ആലപ്പാട് ഖനന വിരുദ്ധ സമരം 75-ാം ദിവസത്തിലേക്ക് ; കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് പ്രദേശം സന്ദര്‍ശിക്കും

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വി എം സുധീരന്‍ തുടങ്ങിയവരാണ് ആലപ്പാട് എത്തുന്നത്
ആലപ്പാട് ഖനന വിരുദ്ധ സമരം 75-ാം ദിവസത്തിലേക്ക് ; കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് പ്രദേശം സന്ദര്‍ശിക്കും

കൊല്ലം: വിവാദമായ ആലപ്പാട് കരിമണല്‍ ഖനനപ്രദേശം ഇന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വി എം സുധീരന്‍ തുടങ്ങിയവരാണ് ആലപ്പാട് എത്തുന്നത്. ഖനനം നിര്‍ത്തിവച്ച് സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. 

കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാട് നടക്കുന്ന ജനകീയ സമരങ്ങളെ പരിഹസിച്ച മന്ത്രി ഇ പി ജയരാജനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ രംഗത്തെത്തിയിരുന്നു. മന്ത്രി സമരത്തെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാരം കാണുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. 

ഖനന വിരുദ്ധ സമരത്തില്‍ ന്യായമുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു. സമരക്കാര്‍ പറയുന്നത് അപ്പാടെ തള്ളിക്കളയാന്‍ പറ്റില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ ഖനനം നിര്‍ത്തി വയ്ക്കില്ലെന്നാണ് വ്യവസായമന്ത്രിയുടെ നിലപാട്. 

ഖനനം നിര്‍ത്തി ചര്‍ച്ചയില്ലെന്നും അവിടെ വിവാദത്തിനും സമരത്തിനുമുള്ള ഒരു സാഹചര്യവുമില്ലെന്നും മന്ത്രി ഇ പി ജയരാജന്‍ വ്യക്തമാക്കി. ഒരുകൊടിയും രണ്ടാളുമുണ്ടെങ്കില്‍ ഇവിടെ സമരം നടത്താം. ആലപ്പാട് ഖനനം നിര്‍ത്തിയാല്‍ പിന്നെ തുടങ്ങാനാകില്ല. തീരം സംരക്ഷിക്കാന്‍ കടല്‍ഭിത്തിയുണ്ട്. ഖനനം പ്രശ്‌നമുണ്ടാക്കിയാല്‍ അത് പരിഹരിക്കും. ജനങ്ങളുടെ സഹകരണത്തോടെയാണ് ഖനനമെന്നും മന്ത്രി പറഞ്ഞു. 

എന്നാല്‍ സമരത്തിന് അനുകൂല നിലപാടാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും കരുനാഗപ്പള്ളി എംഎല്‍എ എം രാമചന്ദ്രനും എടുത്തത്. സര്‍ക്കാര്‍ നിലപാട് തള്ളി സി പി ഐയും രംഗത്തെത്തിയിട്ടുണ്ട്. ആലപ്പാട് വിഷയം സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് ന്യായമായ പരിഹാരം കാണണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. ഖനനം നിര്‍ത്തിവയ്ക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് സമരസമിതിയും വ്യക്തമാക്കിയിട്ടുണ്ട്. സമരം ഇന്ന് 75-ാം ദിവസത്തിലേക്ക് കടക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com