ഞങ്ങൾക്ക് പഠിക്കണം; ഹർത്താലിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി വിദ്യാർഥികൾ രം​ഗത്ത്

ഹർത്താലിൽ നിന്ന് പാൽ, പത്രം, ആശുപത്രി എന്നിവയെ ഒഴിവാക്കുന്നതു പോലെ സ്കൂളുകളെയും ഒഴിവാക്കണമെന്ന ആവശ്യവുമായി ഒരുകൂട്ടം വിദ്യാർഥികൾ
ഞങ്ങൾക്ക് പഠിക്കണം; ഹർത്താലിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി വിദ്യാർഥികൾ രം​ഗത്ത്

തിരുവനന്തപുരം: ഹർത്താലിൽ നിന്ന് പാൽ, പത്രം, ആശുപത്രി എന്നിവയെ ഒഴിവാക്കുന്നതു പോലെ സ്കൂളുകളെയും ഒഴിവാക്കണമെന്ന ആവശ്യവുമായി ഒരുകൂട്ടം വിദ്യാർഥികൾ. ഹർത്താലിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ന​ഗരത്തിലുള്ള വിവിധ സ്കൂളുകളിലെ വിദ്യാർഥികളാണ് പത്രസമ്മേളനവുമായി രംഗത്തെത്തിയത്. യുണൈറ്റഡ് സ്കൂൾ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് കുട്ടികൾ സംഘടിച്ചത്. 

220 അധ്യയന ദിവസങ്ങൾ ലഭിക്കേണ്ടിടത്ത് ഈ വർഷം 145 ദിവസമാണ് ക്ലാസ് നടന്നത്. ഇനിയുള്ള കാലംകൂടി കണക്കാക്കിയാൽ 185 സാധ്യായന ദിവസത്തിൽ കൂടുതൽ വരില്ല. പഠനഭാരമാകട്ടെ 220 ദിവസത്തേക്കുള്ളതാണ്. പഠിപ്പിച്ചു തീരാത്ത ഈ പാഠഭാഗങ്ങൾ തങ്ങൾ എങ്ങനെ പഠിക്കുമെന്നും എങ്ങനെ പരീക്ഷ എഴുതുമെന്നും അവർ ചോദിക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽ ഹർത്താൽ അപൂർവമാണ്. പ്രതിഷേധങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും സ്കൂളിന്റെ പ്രവർത്തനം ആരും തടസപ്പെടുത്തില്ല. ഇവിടെ ആദ്യം തടയുക സ്കൂൾ ബസാണ്. തങ്ങൾ മത്സരിക്കേണ്ടത് ആരോടാണെന്നും ആരിതിനൊക്കെ ഉത്തരം പറയുമെന്നും വിദ്യാർഥികൾ ചോദിക്കുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവർണർക്ക് നിവേദനം നൽകാനാണ് കുട്ടികളുടെ പരിപാടി. പട്ടം സെന്റ്‌ മേരീസ് സ്കൂളിലെ അഫ്‌ന, വിഴിഞ്ഞം സെന്റ്‌ ഫ്രാൻസിസ് സെക്കൻഡറി സ്കൂളിലെ ഭവ്യ, കവടിയാർ ക്രൈസ്റ്റ് നഗർ സ്കൂളിലെ അങ്കിത് പ്രവീൺ, കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂളിലെ ദേവിക, ആറ്റുകാൽ ചിന്മയയിലെ അപൂർവ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. കവടിയാർ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ബിനോ പട്ടരുകളം, ക്രൈസ്റ്റ് നഗർ സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷൈനി മാത്യു എന്നിവരും കുട്ടികളോടൊപ്പമുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com