ജാമ്യ വ്യവസ്ഥയില്‍ ഇളവില്ല; സുരേന്ദ്രന്റെ ഹര്‍ജി തള്ളി 

ജാമ്യ വ്യവസ്ഥയില്‍ ഇളവില്ല; സുരേന്ദ്രന്റെ ഹര്‍ജി തള്ളി 
ജാമ്യ വ്യവസ്ഥയില്‍ ഇളവില്ല; സുരേന്ദ്രന്റെ ഹര്‍ജി തള്ളി 

കൊച്ചി: ശബരിമല ദര്‍ശനത്തിന് അനുമതി തേടി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അനുമതി തേടി സുരേന്ദ്രന് പത്തനംതിട്ട കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി തള്ളിയത്. 

മകര വിളക്ക് ദര്‍ശനത്തിനായി ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയാണ് കെ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. മകരവിളക്കു ദിവസമായ ഇന്നലെ ഹര്‍ജി പരിഗണിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇന്നലെ കോടതി സുരേന്ദ്രന്റെ ഹര്‍ജി പരിഗണിച്ചില്ല. ഇതോടെ സുരേന്ദ്രന് മകരവിളക്കു ദര്‍ശിക്കാനുള്ള അവസരം നഷ്ടമാവുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി സുരേന്ദ്രന് പത്തനംതിട്ട കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കി ഹൈക്കോടതി ഹര്‍ജി തള്ളിയത്. 

ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന, പത്തനംതിട്ട കോടതിയുടെ ജാമ്യ വ്യവസ്ഥ ഇളവുചെയ്യണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.  യാതൊരു കാരണവശാലും ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്നും സുരേന്ദ്രനെ പമ്പയിലും സന്നിധാനത്തും പ്രവേശിക്കാന്‍ അനുവദിക്കരുതെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തത്. 

സന്നിധാനത്ത് സ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അറസ്റ്റിലായ കെ സുരേന്ദ്രന് കര്‍ശന ഉപാധികളോടെയായിരുന്നു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതില്‍ പ്രധാനപ്പെട്ട ഉപാധിയായിരുന്നു പത്തനംതിട്ട ജില്ലയില്‍ കോടതിയുടെ അനുവാദമില്ലാതെ പ്രവേശിക്കരുത് എന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com