ശബരിമലയിൽ മകരവിളക്ക് ഇന്ന് ; കനത്ത സുരക്ഷ

ഭക്തജനത്തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്
ശബരിമലയിൽ മകരവിളക്ക് ഇന്ന് ; കനത്ത സുരക്ഷ

പത്തനംതിട്ട : ശബരിമലയില്‍ മകരവിളക്ക് ഇന്ന്. മകര ജ്യോതി ദർശിക്കാനായി നിരവധി ഭക്തരാണ് എട്ടിയിട്ടുള്ളത്. മകരവിളക്ക് പ്രമാണിച്ച് പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. തീര്‍ത്ഥാടന പാതകളില്‍ കൂടുതല്‍ നിരീക്ഷണക്യാമറകള്‍ സ്ഥാപിച്ചു. പത്തനംതിട്ട വടശ്ശേരിക്കര, നിലയ്ക്കല്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നും വാഹനങ്ങള്‍ എത്തുന്നതും പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് വരുന്നവരേയും നിരീക്ഷിക്കാന്‍ മുന്തിയ ഇനം ക്യാമറകളാണ് സജ്ജമാക്കിയിരിക്കുന്നത്.

ഭക്തജനത്തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. 13 ഡിവൈഎസ്പിമാര്‍, 33 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, 115 സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 1400 സിവില്‍ പോലീസ് എന്നിങ്ങനെയാണ് പോലീസ് സേനാവിഭാഗം. ഇതിനുപുറമേ 180 ആര്‍എഎഫ്, 40 എന്‍ഡിആര്‍എഫ്, 30 ഐആര്‍ ബറ്റാലിയന്‍, കര്‍ണാടക പോലീസ്, ആന്ധ്രാ പോലീസ്, 13 കമാന്‍ഡോകള്‍, വയര്‍ലെസ് വിഭാഗം തുടങ്ങി 2000ല്‍പ്പരം സേനാംഗങ്ങളാണ് ശബരിമലയില്‍ സുരക്ഷ ഒരുക്കുന്നത്. 

മകരജ്യോതി ദര്‍ശനത്തിനായി തീര്‍ത്ഥാടകര്‍ തടിച്ചു കൂടുന്ന സ്ഥലങ്ങളില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി പരിശോധന നടത്തി. തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. ചന്ദ്രാനന്ദന്‍ റോഡ് ബ്ലോക്ക് ചെയ്ത് നിര്‍ത്തിയും ക്യൂ കോംപ്ലക്‌സുകള്‍ ക്രമീകരിച്ചും പതിനെട്ടാംപടിവഴി കയറുന്നതിന്റെ വേഗം കൂട്ടിയും വെര്‍ച്ചല്‍ക്യൂ ജനറല്‍ ക്യൂ ആക്കിയും, വടക്കേനടവഴി കൂടുതല്‍ ഭക്തരെ ക്രമീകരിച്ചും ഭക്തരുടെ ഒഴുക്കിനെ നിയന്ത്രിക്കും. ഇരുന്നൂറോളം പേരടങ്ങുന്ന സംഘമാവുമ്പോള്‍ അവരെ ക്യൂ കോംപ്ലക്‌സാക്കി വിശ്രമിക്കാന്‍ അവസരം നല്‍കും.

തുടര്‍ന്ന് വെള്ളം, ബിസ്‌ക്കറ്റ് എന്നിവയും നല്‍കും. ശരംകുത്തിക്കും മരക്കൂട്ടത്തിനും ഇടയില്‍ ഇത്തരത്തില്‍ തിരക്ക് നിയന്ത്രിച്ച് നിര്‍ത്താനാകും. നല്ല തിരക്കുള്ള സമയം പമ്പയില്‍നിന്നും ഭക്തരുടെ പ്രവേശനം നിയന്ത്രിക്കും. പുല്ലുമേട് വഴി വരുന്നവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും. പാണ്ടിത്താവളത്ത് നിന്ന് ഘട്ടം ഘട്ടമായി നിയന്ത്രിക്കും.

മകര വിളക്കിന് മുന്നോടിയായുള്ള പൂജാകര്‍മ്മങ്ങള്‍ സന്നിധാനത്ത് നടന്നു.  മകരസംക്രമപൂജക്കും തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനക്കും സന്നിധാനത്തെ ഒരുക്കുന്നതിനുള്ള ശുദ്ധിക്രീയകളാണ് നടന്നത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ നേതൃത്വത്തിലായികരുന്നു പൂജകള്‍. കഴിഞ്ഞദിവസം പ്രാസാദശുദ്ധി നടന്നു.

തിരുവാഭരണ ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും. ഘോഷയാത്ര ഇന്ന് ഉച്ചയോടെ പമ്പയ്ക്കടുത്ത് ചെറിയാനവട്ടത്ത് എത്തും. തിരുവാഭരണ ഘോഷയാത്രയെ പൊലീസ്, റവന്യൂ, ഫോറസ്റ്റ് ഉദ്യോഗസ്ഥരും അനുഗമിക്കും. ഘോഷയാത്ര ഇന്ന് വൈകിട്ട് അഞ്ചര മണിയോടെ ശരംകുത്തിയിൽ എത്തിച്ചേരും. ദേവസ്വം അധികൃതർ ശരംകുത്തിയിൽ തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കും. തുടർന്ന് അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും. ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പലമേട്ടിൽ മകരവിളക് തെളിയിക്കും. 7.52നാണ് മകര സംക്രമ പൂജ. സന്നിധാനത്ത് എട്ട് കേന്ദ്രങ്ങളിൽ മകരജ്യോതി ദര്‍ശനത്തിന് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com