പടക്കം പൊട്ടിക്കല്‍, ബാന്‍ഡ് മേളം, റോഡ് ഷോ: അതിരുവിട്ട വിവാഹ റാഗിങ്ങിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്

അതിരു കടക്കുന്ന വിവാഹ റാഗിങിനെതിരെ മുന്നറിയിപ്പുമായി പൊലീസ്.
പടക്കം പൊട്ടിക്കല്‍, ബാന്‍ഡ് മേളം, റോഡ് ഷോ: അതിരുവിട്ട വിവാഹ റാഗിങ്ങിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: അതിരു കടക്കുന്ന വിവാഹ റാഗിങിനെതിരെ മുന്നറിയിപ്പുമായി പൊലീസ്. വിവാഹദിനത്തില്‍ ഓഡിറ്റോറിത്തിലും വധു വരന്റെ വീടുകളിലും നടക്കുന്ന ആഘോഷങ്ങള്‍ ക്രമസമാധന പ്രശ്‌നങ്ങളിലേക്ക് വഴിമാറുന്നുവെന്ന് പൊലീസ്. തമാശയ്ക്ക് വേ്ണ്ടി നടത്തുന്ന പല പാരിപാടികളും കൂട്ടത്തല്ലിലും കണ്ണീരിലുമാണ് അവസാനിക്കുന്നത്.

സൈക്കിള്‍ ചവിട്ടിപ്പിക്കുക, പെട്ടി ഓട്ടോറിക്ഷ പോലെ ഉള്ള ഗുഡ്‌സ് വണ്ടിയിലും, ജെസിബിയിലും കയറ്റുക, പഴയ കാര്യങ്ങള്‍, വട്ടപേരുകള്‍ തുടങ്ങിയവ വെച്ച് ഫ്‌ളക്‌സ് അടിക്കുക, പുതിയ കുട ചൂടി വരുന്ന വധൂവരന്മാരെ കണ്ടം വെച്ച പഴകിയ കുട ചൂടി നടത്തിക്കുക, ചെണ്ടകൊട്ടിയും ഇലത്താളം അടിച്ചും കൂട്ടപാട്ടും പാടി ആനയിക്കുക, വഴിനീളെ പടക്കംപൊട്ടിക്കല് എന്നിങ്ങനെ കൂട്ടുകാരുടെ മനസില്‍ വിരിയുന്ന ആശയങ്ങളൊന്നും വിവാഹവീട്ടില്‍ നടപ്പാക്കാന്‍ പാടില്ലന്നാണ് പൊലീസ് പറയുന്നത്.

നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് വിവാഹ റാഗിങിന് നിയന്ത്രണം വേണമെന്ന മുന്നറിയിപ്പെന്ന് പൊലീസ് വിശദമാക്കുന്നു. മറ്റൊരാളുടെ ദുഖത്തില്‍ സന്തോഷിക്കുന്ന സാഡിസമായി ആഘോഷങ്ങള്‍ മാറുന്നുവെന്നും പൊലീസ് നിരീക്ഷണം. കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അതിരുകടക്കുന്ന വിവാഹ"റാഗിംഗ്" :

കല്യാണ ദിവസം വരനെയും വധുവിനെയും സ്വീകരിക്കുന്ന “ആഘോഷങ്ങളും” "റാഗിംഗു"മെല്ലാം ഇപ്പോൾ ക്രമസമാധാന പ്രശ്നമാകുകയാണ്. ഒത്തുചേരലുകളുടെ സന്തോഷങ്ങളെയെല്ലാം കെടുത്തുന്ന തരത്തിലാണ് ഇന്ന് പല വിവാഹ ആഘോഷങ്ങളും തമാശകളും അരങ്ങേറുന്നത്. പലപ്പോഴും ഈ പ്രവണതകൾ സകലസീമകളും ലംഘിച്ച് ആഭാസങ്ങളും അപകടങ്ങളും ആയി പരിണമിക്കാറുമുണ്ട്. വിവാഹ ആഘോഷത്തിെൻറയും വിരുന്നു സൽക്കാരത്തിെൻറയും മറവിലുള്ള വിക്രിയകൾ സാമൂഹിക പ്രശ്നമാകുന്നു.

കല്യാണ ദിവസം വരനെയും വധുവിനെയും പലതരത്തിൽ അസാധരണമായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുക (കോളേജ് റാഗിംഗ് പോലെ) വാഹനം തടഞ്ഞു നിർത്തി റോഡിൽ നടത്തുക, നടക്കുബോൾ അവരുടെ നല്ല ചെരുപ്പ് വാങ്ങി പഴയ കിറിയ ചെരുപ്പുകൾ നല്കുക, സൈക്കിൾ ചവിട്ടിപ്പിക്കുക, പെട്ടിഓട്ടോറിക്ഷ പോലെ ഉള്ള ഗുഡ്സ് വണ്ടിയിലും, ജെ.സി.ബിയിലും കയറ്റുക, പഴയ കാര്യങ്ങൾ, വട്ടപേരുകൾ തുടങ്ങിയവ വെച്ച് ഫ്ളക്സ് അടിക്കുക, പുതിയ കുട ചൂടി വരുന്ന വധൂവരന്മാരെ കണ്ടം വെച്ച പഴകിയ കുട ചൂടി നടത്തിക്കുക, ചെണ്ടകൊട്ടിയും ഇലത്താളം അടിച്ചും കൂട്ടപാട്ടും പാടി ആനയിക്കുക, വഴിനീളെ പടക്കംപൊട്ടിക്കല് എന്നിങ്ങനെ കൂട്ടുകാരുടെ മനസിൽ വിരിയുന്ന എന്തും ഏതും ചെയ്യാൻ അന്ന് വരനും വധുവും ബാധ്യസ്ഥരാകേണ്ടിവരുന്നു. വരനെ കൂട്ടുകാര് ശവപ്പെട്ടിയില് കൊണ്ടു പോവുന്ന കല്യാണ കാഴ്ചയും, റാഗിങ്ങിൽ ദേഷ്യപ്പെട്ട് സദ്യതട്ടിത്തെറിപ്പിക്കുന്ന വീഡിയോയും അടുത്തിടെ വൈറലായി മാറിയിരുന്നു.

സന്തോഷത്തിന്റെ വിവാഹദിനങ്ങളിൽ ചിലപ്പോളെങ്കിലും ഈ കടന്ന് കയറ്റം വഴി കണ്ണീർ വീഴ്ത്താറുണ്ട്. മദ്യപാനം, പടക്കം പൊട്ടിക്കൽ, ബാൻഡ് മേളം, റോഡ് ഷോ, മറ്റു പരാക്രമങ്ങൾ സുഹൃത്തുക്കൾ തമ്മിലുള്ള കൈയാങ്കളിയിലും വീട്ടുകാരും സമീപവാസികളും മറ്റുമായുള്ള തർക്കങ്ങൾക്കും ഇടവരുത്തുന്നു. ഇത് സംബന്ധിച്ച പരാതികൾ പോലീസ് സ്റ്റേഷനുകളിൽ എത്തുന്നുണ്ട്.

ഒരു തമാശയ്ക്ക് വേണ്ടി ചെയ്യുന്ന ഇത്തരം കളികൾ അതിരുവിട്ട്, മറ്റൊരാളുടെ ദുഃഖത്തിൽ സന്തോഷിക്കുന്ന ഒരുതരം സാഡിസമായി മാറുമ്പോഴാണ് ഈ ‘രസകരമായ ആചാരങ്ങൾ’ സാമൂഹിക വിപത്തായി മാറുന്നത്. കേരളത്തില് എല്ലായിടത്തും ഇപ്പോള് അത് സര്വ്വസാധാരണവുമാണ്. കൂട്ടുകാരെ ഇത്തരത്തിൽ ചെയ്യാൻ പ്രേരിപ്പിക്കുന്നത് വരന്റെ ഇന്നലകളാണ്. കാരണം അയാൾ മുൻപ് കൂട്ടുകാരന്റെ വിവാഹ ദിനത്തിൽ കൊടുത്ത പണിയാണ്..പകരം വീട്ടലാണ് പലപ്പോഴും ഉണ്ടാവുക.

റാഗിംഗ് കാരണം കല്യാണം കൂട്ടത്തല്ലില് അവസാനിക്കുന്നത് മുതല് കല്യാണം മുടങ്ങിപ്പോയ സംഭവങ്ങളുമുണ്ട്. വരന്റെ സുഹൃത്തുകൾ ഒരുക്കിയ തമാശകളിൽ മാനസിക നില പോലും തെറ്റി വിവാഹദിനം തന്നെ വിവാഹ മോചനത്തിൽ എത്തിയ സംഭവമുണ്ടായി. കൂടാതെ രക്ഷിതാക്കൾ അനുഭവിക്കുന്ന മാനസികവേദനയും ഇക്കൂട്ടർ മനസിലാക്കുന്നില്ല. കൂട്ടുകാരുടെ നിലവിട്ട കുസൃതികളിൽ എതിർപ്പ് തോന്നിയാൽ പോലും മൗനം പാലിക്കുന്ന ബന്ധുക്കളും നാട്ടുകാരും ആണ് പൊതുവെ അമിതമായ ഇത്തരം രീതികൾക്ക് കാരണമാവുന്നത്. എന്നും ഓർത്തുവയ്ക്കുവാൻ കൂട്ടുകാർ ഒരുക്കുന്ന ഇത്തരം കലാപരിപാടികൾ പുതുജീവിതം തുടങ്ങുന്നവരുടെ മേൽകരിനിഴൽ വീഴ്ത്തരുത്..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com