മുനമ്പം മനുഷ്യക്കടത്തിന് പിന്നില്‍ വന്‍ റാക്കറ്റ് ; ഒരാളില്‍ നിന്നും വാങ്ങുന്നത് ഏഴുലക്ഷം രൂപ ; രണ്ടുപേരെ തിരിച്ചറിഞ്ഞു

മനുഷ്യക്കടത്ത് അന്വേഷിക്കുന്ന കേരള പൊലീസ് സംഘം വിപുലീകരിച്ചിട്ടുണ്ട്
മുനമ്പം മനുഷ്യക്കടത്തിന് പിന്നില്‍ വന്‍ റാക്കറ്റ് ; ഒരാളില്‍ നിന്നും വാങ്ങുന്നത് ഏഴുലക്ഷം രൂപ ; രണ്ടുപേരെ തിരിച്ചറിഞ്ഞു

കൊച്ചി : എറണാകുളം മുനമ്പം വഴിയുള്ള മനുഷ്യക്കടത്തിന് പിന്നില്‍ വന്‍ റാക്കറ്റെന്ന് സൂചന. ഓസ്‌ട്രേലിയയിലെത്തിക്കാന്‍ സംഘം ഒരാളില്‍ നിന്നും ഏഴുലക്ഷം രൂപ വീതമാണെന്ന് ഈടാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി അംബ്ദേ്കര്‍ നഗറില്‍ നിന്നുള്ളവരാണ് മുനമ്പത്തു നിന്നും ഓസ്‌ട്രേലിയയിലേക്ക് തിരിച്ചതെന്നാണ് സൂചന. ഇവിടെ നിന്നും 300 പേര്‍ കടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒട്ടുമിക്കവരും ശ്രീലങ്കന്‍ അഭയാര്‍ത്ഥികളാണെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള പൊലീസ് സംഘം ഡല്‍ഹിയിലെത്തി.

അതിനിടെ മനുഷ്യക്കടത്തിന് പിന്നിലെ രണ്ടുപേരെ പൊലീസ് തിരിച്ചറിഞ്ഞു. ബോട്ടു വാങ്ങിയ ശ്രീകാന്തന്‍, സെല്‍വന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ശ്രീകാന്തന്‍ കുളച്ചല്‍ സ്വദേശിയാണ്. എന്നാല്‍ സെല്‍വന്‍ ഏതു നാട്ടുകാരനാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. തിരുവനന്തപുരം സ്വദേശി അനില്‍കുമാറില്‍ നിന്നാണ് സംഘം ബോട്ട് വാങ്ങിയത്. ഒരു കോടി രണ്ടു ലക്ഷം രൂപയ്ക്കാണ് ബോട്ട് വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. 

ഡിസംബര്‍ 27 ന് വാങ്ങിയ ബോട്ട് ജനുവരി ഏഴിനാണ് രജിസ്റ്റര്‍ ചെയ്യുന്നത്.  ശ്രീകാന്തനും കുടുംബവും ഓസ്‌ട്രേലിയയിലേക്ക് കടന്നതായും സൂചനയുണ്ട്. അതേസമയം കൊച്ചിയില്‍ നിന്നും ഒന്നില്‍ കൂടുതല്‍ ബോട്ടുകള്‍ യാത്ര തിരിച്ചതായും പൊലീസ് സംശയിക്കുന്നുണ്ട്. ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലേക്കാണ് മനുഷ്യക്കടത്ത് സംഘം പോയതെന്നും പൊലീസ് സ്ഥിരീകരിച്ചു. 

മനുഷ്യക്കടത്ത് അന്വേഷിക്കുന്ന കേരള പൊലീസ് സംഘം വിപുലീകരിച്ചിട്ടുണ്ട്. അഡീഷണല്‍ എസ് പി എം ജെ സോജന് അന്വേഷണ ചുമതല നല്‍കി. രണ്ടുദിവസം മുമ്പാണ് മനുഷ്യക്കടത്ത് സംഘം കൊച്ചി തീരത്തുനിന്ന് മല്‍സ്യബന്ധന ബോട്ടില്‍ പുറപ്പെട്ടത്.

കൊച്ചി വഴി മുന്‍പും മനുഷ്യക്കടത്ത് നടത്തിയവര്‍ തന്നെയാണ് ഇപ്പോഴത്തെ രാജ്യാന്തര കുടിയേറ്റ ശ്രമത്തിന് പിന്നിലെന്നും വിവരമുണ്ട്. ഓസ്‌ട്രേലിയയുടെ നിയന്ത്രണത്തിലുളള അനധികൃത കുടിയേറ്റത്തിന്റെ ഇടനാഴിയായ  ക്രിസ്മസ് ദ്വീപിലേക്കാണ് ഇവര്‍ പുറപ്പെട്ടതെന്നാണ് വിവരം. മുനമ്പത്തും കൊടുങ്ങല്ലൂരിലുമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗുകളാണ് മനുഷ്യക്കടത്തിനെപ്പറ്റി സൂചന നല്‍കിയത്. 

സംഘത്തില്‍ ഒരു ഗര്‍ഭിണിയുണ്ടെന്നും ഇവര്‍ ചോറ്റാനിക്കരയിലെ ആശുപത്രിയില്‍ എത്തിയിരുന്നതായും പൊലീസിന് സംശയമുണ്ട്. 42 പേരും മുനമ്പത്തുനിന്നല്ല ബോട്ടില്‍ കയറിയതെന്നാണ് കരുതുന്നത്. പ്രദേശവാസികള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ സമീപത്തെ വിവിധ തീരങ്ങളിലേക്ക് ബോട്ട് അടുപ്പിക്കുകയായിരിക്കാം ചെയ്തതെന്നും പൊലീസ് വിലയിരുത്തുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com