പുരോഗമന പരിപാടികളെ തള്ളിപ്പറയരുത്; ആര്‍പ്പോ ആര്‍ത്തവത്തിന് എതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: ജില്ലാ സെക്രട്ടറിയോട് വിശദീകരണം ചോദിച്ച് എഐഎസ്എഫ്

ആര്‍പ്പോ ആര്‍ത്തവം പരിപാടിക്ക് എതിരെ സോഷ്യല്‍ മീഡിയയിലൂടെ പരസ്യമായി രംഗത്ത് വന്ന എറണാകുളം ജില്ലാ സെക്രട്ടറിയോട് വിശദീകരണം തേടിയെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍
പുരോഗമന പരിപാടികളെ തള്ളിപ്പറയരുത്; ആര്‍പ്പോ ആര്‍ത്തവത്തിന് എതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: ജില്ലാ സെക്രട്ടറിയോട് വിശദീകരണം ചോദിച്ച് എഐഎസ്എഫ്

ര്‍പ്പോ ആര്‍ത്തവം പരിപാടിക്ക് എതിരെ സോഷ്യല്‍ മീഡിയയിലൂടെ പരസ്യമായി രംഗത്ത് വന്ന എറണാകുളം ജില്ലാ സെക്രട്ടറിയോട് വിശദീകരണം തേടിയെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍. സിപിഐയുടെ നേതാക്കള്‍ അടക്കം പങ്കെടുത്ത പരിപാടിയെ പരിഹസിച്ച് കഴിഞ്ഞ ദിവസം എഐഎസ്എഫ് ജില്ലാ സെക്രട്ടറി അസ്‌ലഫ് പാറേക്കാടന്‍ രംഗത്ത് വന്നിരുന്നു. തനിക്കല്‍പ്പം പുരോഗമനം കുറവാണ് എന്നവകാശപ്പെട്ടായിരുന്നു അസ്‌ലഫിന്റെ ആര്‍പ്പോ ആര്‍ത്തവം പരിപാടിക്ക് എതിരെയുള്ള പ്രതികരണം. വിവാദമായ പഞ്ച് മോദി ചലഞ്ച് നടത്തി ശ്രദ്ധ നേടിയ ആളാണ് അസ്‌ലഫ് പാറേക്കാടന്‍. 

അസ്‌ലഫിന്റെ പോസ്റ്റ് ഉയര്‍ത്തിക്കാട്ടി സംഘപരിവാര്‍ വ്യാപക പ്രചാരണം നടത്തിയിരുന്നു. ഇതിനെതിരെ ആര്‍പ്പോ ആര്‍ത്തവത്തെ അനുകൂലിക്കുന്നവരും രംഗത്തെത്തി. ഇതോടെയാണ് അസ് ലഫിനോട് വിശദീകരണം ചോദിക്കാന്‍ എഐഎസ്എഫ് തീരുമാനിച്ചത്. 

ഇത് സിപിഐയുടേയും അതിന്റെ വിദ്യാര്‍ത്ഥി സംഘടനയുടേയും നിലപാടല്ല എന്ന് വ്യക്തമാക്കിയാണ് ശുഭേഷ് രംഗത്ത് വന്നിരിക്കുന്നത്. സംഘടനയുടെ പൊതു നിലപാടിന് വിരുദ്ധമായി, പുരോഗമന പരിപാടികളെ ചോദ്യം ചെയ്തതിന് അസ്‌ലഫിനോട് വിശദീകരണം തേടിയെന്ന് ശുഭേഷ് സമകാലിക മലയാളത്തോട് പറഞ്ഞു. എഐഎസ്എഫിന്റെ നിലപാട് വ്യക്തമാക്കാന്‍ എറണാകുളം ഭാഗത്തുള്ള ആരേയും ഏല്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വ്യക്തിപരമായ അഭിപ്രായമാണ് എന്നാണ് അറിയാന്‍ സാധിച്ചത്. ഒരു സംഘടനയുടെ തലപ്പത്ത് ഇരിക്കുന്ന ഒരാള്‍ ജനാധിപത്യപരമായി നടന്ന പുരോഗമന പരിപാടിയെ അപമാനിച്ചത് ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. സംഘടന അത് പരിശോധിച്ച്, ആവശ്യമായ നടപടി സ്വീകരിക്കും-ശുഭേഷ് പറഞ്ഞു. 

ആര്‍പ്പോ ആര്‍ത്തവത്തെ കുറിച്ച് നിലപാട് വ്യക്തമാക്കി എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ്‌

ആര്‍പ്പോ ആര്‍ത്തവം എന്ന പേരില്‍ എറണാകുളത്ത് സംഘടിപ്പിച്ച ക്യാമ്പയിന്‍ തികച്ചും ജനാധിപത്യപരമായ പ്രതിഷേധമാണ് ' സവര്‍ണാധിപത്യ ശക്തികള്‍ ആര്‍ത്തവ ഐത്തത്തിന്റെ പേരില്‍ അഴിഞ്ഞാട്ടം നടത്തുമ്പോഴും ശാസ്ത്രീയ സത്യങ്ങളെ നേരിനെ കൊല്ലുന്ന നുണയിലൂടെ ഇല്ലാതാക്കാന്‍ പരിശ്രമിക്കുമ്പോഴും എല്ലാത്തരം പ്രതിരോധങ്ങളും അനിവാര്യമാണ്. നവോത്ഥാന മൂല്യങ്ങളും പുരോഗമന ചിന്തകളും ആചാരങ്ങളുടെ പേരില്‍ ചവിട്ടിമെതിക്കുന്നവര്‍ക്കെതിരെയാണ് എഐഎസ്എഫ് നിലകൊള്ളുന്നത്.രാജ്യത്തിന്റെ നവതലമുറ തുറക്കുന്ന പോര്‍മുഖങ്ങളാണ് മതനിരപേക്ഷ മൂല്യങ്ങളുടെ ഉള്‍ക്കരുത്ത്.സുപ്രീം കോടതി വിധിക്ക് ശേഷം ശബരിമല ദര്‍ശനം നടത്തിയ കനക ദുര്‍ഗയും ബിന്ദുവും തമിഴ്‌നാട്ടില്‍ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളുടെ മുന്നണി പോരാളി കോവനും സണ്ണി എം കപിക്കാടും ഒക്കെ പങ്കെടുത്ത ആര്‍പ്പോ ആര്‍ത്തവത്തിനു അശ്ലീലത ആരോപിക്കുന്നവരുടെ പുരോഗമന വീക്ഷണത്തിനു കാര്യമായ ശോഷണമുണ്ടാവാം. വിമര്‍ശിക്കാം...വിയോജിക്കാം...ജനാധിപത്യ പോര്‍മുഖങ്ങളെ അധിക്ഷേപിക്കാതിരിക്കുക.

ആര്‍പ്പോ ആര്‍ത്തവത്തിന് എതിരെ അസ്‌ലഫ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com