ബ്യൂട്ടി സലൂണിലെ വെടിവയ്പ്: ലീന മരിയ വിഐപി; നിസ്സഹകരണം; കാത്തിരിപ്പുമായി അന്വഷണസംഘം

നടി സഹകരിച്ചാല്‍ മാത്രമെ പൊലീസിന് പ്രതികളെ കണ്ടെത്താന്‍ കഴിയുവെന്ന വാദത്തോട് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരില്‍ പലര്‍ക്കും യോജിപ്പില്ല
ബ്യൂട്ടി സലൂണിലെ വെടിവയ്പ്: ലീന മരിയ വിഐപി; നിസ്സഹകരണം; കാത്തിരിപ്പുമായി അന്വഷണസംഘം

കൊച്ചി: സംരഭകയും നടിയുമായ ലീന മരിയ പോളിന്റെ ബ്യൂട്ടി സലൂണില്‍ വെടിവയ്പ് നടന്ന് ഒരുമാസമാകാറായിട്ടും പ്രതികളെ കണ്ടെത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല. ഡിസംബര്‍ 15ന് ഉച്ചയ്ക്ക് ശേഷം ബൈക്കിലെത്തിയ രണ്ടുപേരാണ് എയര്‍പിസ്റ്റല്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തത്.

മുംബൈ അധോലോക കുറ്റവാളിയായ രവി പൂജാരി നടിക്കുനല്‍കുന്ന മുന്നറിയിപ്പാണെന്ന് വരുത്തിതീര്‍ക്കാന്‍ ഹിന്ദിയില്‍ ആയാളുടെ പേരെഴുതിയ കുറിപ്പും സംഭവസ്ഥലത്ത് ഉപേക്ഷിച്ചിരുന്നു. 

ഇതിന് പിന്നാലെ നടിക്കും ഒരു ടിവി ചാനലിനും രവി പൂജാരിയെന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തിയുടെ ഫോണ്‍ വിളിയും വന്നു. സംഭവത്തിന് ശേഷം ഇന്നലെ വരെ 10 തവണ ഇയാള്‍ നടിയെയും ചാനലിനെയും ഫോണില്‍ വിളിച്ചിട്ടും ഫോണ്‍വിളിയുടെ ഉറവിടം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

നമ്പര്‍പ്ലേറ്റ് മാറ്റിയ ബൈക്കില്‍ ബ്യൂട്ടി സലൂണിലെത്തിയവര്‍ നഗരത്തിലൂടെ സഞ്ചരിച്ച വഴികളില്‍ പലയിടത്തും നിരീക്ഷണ ക്യാമറകള്‍ ഉണ്ടെങ്കിലും പ്രതികളെ സംബന്ധിക്കുന്ന സൂചനകളൊന്നും കിട്ടിയില്ല. അതിനിടയില്‍ വെടിഉതിര്‍ത്തവരെ കണ്ടെത്താന്‍ രവി പൂജാരി കൊച്ചി പൊലീസിനെ വെല്ലുവിളിക്കുകയും ചെയ്തു.

ഫോണില്‍ വിളിക്കുന്നയാള്‍ നേരിട്ടല്ല വെടിവയ്പുനാടകം ആസൂത്രണം ചെയ്തതെന്നും ബോധ്യപ്പെട്ടിട്ടും ഇയാളുടെ കൊച്ചിയിലെ സഹായിയെ കണ്ടെത്താനും പൊലീസിന് കഴിഞ്ഞിട്ടില്ല. കേസിലെ പരാതിക്കാരിയായ നടിയുടെ നിസ്സഹകരണമാണ് അന്വേഷണ പരാജയത്തിന്റെ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത്. നടിക്ക് ലഭിക്കുന്ന വിഐപി പരിഗണനയാണ് അന്വേഷണസംഘത്തോട് സഹകരിക്കാതിരിക്കുന്നതെന്നാണ് ചില പൊലിസുകാര്‍ പറയുന്നത്. എന്നാല്‍ നടി സഹകരിച്ചാല്‍ മാത്രമെ പൊലീസിന് പ്രതികളെ കണ്ടെത്താന്‍ കഴിയുവെന്ന വാദത്തോട് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരില്‍ പലര്‍ക്കും യോജിപ്പില്ല.

നടിയുടെ നിസ്സഹകരണം തന്നെ പ്രതികളിലേക്കുള്ള വ്യക്തമായ  സൂചനയായി കണക്കാക്കി അന്വേഷണം നടത്തണമെന്നാണ് ഇവരുടെ നിലപാട്. ലോക്കല്‍ പൊലീസിന് വെല്ലുവിളിയാകുന്ന അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com