ചോദ്യപേപ്പറില്‍ അടിമുടി മാറാനൊരുങ്ങി പി എസ് സി; ചോദ്യബാങ്ക് റെഡി; ഉത്തരമെഴുതാം

ഓരോ പരീക്ഷയ്ക്കും ഒരുലക്ഷം വീതം ചോദ്യങ്ങളുള്‍പ്പെടുത്തിയ വന്‍ ശേഖരമാണ് തയ്യാറാക്കാന്‍ ആലോചിക്കുന്നത്
ചോദ്യപേപ്പറില്‍ അടിമുടി മാറാനൊരുങ്ങി പി എസ് സി; ചോദ്യബാങ്ക് റെഡി; ഉത്തരമെഴുതാം

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ചോദ്യബാങ്കും മൂല്യനിര്‍ണയ കേന്ദ്രവും തുടങ്ങുന്നു. ഓരോ പരീക്ഷയ്ക്കും ഒരുലക്ഷം വീതം ചോദ്യങ്ങളുള്‍പ്പെടുത്തിയ വന്‍ ശേഖരമാണ് തയ്യാറാക്കാന്‍ ആലോചിക്കുന്നത്. ഇതില്‍നിന്നും കമ്പ്യൂട്ടര്‍ വഴി തിരഞ്ഞെടുക്കുന്നവ അടങ്ങിയതാകും ചോദ്യാവലി. നിലവില്‍ യൂണിവേഴ്‌സിറ്റി അധ്യാപകരടങ്ങിയ വിദഗ്ധ സമിതി നല്‍കുന്ന നാലു സെറ്റ് ചോദ്യത്തില്‍ നിന്നും നറുക്കിട്ട് എടുക്കുന്ന ഒരെണ്ണം പൊട്ടിച്ചു നോക്കാതെ ഗ്രാന്‍ഡിംഗിന് നല്‍കുന്നതാണ് രീതി. ഇതുമൂലം ചോദ്യത്തിലെ അബദ്ധങ്ങള്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പരീക്ഷാര്‍ത്ഥിയുടെ മുന്നിലേക്കും പിന്നീട് വിവാദമാവുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ഒരുലക്ഷം ചോദ്യങ്ങളും ഉത്തരവും തയ്യാറാക്കി പിഴവു തീര്‍ത്തുവച്ചാല്‍ പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്നാണ് പിഎസ് സിയുടെ കണക്ക്കൂട്ടല്‍. ലക്ഷം ചോദ്യങ്ങള്‍ മുന്‍കൂട്ടി പ്രസിദ്ധീകരിച്ചാലും തെറ്റില്ല എന്നൊരു നിലപാടും പി.എസ്.സിക്കുണ്ട്. ലക്ഷം ചോദ്യത്തിനും ഉത്തരം കാണാതെ പഠിച്ചു വരുന്ന മിടുക്ക് സമ്മതിക്കാം.

വിദഗ്ധ സമിതി അംഗങ്ങളായ അധ്യാപകര്‍ ചോദ്യങ്ങള്‍ തയ്യാറാക്കുന്നതില്‍ കാര്യഗൗരവം കാട്ടാറില്ലെന്ന വിമര്‍ശനം പി.എസ്.സിയില്‍ തന്നെയുണ്ട്. ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ ശിഷ്യരെ നിയോഗിക്കുന്ന അധ്യാപകരുണ്ട്. ഇത്തരത്തില്‍ ശിഷ്യര്‍ തയ്യാറാക്കിയ ജേര്‍ണലിസം ചോദ്യാവലി, പിന്നീട് പി.എസ്.സിക്ക് പുലിവാലായ സംഭവവും ഉണ്ടായിട്ടുണ്ട്. വിദഗ്ധ സമിതിയിലേക്ക് ഓരോ വിഷയത്തിലും പ്രഗദ്ഭരായവരെ നിയോഗിക്കാന്‍ യൂണിവേഴ്‌സിറ്റികളോട് പി.എസ്.സി ആവശ്യപ്പെടും. അതനുസരിച്ച് യൂണിവേഴ്‌സിറ്റി നല്‍കുന്ന പേരുകളില്‍ താത്കാലിക അധ്യാപകരും കടന്നുകൂടുന്നു. ഇവര്‍ തയ്യാറാക്കുന്ന ചോദ്യങ്ങള്‍ക്ക് ഇവര്‍തന്നെ ഉത്തരമെഴുതി ജയിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

ഇതിലപ്പുറമാണ് പി.എസ്.സി പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയത്തില്‍ നടക്കുന്നത്. അധ്യാപകര്‍ അത് കാര്യമായി എടുക്കാറില്ലെന്നു മാത്രമല്ല ശിഷ്യരെ ഏല്‍പ്പിക്കുക കൂടി ചെയ്യുന്നു. പല പരീക്ഷകളുടെയും ഫലം വൈകുന്നതിന്റെയും ഒന്നിച്ചു പരീക്ഷയെഴുതിയവര്‍ ഒന്നിച്ചു ലിസ്റ്റില്‍ വരുന്നതിന്റെയും രഹസ്യവും മറ്റൊന്നല്ല. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രീകൃത മൂല്യനിര്‍ണയ കേന്ദ്രം തുടങ്ങാന്‍ ആലോചിക്കുന്നത്. നിലവില്‍ പി.എസ്.സി പരീക്ഷാ പേപ്പര്‍ അധ്യാപകരുടെ വീട്ടിലെത്തിച്ചു കൊടുക്കുകയാണ് പതിവ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com