നോട്ടീസ് തന്നാല്‍ ഇത്ര മണിക്കൂറിനുള്ളില്‍ ചര്‍ച്ച ചെയ്യാമെന്ന് വ്യവസ്ഥയൊന്നുമില്ല; ഹൈക്കോടതി വിമര്‍ശനത്തില്‍ ഗതാഗത മന്ത്രി

കെഎസ്ആര്‍ടിസിയില്‍ പണിമുടക്കിന് ജനുവരി ഒന്നിന് തന്നെ തൊഴിലാളി സംഘടനകള്‍ നോട്ടീസ് നല്‍കിയിട്ടും ചര്‍ച്ച നടത്തിയില്ലെന്ന കോടതി വിമര്‍ശനം അങ്ങനെതന്നെയാണോ എന്ന് പരിശോധിക്കണമെന്ന് ഗതാഗത മന്ത്രി
നോട്ടീസ് തന്നാല്‍ ഇത്ര മണിക്കൂറിനുള്ളില്‍ ചര്‍ച്ച ചെയ്യാമെന്ന് വ്യവസ്ഥയൊന്നുമില്ല; ഹൈക്കോടതി വിമര്‍ശനത്തില്‍ ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പണിമുടക്കിന് ജനുവരി ഒന്നിന് തന്നെ തൊഴിലാളി സംഘടനകള്‍ നോട്ടീസ് നല്‍കിയിട്ടും ചര്‍ച്ച നടത്തിയില്ലെന്ന കോടതി വിമര്‍ശനം അങ്ങനെതന്നെയാണോ എന്ന് പരിശോധിക്കണമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. ഒരു സ്ഥാപനത്തില്‍ സമര നോട്ടീസ് കിട്ടിയാല്‍ ഇത്ര മണിക്കൂറിനുള്ളില്‍ ചര്‍ച്ച നടത്തണമെന്ന് വ്യവസ്ഥയൊന്നുമില്ല. ഉചിതമായ സമയത്തും സന്ദര്‍ഭത്തിലും ബന്ധപ്പെട്ട മാനേജ്‌മെന്റും സര്‍ക്കാരും ചര്‍ച്ചയക്ക് വിളിക്കുക എന്നതാണ് രീതിയെന്ന് മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ഗതാഗത സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപടി എടുത്തില്ലെന്ന തൊഴിലാളി സംഘടനകളുടെ ആരോപണത്തെ കുറിച്ച് ചര്‍ച്ചയില്‍ ആരായും. സിഎംഡിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ പരിശോധിക്കും. കോടതി വിധികളോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് സര്‍ക്കാര്‍ യൂണിയനുകളോട് പറഞ്ഞുകൊടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, പണിമുടക്ക് മാറ്റിവയ്ക്കണമെന്ന ഹൈക്കോടതി ഉത്തരവ് പരിഗണിക്കുന്നില്ലെന്നും സമരവുമായി മുന്നോട്ടുപോകുമെന്നും സംയുക്ത സമരസമിതി വ്യക്തമാക്കി. ആര് ചര്‍ച്ചയ്ക്ക് വിളിച്ചാലും ട്രേഡ് യൂണിയന്‍ പോകും. ധിക്കാരപൂര്‍വമായ നിലപാടാണ് കെഎസ്ആര്‍ടിസി എംഡി തച്ചങ്കരി സ്വീകരിച്ചിരിക്കുന്നത്. ലേബര്‍ കമ്മിഷണറും രണ്ട് മന്ത്രിമാരും ഗതാഗതസെക്രട്ടറിയും നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെ തീരുമാനം നടപ്പിലായില്ല. സര്‍ക്കാരിനെ വിശ്വസിച്ചത് തെറ്റായി. നീതിക്കായി ഇനി എവിടെ പോകണമെന്നും തൊഴിലാളി നേതാക്കള്‍ ചോദിച്ചു. അപകടത്തില്‍ മരിച്ച ജീവനക്കാരുടെ ഇന്‍ഷുറന്‍സ് തുക പോലും ലഭിക്കാത്ത തരത്തില്‍ തൊഴിലാളി വിരുദ്ധ നടപടികളാണ് കെഎസ്ആര്‍ടിസിയില്‍ നടക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

നേരത്തെ, സര്‍ക്കാര്‍ വിളിച്ചു ചേര്‍ക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കോടതി സംഘടനകളോട് നിര്‍ദേശിച്ചിരുന്നു.പണിമുടക്കിന് എതിരെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കെഎസ്ആര്‍ടിസി തൊഴിലാളി സമരം ഒത്തുതീര്‍പ്പാക്കാന്‍ കാര്യക്ഷമമായി ഇടപെടാതിരുന്ന എംഡി ടോമിന്‍ ജെ തച്ചങ്കരിക്ക് എതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. സമരത്തിന് ഒന്നാംതീയതി നോട്ടീസ് കിട്ടിയിട്ടും ഇന്നാണോ ചര്‍ച്ചയ്ക്ക് വിളിച്ചതെന്ന് കോടതി ചോദിച്ചു. പ്രശ്‌ന പരിഹാരത്തിന് എംഡി സ്വീകരിച്ച നിലപാട് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com