ഓസ്‌ട്രേലിയന്‍ യാത്ര മത്സ്യബന്ധന ബോട്ടില്‍? കൊടുങ്ങല്ലൂരില്‍ നിന്നും 24 ബാഗുകള്‍ കൂടി കണ്ടെത്തി ; സംഘം ഇന്ത്യന്‍ അതിര്‍ത്തി കടന്നെന്ന് സൂചന
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th January 2019 04:38 PM |
Last Updated: 14th January 2019 04:38 PM | A+A A- |
പ്രതീകാത്മക ചിത്രം
കൊച്ചി: മുനമ്പം ഹാര്‍ബര്‍ വഴി ഓസ്‌ട്രേലിയയ്ക്ക് കടന്നതെന്ന് സംശയിക്കുന്ന സംഘത്തിന്റെ ബാഗുകള്‍ കൊടുങ്ങല്ലൂരില്‍ നിന്നും കണ്ടെത്തി. തെക്കേനടയിലാണ് ഉപേക്ഷിച്ച നിലയില്‍ 24 ബാഗുകള്‍ പൊലീസ് കണ്ടെത്തിയത്. നേരത്തേ മാല്യങ്കരയില്‍ നിന്നും ബാഗുകള്‍ കണ്ടെത്തിയിരുന്നു. ഉണങ്ങിയ പഴങ്ങള്‍, കുടുവെള്ളം, വസ്ത്രങ്ങള്‍, സ്വര്‍ണാഭരണങ്ങള്‍ എന്നിവയാണ് ബാഗുകളില്‍ ഉണ്ടായിരുന്നത്. അന്വേഷണം ഊര്‍ജ്ജിതമായി നടക്കുകയാണെന്നും കോവളം സ്വദേശിയുടെ 'ദേവമാത' യെന്ന മത്സ്യബന്ധന ബോട്ടിലാണ് സംഘം യാത്ര ചെയ്യുന്നതെന്നും പൊലീസ് വെളിപ്പെടുത്തി. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യന്തര മനുഷ്യക്കടത്ത് മാഫിയയാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
41 അംഗ സംഘത്തിലുണ്ടായിരുന്ന ഗര്‍ഭിണിയായ സ്ത്രീയുടെ പ്രസവം ചോറ്റാനിക്കര ആശുപത്രിയില്‍ നടന്നായും പൊലീസ് സംശയിക്കുന്നുണ്ട്. സംഘത്തിലുള്ളവര്‍ ഡല്‍ഹിയില്‍ നിന്നും കൊച്ചിയില്‍ വിമാനമിറങ്ങിയതിന്റെ ടിക്കറ്റുകള്‍ ബാഗുകളില്‍ നിന്ന് കണ്ടെത്തിയതിന് പിന്നാലെ വിമാനത്താവളത്തിലെ ദൃശ്യങ്ങളുടെ പരിശോധനയും ആരംഭിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ വംശജരോ, തമിഴ്‌നാടുകാരോ ആണ് മുനമ്പത്ത് നിന്നും യാത്ര തിരിച്ചതെന്നാണ് കരുതുന്നത്.
പത്ത് പേരടങ്ങുന്ന സംഘങ്ങളായി ഇവര്‍ സമീപത്തെ റിസോര്‍ട്ടുകളില്‍ കഴിഞ്ഞ ആഴ്ച തങ്ങിയിരുന്നു. 27 ദിവസത്തെ കടല്‍ യാത്രയ്‌ക്കൊടുവില്‍ മാത്രമേ ഇവര്‍ ഓസ്‌ട്രേലിയയില്‍ എത്തുകയുള്ളൂ. ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ന്യൂസിലന്‍ഡിലേക്കും ഓസ്‌ട്രേലിയയിലേക്കും മനുഷ്യക്കടത്ത് നടക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ബോട്ടിനായി നാവികസേനയും തീര സംരക്ഷണ സേനയും തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.