ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം വിട്ടുനല്‍കില്ല;  72 ലക്ഷം അടയ്ക്കണമെന്ന് അപ്പോളോ ആശുപത്രി; മുഖ്യമന്ത്രി ഉറപ്പുനല്‍കണം

പ്രശ്‌നം പരിഹരിക്കുന്നതിന് നോര്‍ക്ക ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തുകയാണ്
ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം വിട്ടുനല്‍കില്ല;  72 ലക്ഷം അടയ്ക്കണമെന്ന് അപ്പോളോ ആശുപത്രി; മുഖ്യമന്ത്രി ഉറപ്പുനല്‍കണം


ചെന്നൈ:  പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം. ചികിത്സാചെലവ് മുഴുവനായി അടയ്ക്കണമെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ നിലപാട് എടുത്തതാണ് ആശയക്കുഴപ്പത്തിന് കാരണം. 72 ലക്ഷം രൂപ ചികിത്സാ ചെലവിനത്തില്‍ നല്‍കിയാല്‍ മാത്രമെ മൃതദേഹം വിട്ടുനല്‍കാനാവൂ എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനെ
വിവരം അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി ഉറപ്പുനല്‍കിയാല്‍ മൃതദേഹം വിട്ടുനല്‍കുമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. പ്രശ്‌നം പരിഹരിക്കുന്നതിന് നോര്‍ക്ക ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തുകയാണ്. ഇന്ന് രാത്രി ഒന്‍പത് മണിയോടെയാണ് കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചത്.

പി.എ. ബക്കറിന്റെ സഹസംവിധായകനായി സിനിമയിലെത്തിയ ലെനിന്‍  'ഉണര്‍ത്തുപാട്ട്' എന്ന സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായി. 1981 -ല്‍ 'വേനല്‍' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി.ചില്ല് (1982), പ്രേം നസീറിനെ കാണ്മാനില്ല (1983), മീനമാസത്തിലെ സൂര്യന്‍ (1985), സ്വാതി തിരുനാള്‍ (1987), പുരാവൃത്തം (1988), വചനം (1989), ദൈവത്തിന്റെ വികൃതികള്‍ (1992), കുലം (1996), മഴ(2000), അന്യര്‍(2003), രാത്രിമഴ (2007), മകരമഞ്ഞ് (2010), ഇടവപ്പാതി (2016) തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

'ദൈവത്തിന്റെ വികൃതികളും' 'മഴ'യും മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടി. രാത്രിമഴയിലൂടെ 2006ല്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചു. ദേശീയസംസ്ഥാന അവാര്‍ഡ് കമ്മറ്റികളില്‍ ജൂറി അംഗമായിരുന്നു. കെപിഎസിയുടെ രാജാ രവിവര്‍മ്മ ഉള്‍പ്പെടെ നാല് നാടകങ്ങള്‍ സംവിധാനം ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com