'ആരു പറഞ്ഞു മരിച്ചെന്ന് ധീരസഖാവ് മരിച്ചെന്ന്, ഞങ്ങടെ നെഞ്ചിലിരിപ്പില്ലെ...'; വികാര നിര്‍ഭരമായി അഭിമന്യുവിന്റെ വീടിന്റെ താക്കോല്‍ദാന ചടങ്ങ്: ഭയന്ന് മാറി നില്‍ക്കും എന്നത് വ്യാമോഹമെന്ന് മുഖ്യമന്ത്രി

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തിന് സിപിഎം വച്ചു നല്‍കിയ വീടിന്റെ താക്കോല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി.
'ആരു പറഞ്ഞു മരിച്ചെന്ന് ധീരസഖാവ് മരിച്ചെന്ന്, ഞങ്ങടെ നെഞ്ചിലിരിപ്പില്ലെ...'; വികാര നിര്‍ഭരമായി അഭിമന്യുവിന്റെ വീടിന്റെ താക്കോല്‍ദാന ചടങ്ങ്: ഭയന്ന് മാറി നില്‍ക്കും എന്നത് വ്യാമോഹമെന്ന് മുഖ്യമന്ത്രി

റണാകുളം മഹാരാജാസ് കോളജില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തിന് സിപിഎം വച്ചു നല്‍കിയ വീടിന്റെ താക്കോല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി.

'ആരുപറഞ്ഞു മരിച്ചെന്ന് ധീര സഖാവ് മരിച്ചെന്ന് ഞങ്ങടെ നെഞ്ചിലിരിപ്പില്ലെ...'എന്ന മുദ്രവാക്യം അലയുയര്‍ന്ന വേദിയില്‍ അഭിമന്യുവിന്റെ അച്ഛനും അമ്മയും വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങി. ദു:ഖം താങ്ങാനാകാതെ വേദിയില്‍ പൊട്ടിക്കരഞ്ഞ അഭിമന്യുവിന്റെ അമ്മയെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു.
കൊട്ടക്കാമ്പൂരില്‍ ചേര്‍ന്ന പൊതുസമ്മേളനത്തിലാണ് താക്കോല്‍ കൈമറിയത്. ആയിരങ്ങളാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നത്.

2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയാണ് മഹാരാജാസ് കോളജ് രണ്ടാംവര്‍ഷ രസതന്ത്ര ബിരുദ വിദ്യാര്‍ഥിയായിരുന്ന അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്. അഭിമന്യുവിന്റെ സ്വപനമായിരുന്ന വീടും സഹോദരിയുടെ കല്യാണവും സിപിഎം പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. സംസ്ഥാനംൊട്ടാകെ നടന്ന പിരിവില്‍ ആകെ 72,12,548 രൂപയാണ് സമാഹരിച്ചത്. ബാങ്ക് പലിശയിനത്തില്‍ 53,609 രൂപയും ലഭിച്ചു. വീടിനും സ്ഥലത്തിനുമായി 38,90,750 രൂപ ചെലവായി. സഹോദരിയുടെ വിവാഹത്തിന് 10,00,100 രൂപയും മാതാപിതാക്കളുടെ ജീവിതത്തിനായി സ്ഥിര നിക്ഷേപമായി 23,75,307 രൂപയും ബാങ്കില്‍ നിക്ഷേപിച്ചു. 


അഭിമന്യുവിന്റെ വീടിന്റെ താക്കോല്‍ കൈമാറിയതിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിന്റെ പൂര്‍ണരൂപം: 

വിദ്യാര്‍ഥി സമൂഹത്തിന്റെ മനസിലും കേരള മനസാക്ഷിയിലും എക്കാലവും നിറഞ്ഞുനില്‍ക്കുന്ന വിപ്ലവകാരിയാണ് അഭിമന്യു. അഭിമന്യുവിന്റെ കുടുംബത്തിന് എല്ലാ ഘട്ടത്തിലും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സംരക്ഷണവും പിന്തുണയും ഉണ്ടാകും. അഭിമന്യുവിന്റെ കുടുംബത്തിനായി സിപിഐ എം നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ കൈമാറി.

കൊലയാളികള്‍ക്കു വേണ്ടത് നാം ഭയന്നുവിറങ്ങലിച്ച് മാറി നില്‍ക്കലാണ്. അതിലൂടെ അവര്‍ക്കു കടന്നുവരാമെന്നാണ് വ്യാമോഹം. എന്നാല്‍ ഒരിടത്തും ഇത്തരം കൊലയാളികള്‍ക്ക് അതിനു നാം അവസരം നല്‍കിയിട്ടില്ല. വേദന കടിച്ചമര്‍ത്തിക്കൊണ്ടു തന്നെ അതിശക്തമായ പ്രതിരോധം എല്ലായിടങ്ങളിലും ഉയര്‍ന്നുവന്നിരുന്നു എന്നു നാം ഓര്‍ക്കണം.

അഭിമന്യുവിന്റെ ഓര്‍മ്മ പല രീതിയിലാണ് നിലനില്‍ക്കാന്‍ പോകുന്നത്. വട്ടവടയില്‍ അഭിമന്യു സ്മാരക വായനശാലയും എറണാകുളത്ത് നല്ല രീതിയിലുള്ള സ്മാരകവും വരാന്‍ പോകുന്നു. ഇതിനെല്ലാം അപ്പുറം വരുംകാലങ്ങളിലും വിദ്യാര്‍ഥി സമൂഹത്തിന്റെ മനസിലും കേരള മനസാക്ഷിയിലും നിറഞ്ഞുനില്‍ക്കുന്ന വിപ്ലവകാരിയാണ് അഭിമന്യു.

യാദൃശ്ചികമായ ഒരു കൊലപാതകമായിരുന്നില്ല അഭിമന്യുവിന്റേത്. കൃത്യമായ ആസൂത്രണം അതിനുപിന്നിലുണ്ടായിരുന്നു. ക്യാമ്പസുകളില്‍ നിറഞ്ഞു നില്‍ക്കുന്ന സംഘടനയാണ് എസ്എഫ്‌ഐ. എന്നാല്‍ കേരളത്തിലെ ക്യാമ്പസുകളില്‍ അത്രയൊന്നും സ്വാധീനമില്ലാത്ത കൂട്ടരാണ് കൊലപാതക്കതിലൂടെ തങ്ങള്‍ക്ക് സ്വാധീനം വര്‍ധിപ്പിക്കാനാകുമോ എന്ന് നോക്കുന്നത്. എന്തിനെയും വര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ കാണുക, എന്തിനെയും വര്‍ഗീയവല്‍ക്കരിക്കുക എന്നതാണ് അവരുടെ രീതി. വിദ്യാര്‍ഥി സംഘടന എന്ന പേരുണ്ടെങ്കിലും അഭിമന്യുവിനെ കൊലചെയ്യാന്‍ പുറത്തുനിന്നുള്ള ക്രിമിനലുകളുടെയടക്കം സഹായം ലഭിച്ചിരുന്നു. എസ്എഫ്‌ഐയെ ക്ഷീണിപ്പിക്കണം എന്ന ലക്ഷ്യത്തോടെയാണ് അഭിമന്യുവിനെ കൊലചെയ്തത്. എസ്എഫ്‌ഐയുടെ കരുത്ത് തങ്ങളുടെ വളര്‍ച്ചയ്ക്ക് തടസമാണ് എന്ന് തിരിച്ചറിയുന്നതുകൊണ്ടാണിത്. അഭിമന്യു എന്ന ചെറുപ്പക്കാരനെ അവര്‍ ലക്ഷ്യമിട്ടത് ഇടതുപക്ഷത്തെ വിദ്യാര്‍ഥി സംഘടനയുടെ പ്രധാന പ്രവര്‍ത്തകനായതുകൊണ്ടാണ്. അതുകൊണ്ടു തന്നെ അഭിമന്യുവിന്റെ കുടുംബത്തിന് എല്ലാ ഘട്ടത്തിലും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സംരക്ഷണവും പിന്തുണയും ഉണ്ടാകും.

അഭിമന്യു എന്ന കുട്ടിയെ കോളേജ് അങ്കണത്തില്‍വെച്ച് കൊലപ്പെടുത്തി എന്ന വാര്‍ത്ത കേട്ടപ്പോള്‍ നമ്മുടെ നാടാകെ ഒരേ രീതിയില്‍ അതിനെതിരെ പ്രതിഷേധിച്ചു. വര്‍ഗീയ ശക്തികളെ അകറ്റി നിര്‍ത്തണമെന്ന അഭിപ്രായമുയര്‍ന്നു. ഇടതുപക്ഷക്കാര്‍ മാത്രമല്ല, ഇടതുപക്ഷ വിരുദ്ധരായവര്‍ പോലും ആ കൊലപാതകം അതിക്രൂരമായി എന്ന് പറയാനിടയായി. അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാനുള്ള പ്രവര്‍ത്തനവും അഭിമന്യുവിന്റെ സ്മരണ നിലനിര്‍ത്താനുള്ള പ്രവര്‍ത്തനവുമെല്ലാം സ്വയമേവ പൊട്ടിപ്പുറപ്പെട്ടു. പാര്‍ടിയുടെ ഇടുക്കി, എറണാകുളം ജില്ലാ കമ്മിറ്റികള്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. മഹാരാജാസിലെ മുന്‍ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരും ഇത്തരം കാര്യങ്ങളില്‍ പങ്കുവഹിച്ചു. അഭിമന്യുവിന്റെ സംഘടനയായ എസ്എഫ്‌ഐ നേതൃത്വം കൊടുത്ത പ്രവര്‍ത്തനത്തില്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും സഹായഹസ്‌വുമായെത്തിയവരെയും ഈ ഘട്ടത്തില്‍ ഓര്‍ക്കണം. നമ്മുടെ നാട്ടില്‍ ഇടതുപക്ഷത്തെ ഇല്ലാതാക്കാനുള്ള ഒട്ടേറെ നീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഇത്തരം ഇടപെടലുകളെന്നും നാം പ്രത്യേകം ഓര്‍ക്കണം. അഭിമന്യുവിന്റെ നഷ്ടം നികത്താനാകാത്തതാണ്. ആ ഓര്‍മ്മ എക്കാലവും നിലനില്‍ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com