ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ആരോഗ്യസൗഖ്യത്തിന് വേണ്ടിയും ജഡ്ജിയമ്മാവന്‍ കോവിലില്‍ പ്രാര്‍ത്ഥന

യുവതീപ്രവേശനത്തില്‍ പുനഃപരിശോധന ഹര്‍ജിയില്‍ വിധി അനുകൂലമാകാന്‍ ജഡ്ജിയമ്മാവന്‍ കോവിലില്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ വഴിപാട് നേര്‍ന്നിരുന്നു
ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ആരോഗ്യസൗഖ്യത്തിന് വേണ്ടിയും ജഡ്ജിയമ്മാവന്‍ കോവിലില്‍ പ്രാര്‍ത്ഥന

പത്തനംതിട്ട : സുപ്രിംകോടതി ജഡ്ജി ഇന്ദു മല്‍ഹോത്രയുടെ ആരോഗ്യ സൗഖ്യത്തിന് വേണ്ടിയും ജഡ്ജിയമ്മാവന്‍ കോവിലില്‍ പ്രാര്‍ത്ഥന. ശബരിമലയിലെ ആചാരങ്ങള്‍ അതേപടി സംരക്ഷിക്കണമെന്ന് അഭിപ്രായപ്പെട്ട ജഡ്ജിയാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര. ജഡ്ജിയുടെ ആരോഗ്യസൗഖ്യത്തിനായി ജഡ്ജിയമ്മാവന്‍ കോവിലില്‍ പ്രത്യേകം പ്രാര്‍ത്ഥന നടത്തിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനാണ് അറിയിച്ചത്. 

സുപ്രിംകോടതിയിലെ ഭരണഘടനാബെഞ്ചില്‍ ശബരിമല യുവതീപ്രവേശനത്തിന് എതിരെ നിലപാടെടുത്ത ഏക ജഡ്ജിയാണ് ബെഞ്ചിലെ ഏക വനിതാ അംഗം കൂടിയായ ഇന്ദു മല്‍ഹോത്ര. യുവതീപ്രവേശനത്തിനെതിയാ റിവ്യൂ ഹര്‍ജികള്‍ ഉള്‍പ്പെടെ ഈ മാസം 22 ന് പരിഗണിക്കുമെന്നായിരുന്നു ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നത്. എന്നാല്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയിലായതിനാല്‍ കേസ് 22 ന് പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ഇന്ന് അറിയിക്കുകയായിരുന്നു, 

22 ന് പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നത് തത്സമയം സംപ്രേഷണം ചെയ്യണമെന്ന ഹര്‍ജി അഡ്വ മാത്യു നെടുമ്പാറ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം ഇക്കാര്യം അറിയിച്ചത്. 22 ന് കേസ് പരിഗണിക്കുമെന്ന് നിങ്ങളെങ്ങനെയാണ് ഉറപ്പിച്ചതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. തുടര്‍ന്ന് ആരോഗ്യസംബന്ധമായ കാരണങ്ങളാല്‍ കേസിലെ ഏക വനിതാ ജഡ്ജിയായ ഇന്ദു മല്‍ഹോത്ര മെഡിക്കല്‍ ലീവിലാണെന്നും, അതിനാല്‍ കേസ് ഉടന്‍ കേള്‍ക്കില്ലെന്നും ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു.

ശബരിമല യുവതീപ്രവേശനത്തില്‍ സുപ്രിംകോടതിയിലുളള പുനഃപരിശോധന ഹര്‍ജിയില്‍ വിധി അനുകൂലമാകാന്‍ പൊന്‍കുന്നം ജഡ്ജിയമ്മാവന്‍ കോവിലില്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ വഴിപാട് നേര്‍ന്നിരുന്നു. മകരവിളക്ക് ദിവസം ക്ഷേത്രനടയില്‍ നാരായണീയ പാരായണ യജ്ഞവും വഴിപാടും നടത്തുമെന്നാണ് പ്രയാർ അറിയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com