മുഹമ്മദ് നിസാമിന് അമ്മയെ കാണാന്‍ അനുമതി ; മറ്റാരെയും കാണാന്‍ ശ്രമിക്കരുതെന്ന് ഹൈക്കോടതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th January 2019 07:37 PM |
Last Updated: 15th January 2019 07:37 PM | A+A A- |
തിരുവനന്തപുരം : ചന്ദ്രബോസ് കൊലക്കേസ് പ്രതി മുഹമ്മദ് നിസാമിന് അമ്മയെ കാണാന്‍ ഹൈക്കോടതിയുടെ അനുമതി. കര്‍ശനമായ ഉപാധികളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്. മൂന്ന് ദിവസം രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് കൊച്ചിയിലുള്ള അമ്മയോടൊപ്പം ചിലവഴിക്കാന്‍ അനുവാദം നല്‍കിയത്.തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നിസാം ജനുവരി 20 ന് പുറത്തിറങ്ങും. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ വൈകുന്നേരം അഞ്ച് മണിക്ക് ശേഷം എറണാകുളം സബ് ജയിലിലേക്ക് മടങ്ങണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തൃശ്ശൂര്‍ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊന്ന കേസില്‍ജീവപര്യന്തം തടവും 24 വര്‍ഷം ശിക്ഷയുമാണ് കോടതി നിസാമിന് വിധിച്ചിരുന്നത്.
2015 ജനുവരി 29നായിരുന്നു സമൂഹത്തെ ഞെട്ടിച്ച ക്രൂരകൊലപാതകം നടന്നത്. ഫഌറ്റിലെ ഗേറ്റ് തുറക്കാന്‍ വൈകിയതിന് വാഹനമിടിച്ച് പരിക്കേല്‍പ്പിച്ച ശേഷം രക്തംവാര്‍ന്ന് കിടന്ന ചന്ദ്രബോസിനെ ബൂട്ടുപയോഗിച്ച് നെഞ്ചത്ത് ചവിട്ടുകയും ആക്രമിക്കുകയും ചെയ്തു. തടയാനെത്തിയവരെയും നിസാം മര്‍ദ്ദിച്ചിരുന്നു. പൊട്ടിയ വാരിയെല്ലുകള്‍ ആന്തരികാവയവങ്ങളില്‍ തുളഞ്ഞ് കയറിയായിരുന്നു ചന്ദ്രബോസ് മരിച്ചത്. നിഷ്ഠൂരമായ കൊലപാതകമായതിനാല്‍ മുമ്പ് പലതവണ കോടതി ഇയാള്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു.