'ആക്രമണത്തിന് ആഹ്വാനം ചെയ്ത് കോടിയേരി'; ഈ പ്രചരണരീതി ശരിയല്ല; വസ്തുതയുമായി പുലബന്ധമില്ലെന്ന് കോടിയേരി

മലപ്പുറത്ത് താന്‍ നടത്തിയ പ്രസംഗത്തിലെ ചില വരികള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
'ആക്രമണത്തിന് ആഹ്വാനം ചെയ്ത് കോടിയേരി'; ഈ പ്രചരണരീതി ശരിയല്ല; വസ്തുതയുമായി പുലബന്ധമില്ലെന്ന് കോടിയേരി

തിരുവനന്തപുരം: മലപ്പുറത്ത് താന്‍ നടത്തിയ പ്രസംഗത്തിലെ ചില വരികള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 'ആക്രമണത്തിന് ആഹ്വാനം ചെയ്ത് കോടിയേരി'  എന്ന് ചില വാര്‍ത്താ ചാനലുകളില്‍ ഫ്‌ലാഷ് ന്യൂസ് പ്രദര്‍ശിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇത് വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്ന് കോടിയേരി പറഞ്ഞു.

സിപി എം പ്രവര്‍ത്തകര്‍ സമാധാനത്തിന് മുന്‍കൈയ്യെടുക്കണമെന്നും ആക്രമണം പാര്‍ടിയുടെ രീതിയല്ലെന്നുമാണ് ഞാന്‍ നടത്തിയ പ്രസംഗത്തിന്റെ കാതല്‍. ഒരു പ്രസംഗത്തിലെ ഏതെങ്കിലും വരി ഊരിയെടുത്ത് പൊതുവിലുള്ള അര്‍ത്ഥത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന രീതി ശരിയല്ലെന്നും ഇത്തരം ദുഷ്പ്രചരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണമെന്നും കോടിയേരി പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തകരെ ആരെങ്കിലും ഇങ്ങോട്ടേക്ക് ആക്രമിക്കാന്‍ വന്നാല്‍ തിരിച്ചടിക്കാന്‍ ആഹ്വാനം ചെയ്തു എന്നായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇത് വളച്ചൊടിച്ചതാണെന്നാണ് കോടിയേരിയുടെ വിശദീകരണം. അങ്ങോട്ടേക്ക് ആരേയും ആക്രമിക്കാന്‍ പോകേണ്ടെന്നാണ് നമ്മുടെ തീരുമാനം. നമ്മുടെ കണ്ണില്‍ ഒരീച്ച കുത്താന്‍ വന്നാല്‍ നമ്മള്‍ അതിനെ ഓടിക്കും. ഇങ്ങോട്ടേക്ക് വരുന്ന ആളുകളോടും അത് ചെയ്താല്‍ മതിയെന്നായിരുന്നു കോടിയേരിയുടെ വാക്കുകള്‍.

പ്രകോപനമില്ലാതെ മറ്റുപാര്‍ട്ടിക്കാരുടെ ഓഫീസുകള്‍ ആക്രമിക്കരുത്. സമാധാനം സ്ഥാപിക്കാന്‍ എല്ലായിടത്തും സിപിഎം  പ്രവര്‍ത്തകര്‍ മുന്‍പന്തിയില്‍ നില്‍ക്കണം. അത് പാര്‍ട്ടിയുടെ ദൗര്‍ബല്യമല്ല. ശക്തിയുള്ളൊരു പാര്‍ട്ടിക്ക് മാത്രമെ സമാധാനം സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളൂ. 
കേരളത്തില്‍ സമാധാനപരമായ അന്തരീക്ഷം ഉണ്ടാക്കായാല്‍ അതിന്റെ നേട്ടം ഇടതുപക്ഷ സര്‍ക്കാരിനായിരിക്കുമെന്നും കോടിയേരി പറഞ്ഞു. മലപ്പുറത്ത് പാര്‍ട്ടി പൊതുയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com