‌നം ഉയര്‍ന്നുവന്നാല്‍ എല്ലാ വശങ്ങളും ചര്‍ച്ച ചെയ്ത് സമവായം കണ്ടെത്താന്‍ ശ്രമിക്കണമെന്ന് രാമചന്ദ്രന്‍ പറഞ്ഞു. 

സമരസമിതിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. വ്യവസായ വകുപ്പ് ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കുമെന്നും അവര്‍ വ്യക്തമാക്കി. അശാസ്ത്രീയ ഖനനം പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ജനങ്ങള്‍ക്ക് ഒപ്പമാണ് സര്‍ക്കാര്‍. തീരം ഇടിയുന്ന തരത്തില്‍ ഖനനം അനുവദിക്കാനാവില്ല. ജനങ്ങള്‍ ആവശ്യമുന്നയിച്ചാല്‍ ചര്‍ച്ച വേണമല്ലോ. അതിനാല്‍ വ്യവസായ വകുപ്പ് ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കും- മന്ത്രി പറഞ്ഞു. ഈ സര്‍ക്കാരിന്റെ കാലത്ത് പുലിമുട്ട് കെട്ടാന്‍ നടപടിയുണ്ടായെന്നും ടെന്‍ഡര്‍ ചെയത് ജോലി തുടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com