റോസ ലക്‌സംബര്‍ഗിന്റെ ജീവിതം, ദര്‍ശനം: സിപി ജോണിന്റെ പുസ്തകം പ്രകാശനം ഇന്ന്

റോസ ലക്‌സംബര്‍ഗിന്റെ ജീവിതം, ദര്‍ശനം: സിപി ജോണിന്റെ പുസ്തകം പ്രകാശനം ഇന്ന്
റോസ ലക്‌സംബര്‍ഗിന്റെ ജീവിതം, ദര്‍ശനം: സിപി ജോണിന്റെ പുസ്തകം പ്രകാശനം ഇന്ന്

കൊച്ചി: കമ്യൂണിസ്റ്റ് ചിന്തക റോസാ ലക്‌സംബര്‍ഗിന്റെ ജീവിതത്തെയും ദര്‍ശനത്തെയും അടിസ്ഥാനമാക്കി സിഎംപി നേതാവ് സിപി ജോണ്‍ രചിച്ച പുസ്തകത്തിന്റെ പ്രകാശനം ഇന്നു നടക്കും. റോസാ ലക്‌സംബര്‍ഗിന്റെ രക്തസാക്ഷിത്വത്തിന്റെ ശതാബ്ദി ദിനാചരണ വേളയിലാണ് പുസ്തകം പുറത്തിറക്കുന്നത്.

പോളണ്ടില്‍ ജനിച്ച് ജര്‍മനിയില്‍ പ്രവര്‍ത്തിച്ച്, കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്കു വേണ്ടി പോരാടി നാല്‍പ്പത്തിയെട്ടാം വയസില്‍ രക്തസാക്ഷിയായ റോസയുടെ ജീവിത കഥ രണ്ടു ഭാഗങ്ങളാണ് 138 പേജുള്ള ചെറു പുസ്തകത്തില്‍ സിപി ജോണ്‍ അവതരിപ്പിക്കുന്നത്. റോസയുടെ ജീവിത കഥ പറയുന്ന ഒന്നാം ഭാഗവും മാര്‍ക്‌സിനെ വിശകലനം ചെയ്യുന്ന റോസയെ അവതരിപ്പിക്കുന്ന രണ്ടാം ഭാഗവും. 

കേവലം ജീവചരിത്രം എന്നതിനപ്പുറം റോസയുടെ 'മൂലധനത്തിന്റെ അതിസമ്പാദനം' എന്ന കൃതിയുടെ വിശകലനത്തിനായാണ് പുസ്തകത്തില്‍ കൂടുതലും ശ്രമിച്ചിട്ടുള്ളത്. രചനയില്‍ സ്വീകരിച്ച ഈ സമീപനത്തെക്കുറിച്ച് സിപി ജോണ്‍ പറയുന്നത് ഇങ്ങനെ: ''റോസയെക്കുറിച്ച് മലയാളത്തില്‍ വന്നിട്ടുള്ള പുസ്തകങ്ങളും കുറിപ്പുകളും പരിശോധിച്ചപ്പോഴാണ് ജീവചരിത്രക്കുറിപ്പു മാത്രം പോരാ എന്നു തോന്നിയത്. നാല്‍പ്പത്തിയെട്ടാം വയസില്‍ രക്തസാക്ഷിയായ റോസ അധികാരസ്ഥാനങ്ങളിലൊന്നും ഇരുന്നിട്ടില്ല. സ്ത്രീ എന്ന നിലയില്‍ വോട്ടവകാശത്തിനു പോലും സമരം ചെയ്യേണ്ട കാലമായിരുന്നു അത്. എന്നാല്‍ റോസയുടെ തൂലിക അധികാരസ്ഥാനങ്ങളെ മാത്രമല്ല, ആധികാരികമെന്നു കരുതുന്ന മഹദ് കൃതികളെപ്പോലും കീറിമുറിച്ച് മുളകുതേയ്ക്കാന്‍ കെല്‍പ്പുള്ളതായിരുന്നു. അതുകൊണ്ടുതന്നെ മൂലധനത്തിന്റെ അതിസമ്പാദനം എ്ന്ന ഗ്രന്ഥത്തെ പരിചയപ്പെടുത്തുന്ന ഒരു ഭാഗം കൂടി എഴുതണമെന്നു തീരുമാനിച്ചു. ഇതിനു വേണ്ടിയാണ് കൂടുതല്‍ സമയം ചെലവഴിച്ചതും.'

തെരുവില്‍നിന്നു പൊരുതുന്ന ധൈഷണിക നേതൃത്വത്തിന്റെ ഉദാഹരണം എന്നാണ് പുസ്തകത്തില്‍ റോസ ലക്‌സംബര്‍ഗിനെ വിശേഷിപ്പിക്കുന്നത്. തെരുവിന്റെ പാഠശാലകളില്‍ പൊരുതി നേതൃത്വം നല്‍കുകയും ധൈഷണിക പ്രതിഭ എന്ന നിലയില്‍ അന്നത്തെയും എന്നത്തെയും പുരോഗമന പ്രസ്ഥാനത്തിന് വഴിവിളക്കാവുകയും ചെയ്ത സ്ത്രീരത്‌നമായിരുന്നു റോസ എന്ന് സിപി ജോണ്‍ വിലയിരുത്തുന്നു. 

സിഎംപിയുടെ പത്താം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. എറണാകുളം പ്രസ് ക്ലബില്‍ വൈകിട്ടു നാലിനു നടക്കുന്ന ചടങ്ങില്‍ പ്രൊഫ. എംകെ സാനുവും എന്‍എസ് മാധവനും ചേര്‍ന്ന് പുസ്തകം പ്രകാശനം ചെയ്യും. പി രാജേഷ്, അഡ്വ. ബിഎസ് സ്വാതികുമാര്‍, ഷഹനാസ് എംഎ, സിപി ജോണ്‍ എന്നിവര്‍ പങ്കെടുക്കും. 

ഒലിവ് പബ്ലിക്കേഷനാണ് പുസ്തകത്തിന്റെ പ്രസാധകര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com