കേരളത്തില്‍ ഒന്നും നടക്കുന്നില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ സ്‌നേഹപൂര്‍വമുള്ള കുറ്റപ്പെടുത്തല്‍ ; ഈ സര്‍ക്കാര്‍ അത് തിരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th January 2019 05:19 PM |
Last Updated: 15th January 2019 05:21 PM | A+A A- |
കൊല്ലം: കേരളത്തില്‍ ഒരു വികസനവും നടക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ കുറ്റപ്പെടുത്തലിനെ വികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കിയതിലൂടെ മാറ്റിയെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ് സ്‌നേഹബുദ്ധ്യാ കുറ്റപ്പെടുത്തിയത്. കേരളം ഒറ്റക്കെട്ടായാണ് ഈ അഭിമാനകരമായ നേട്ടം കൈവരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നടക്കില്ലെന്ന് കരുതിയ ഗെയില്‍ പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാകും. പ്രളയം വന്നില്ലെങ്കില്‍ അതിന്റെ ഉദ്ഘാടനം കഴിഞ്ഞേനെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ പാതാ വികസനം, ഇപ്പോള്‍ ബൈ പാസ് ഇതെല്ലാം നാടിന്റെ വികസനത്തിന് ഒഴിച്ചു കൂടാന്‍ ആവാത്തതാണ് എന്നതിനാലാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. യാത്രാക്കുരുക്കില്‍ നിന്ന് മോചനം ഉണ്ടാകണമെങ്കില്‍ റോഡിന്റെ ഇടുക്കം മാറാണം. ഇക്കാര്യത്തില്‍സര്‍ക്കാര്‍ അതീവ ശ്രദ്ധ നല്‍കുന്നുണ്ട്.
ദേശീയ പാതയ്ക്ക് സമാന്തരമായി മലയോര- തീരദേശ റോഡുകള്‍ അതിവേഗം പൂര്‍ത്തിയാക്കും . കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ജലപാത 2020 ല്‍ പൂര്‍ണമാകുമെന്നും സര്‍ക്കാര്‍ അതിനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.