'ദ്യുതി 2021': പുതിയ ഡാമുകള്‍, ജലാശയങ്ങളില്‍ സോളാര്‍ നിലയങ്ങള്‍; താപനിലയങ്ങള്‍ പ്രകൃതി വാതകത്തിലേക്ക്; അടിമുടി മാറ്റവുമായി വൈദ്യുതിവകുപ്പ്

കേരളത്തിലെ വൈദ്യുതി സേവനങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പദ്ധതി വരുന്നു
'ദ്യുതി 2021': പുതിയ ഡാമുകള്‍, ജലാശയങ്ങളില്‍ സോളാര്‍ നിലയങ്ങള്‍; താപനിലയങ്ങള്‍ പ്രകൃതി വാതകത്തിലേക്ക്; അടിമുടി മാറ്റവുമായി വൈദ്യുതിവകുപ്പ്

തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതി സേവനങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പദ്ധതി വരുന്നു. പുനരുപയോഗ ഊര്‍ജം, ഊര്‍ജക്ഷമത, വൈദ്യുതി മോട്ടോര്‍ വാഹനങ്ങള്‍, സംഭരണ സാങ്കേതികവിദ്യ തുടങ്ങിയ പുതുതലമുറ സേവനങ്ങള്‍ നല്‍കാനാകുന്നവിധം വൈദ്യുതി മേഖലയുടെ പരിമിതികള്‍ മറികടക്കുകയാണ് ലക്ഷ്യം.

ഇതിനായി വൈദ്യുതി ശൃംഖല ആധുനികവല്‍ക്കരിക്കും. എല്ലാ നിയന്ത്രണവും ഒഴിവാക്കി, ഇടതടവില്ലാതെ സംസ്ഥാനത്തിന്റെ ആവശ്യം നിര്‍വഹിക്കാനുള്ള പദ്ധതികളാകും ഏറ്റെടുക്കുക.

വൈദ്യുതി ബോര്‍ഡിനെ പൊതുമേഖലയില്‍ നിലനിര്‍ത്തി 1998ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ബദല്‍ വൈദ്യുതോര്‍ജ നയം പ്രഖ്യാപിച്ചു.ഈ നയത്തെ 2013ല്‍ വിജയകരമായ മാതൃകയായി ലോക ബാങ്ക് പഠനം വിലയിരുത്തി. ഭാവി കേരളത്തിന്റെ ആവശ്യകത കൂടി കണ്ടറിഞ്ഞുള്ള തുടര്‍നയമാകും നടപ്പാക്കുകയെന്ന് സംസ്ഥാന വൈദ്യുതി വകുപ്പിന്റെ കരട്‌നയം വ്യക്തമാക്കുന്നു.

സംസ്ഥാനത്തിന്റെ എല്ലാ മേഖലയുടെയും വികസനത്തിനാവശ്യമായ ഗുണമേന്മയുള്ള വൈദ്യുതി ഉറപ്പുവരുത്തും. സാമ്പത്തിക വളര്‍ച്ചയ്ക്കും ഉല്‍പ്പന്നങ്ങളും സേവനങ്ങളും വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിനുമുള്ള നിര്‍ദേശങ്ങളാണ് നയത്തിലുള്ളത്.

സര്‍വേ പ്രകാരം 2018-19ല്‍ 27,184 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്തിന് ആവശ്യം. 2021-22ല്‍ ഇത് 31,371 ദശലക്ഷം യൂണിറ്റും 2026-27ല്‍ 39,357 ദശലക്ഷം യൂണിറ്റുമായി ഉയരും. വിവിധ സ്രോതസ്സുകളില്‍നിന്നുള്ള വൈദ്യുതി മത്സരാധിഷ്ഠിത വിലയില്‍ ലഭ്യമാക്കിയാകും ഊര്‍ജഭദ്രത ഉറപ്പാക്കുക.

പുനരുപയോഗ ഊര്‍ജമേഖല വികസിപ്പിക്കാനും സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉല്‍പ്പാദന അസ്ഥിരത പരിഹരിക്കാനും ചെലവ് വിഭജിക്കാനുമുള്ള ചട്ടക്കൂട് രൂപീകരിക്കും. ഖര മാലിന്യത്തില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള സാധ്യതകളും തേടും. വൈദ്യുതി വിതരണത്തിലെ ചെലവ് ചുരുക്കി വ്യവസായത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കും. വൈദ്യുതി ബോര്‍ഡിന്റെ ചെലവുകള്‍ യുക്തിസഹമാക്കും. സാങ്കേതികവിദ്യയുടെ സഹായത്തോടെ സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തു

സംഭരണശേഷി കൂടിയ ജലനിലയങ്ങളാണ് ഭാവി പദ്ധതികളില്‍ പ്രധാനം. നിര്‍മാണത്തിലുള്ളവ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. നിലവിലുള്ളവയുടെ സ്ഥാപിതശേഷിയും സംഭരണശേഷിയും വര്‍ധിപ്പിക്കും. നാഫ്ത, ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന താപനിലയങ്ങളെ പ്രകൃതിവാതകാധിഷ്ഠിതമാക്കും. സംസ്ഥാനത്തെ ജലാശയങ്ങളില്‍ സോളാര്‍ നിലയങ്ങള്‍ സ്ഥാപിക്കും.

മൂന്നുവര്‍ഷത്തിനകം പ്രസരണരംഗം ഉടച്ചുവാര്‍ക്കും. തിരുനെല്‍വേലി-കൊച്ചിക്കു പുറമെ, ഉടുപ്പി-ചീമേനി 400 കെവി ലൈനും പുനലൂര്‍-തൃശൂര്‍ എച്ച്‌വിഡിസി ലൈനും മൂന്നു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. വിതരണശൃംഖല നവീകരണത്തിന് 'ദ്യുതി 2021' എന്ന ബൃഹദ് പദ്ധതി നടപ്പാക്കും. കെട്ടിടനിര്‍മാണത്തില്‍ ഊര്‍ജസംരക്ഷണ ബില്‍ഡിങ് കോഡ് ഉറപ്പാക്കും. ഉപയോക്താക്കള്‍ക്ക് 24 മണിക്കൂറും സേവനം ഉറപ്പാക്കുന്നതിനായി വിതരണമേഖലയില്‍ പ്രവൃത്തി പുനഃസംഘടിപ്പിക്കും. വൈദ്യുതി സേവനകേന്ദ്രങ്ങള്‍ വ്യാപകമാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com