ശബരിമല കേസ് വൈകും; പുനപ്പരിശോധനാ ഹര്‍ജികള്‍ 22ന് പരിഗണിക്കില്ല

കേസ് പരിഗണിച്ച ഭരണഘടനാ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയിയായതിനാലാണ് കേസ് മാറ്റുന്നത്
ശബരിമല കേസ് വൈകും; പുനപ്പരിശോധനാ ഹര്‍ജികള്‍ 22ന് പരിഗണിക്കില്ല

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രിം കോടതി പരിഗണിക്കുന്നതു വൈകും. നേരത്തെ നിശ്ചയിച്ച ജനുവരി 22ന് പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിക്കില്ല. കേസ് പരിഗണിച്ച ഭരണഘടനാ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയായതിനാലാണ് കേസ് മാറ്റുന്നത്. 

പുനപ്പരിശോധനാ ഹര്‍ജികളില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ നേരത്തെ സുപ്രിം കോടതി തീരുമാനിച്ചിരുന്നു. ജനുവരി 22ന് ഹര്‍ജികള്‍ പരിഗണിക്കുമെന്നായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച്, ചേംബറില്‍ ഹര്‍ജികള്‍ പരിശോധിച്ച ശേഷം വ്യക്തമാക്കിയത്. എന്നാല്‍ ബെഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയിലായതിനാല്‍ 22ന് കേസ് കേള്‍ക്കില്ലെന്ന് ഇന്നു ചീഫ് ജസ്റ്റിസ് തന്നെയാണ് വ്യക്തമാക്കിയത്. പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നത് തത്സമയം സംപ്രേഷണം ചെയ്യണമെന്ന ഹര്‍ജി ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം അറിയിച്ചത്. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച ഭൂരിപക്ഷ വിധിയോട് വിയോജിച്ച ജഡ്ജിയാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര.

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ 49 പുനഃപരിശോധന ഹര്‍ജികളാണ് സുപ്രിം കോടതിയുടെ പരിഗണനയിലുള്ളത്. സമീപകാലത്ത് ഒരു കേസില്‍ ഇത്രയധികം പുനപ്പരിശോധനാ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെടുന്നത് ആദ്യമാണ്. 

കേസില്‍ വിധി പറഞ്ഞ ബെഞ്ച് തന്നെ പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നതാണ് സുപ്രിം കോടതിയിലെ കീഴ് വഴക്കം. ശബരിമല കേസില്‍ വിധി പറഞ്ഞ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിമരിച്ചതിനാല്‍ പുതിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ ബെഞ്ചില്‍ ഉള്‍പ്പെടുത്തി. ജസ്റ്റിസുമാരായ രോഹിങ്ടണ്‍ നരിമാന്‍, എഎന്‍ ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരായിരുന്നു ബെ്ഞ്ചിലെ മറ്റു ജഡ്ജിമാര്‍. ഇന്ദു മല്‍ഹോത്രയുടെ വിയോജിപ്പു വിധിയോടെയായിരുന്നു യുവതീപ്രവേശനം അനുവദിച്ച് ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്.

ശബരിമല തന്ത്രി കണ്ഠര് രാജീവര്, പ്രയാര്‍ ഗോപാലകൃഷ്ണന്‍, പി.സി. ജോര്‍ജ് എന്നിവരുള്‍പ്പെടെ കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായി 20 വ്യക്തികള്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് പുറമേ പന്തളം കൊട്ടാരം നിര്‍വാഹക സംഘം, എന്‍എസ്എസ്, കേരള ക്ഷേത്ര സംരക്ഷണ സമിതി, തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് തുടങ്ങിയ 29 സംഘടനകളും ഹര്‍ജി നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com