കരിമണല്‍ ഖനനം നിര്‍ത്താമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ നടക്കില്ല; സമരത്തില്‍ നാട്ടുകാരില്ലെന്ന് ഇപി ജയരാജന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th January 2019 10:44 AM |
Last Updated: 14th January 2019 10:44 AM | A+A A- |
കണ്ണൂര്‍: ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്താമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍ അതു നടക്കില്ലെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍. ഖനനം നിര്‍ത്തുന്ന ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കില്ല. ആലപ്പാട്ട് നടത്തുന്ന സമരം എന്തിനെന്ന് അറിയില്ലെന്ന് ജയരാജന്‍ പറഞ്ഞു.
കരിമണല്‍ വിലപിടിപ്പുള്ള പ്രകൃതി വിഭവമാണ്. അത് ഉപയോഗിക്കാതിരുന്നാല്‍ ലോകം നമ്മെ പരിഹസിക്കും. രാജാവിന്റെ കാലത്തു തുടങ്ങിയ ഖനനമാണ് അവിടത്തേത്. ഇപ്പോള്‍ രണ്ടു പൊതുമേഖലാ സ്ഥാപനങ്ങളാണ് ഖനനം നടത്തുന്നത്. ഈ കമ്പനികള്‍ പൂട്ടണമെന്നാണോ സമരക്കാര്‍ പറയുന്നതെന്ന് ജയരാജന്‍ ചോദിച്ചു.
ആലപ്പാട് ഇല്ലാതായെന്ന് വാര്‍ത്ത കണ്ടിട്ടാണ് താന്‍ അവിടത്തെ സ്ഥിതി അന്വേഷിച്ചത്. അങ്ങനെയാണ് സമരത്തെക്കുറിച്ച് അറിഞ്ഞത്. എന്തിനാണ് സമരം നടത്തുന്നതെന്ന് അതു നടത്തുന്നവര്‍ക്കു പോലും അറിയില്ല. ആലപ്പാട് ഇല്ലാതാവുന്നുവെന്നാണ് ആദ്യം പറഞ്ഞത്. പിന്നെ പരിസ്ഥിതി പ്രശ്‌നമാണ്. ഖനനത്തിലൂടെയുണ്ടായ കുഴികള്‍ അടയ്ക്കണമെന്നാണ് മറ്റൊരു വാദം. ആലപ്പാട്ടെ പ്രശ്‌നത്തെക്കുറിച്ച് താന്‍ മന്ത്രിയായ ശേഷം ഒരു പരാതി പോലും ലഭിച്ചിട്ടില്ലെന്ന് ജയരാജന്‍ പറഞ്ഞു.
സമരം നടത്തുന്നവരില്‍ ആലപ്പാട്ടുകാര്‍ ഇല്ലെന്ന നിലപാട് ജയരാജന്‍ ആവര്‍ത്തിച്ചു. മലപ്പുറത്തുകാരാണ് സമരം നടത്തുന്നതെന്നു പറഞ്ഞത് ഒരു പ്രയോഗം മാത്രമാണ്. അന്നു ചര്‍ച്ചയില്‍ പങ്കെടുത്തതു മലപ്പുറംകാരനാണ്. കടല്‍ ഇല്ലാത്ത മലപ്പുറത്തുനിന്നു നിന്നു വന്നാണ് ആലപ്പാട്ടെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതെന്ന് ജയരാജന്‍ കുറ്റപ്പെടുത്തി.
ആലപ്പാട്ടെ ഖനന പ്രശ്‌നത്തില്‍ ഇടതു മുന്നണിയില്‍ ഭിന്നതയില്ല. സിപിഐ വ്യത്യസ്ത അഭിപ്രായം പറഞ്ഞത് അവരോടു ചോദിക്കണം. ജനങ്ങള്‍ക്കൊപ്പമാണ് എന്ന നിലപാട് എല്ലാ രാഷ്ട്രീയ പാര്‍ട്ടിയും സ്വീകരിക്കുന്നതാണ്. അല്ലാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ഏതാണെന്ന് ജയരാജന്‍ ചോദിച്ചു.
മന്ത്രി മാപ്പു പറയണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം ചൂണ്ടിക്കാട്ടിയപ്പോള്‍ എവിടെ പോയാലും പ്രതിപക്ഷ നേതാവ് ആദ്യം പറയുന്ന കാര്യമാണ് ഇതെന്ന് ജയരാജന്‍ പറഞ്ഞു.