ശശികുമാര വർമ്മ കള്ളനാണ്; അയ്യപ്പനെ കൊല്ലാന്‍ കാട്ടിലയച്ചവരാണ് രാജ കുടുംബം - രൂക്ഷ വിമർശനവുമായി മന്ത്രി ജി സുധാകരൻ

പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ജി സുധാകരൻ
ശശികുമാര വർമ്മ കള്ളനാണ്; അയ്യപ്പനെ കൊല്ലാന്‍ കാട്ടിലയച്ചവരാണ് രാജ കുടുംബം - രൂക്ഷ വിമർശനവുമായി മന്ത്രി ജി സുധാകരൻ

തിരുവനന്തപുരം: പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ജി സുധാകരൻ. ശശികുമാര വർമ്മ കള്ളനാണെന്നും മോഷണ സ്വഭാവമുള്ളതുകൊണ്ടാണ് തിരുവാഭരണം തിരിച്ചു കിട്ടുമോയെന്ന് ശശികുമാര വർമ്മ സംശയിച്ചതെന്നും മന്ത്രി ആരോപിച്ചു. തന്ത്രിക്കെതിരെയും മന്ത്രി കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ഭക്തി കൊണ്ടല്ല സാമ്പത്തിക താത്പര്യം കൊണ്ടാണ് തന്ത്രി കടിച്ചുതൂങ്ങി കഴിയുന്നതെന്ന് അദ്ദേഹം വിമർശിച്ചു. 

ശശികുമാറിന് മോഷണ സ്വഭാവമുണ്ട് കള്ളനാണ്. അതുകൊണ്ടാണ് തിരുവാഭരണം തിരികെ കിട്ടുമോ എന്നറിയില്ല എന്ന് സംശയിക്കുന്നത്. അയ്യപ്പനെ കൊല്ലാന്‍ കാട്ടിലയച്ചവരാണ് ഈ രാജ കുടുംബം. ശശി ഇപ്പോള്‍ രാജാവാണെന്ന് പറഞ്ഞ് നടക്കുകയാണ്. പഴയ എസ്എഫ്‌ഐ നേതാവായിരുന്നു. അന്ന് ഇറച്ചിയും മീനുമെല്ലാം തട്ടി വിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ശബരിമലയില്‍ പോകുന്ന സ്ത്രീകളുടെ ഭൂതവും വര്‍ത്തമാനവുമൊന്നും പരിശോധിക്കണ്ട കാര്യമില്ലെന്ന് സുധാകരൻ വ്യക്തമാക്കി. ഭക്തയാണങ്കില്‍ പോകാം. ഇതെല്ലാം ചികയുന്നവരുടെ ഭൂതകാലം അന്വേഷിച്ചാല്‍ അത് വളരെ മോശമായിരിക്കും. സ്ത്രീകള്‍ ശബരിമലയിലെത്തിയാല്‍ അയ്യപ്പന് ഒരു പ്രശ്‌നവുമില്ല. സ്ത്രീകളെ ശബരിമലയില്‍ കണ്ടാല്‍ പ്രശ്‌നമുള്ളവര്‍ അങ്ങോട്ട് പോകേണ്ട. 

തന്ത്രി അയ്യപ്പനെ കാത്ത് സൂക്ഷിക്കേണ്ടവനാണ്. പക്ഷെ, ഈ തന്ത്രി ഭക്തനല്ല, ഭൗതികവാദിയാണ്. അതുകൊണ്ടാണ് നടയടച്ച് പോകുമെന്ന് പറഞ്ഞത്. പുണ്യാഹം തളിച്ചത് ഭരണഘടനാവിരുദ്ധമാണെന്നും ജി സുധാകരൻ വ്യക്തമാക്കി. 

നിരന്തരമായി ഭീഷണി ലഭിച്ചതിനെ തുടര്‍ന്നാണ് തിരുവാഭരണ ഘോഷയാത്രയ്ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതെന്ന് ശശികുമാര വര്‍മ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. തിരുവാഭരണം കൊണ്ടുപോയതു പോലെ തിരികെയെത്തില്ലെന്ന് കത്തുകള്‍ ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ സുരക്ഷയെ സംബന്ധിച്ച് തുടക്കം മുതല്‍ തന്നെ ആശങ്കയുണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുമായി ഇക്കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് കോടതിയെ സമീപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com